കയ്യേറ്റം ചെയ്ത ആളോട് വികാരി ചെയ്തത്; ഇങ്ങനെയും ഉണ്ട് വികാരിയച്ചന്മാര്‍

വികാരിയച്ചനെ കയ്യേറ്റം ചെയ്യുന്ന പല സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇത്തരത്തില്‍ വികാരിയച്ചനെ കയ്യേറ്റം ചെയ്തയാള്‍ക്ക് പള്ളി കമ്മറ്റി വിധിച്ച ശിക്ഷയും പിന്നീട് ഉണ്ടായ സംഭവങ്ങളുമാണ് ചര്‍ച്ചയായത്. ഞായറാഴ്ച പൊതുകുര്‍ബാനയുടെ മധ്യേ മാപ്പുപറയുക എന്നതായിരുന്നു വികാരിയച്ചനെ കയ്യേറ്റം ചെയ്ത ആള്‍ക്ക് വിധിച്ച ശിക്ഷ. പോലീസ് കേസ് പിന്‍വലിക്കണമെങ്കില്‍ ക്ഷമാപണം നടത്തണം എന്ന് ആയിരുന്നു കമ്മിറ്റിയുടെ തീരുമാനം.

കമ്മറ്റി തീരുമാന പ്രകാരം കഴിഞ്ഞ 26ന് ഇയാള്‍ മാപ്പ് പറയാന്‍ തയ്യാറായി പള്ളിയിലെത്തി. ഇത് കണ്ട വികാരി ഫാ. നവീന്‍ ഊക്കന്‍ കുര്‍ബാനയ്ക്ക് ഇടെ അദ്ദേഹത്തെ അള്‍ത്താരയ്ക്ക് അടുത്തേക്ക് വിളിച്ചു.

Loading...

ഇടവക ജനത്തോടായി വികാരി പറഞ്ഞു: പള്ളിക്കമ്മിറ്റിയുടെ തീരുമാനം അനുസരിച്ച് ഇദ്ദേഹം വന്നല്ലോ. അത് അഭിനന്ദനീയം ആണ്. എന്നിട്ട് അച്ചന്‍ ഒരു പാത്രത്തില്‍ വെള്ളമെടുത്ത് അദ്ദേഹത്തിന്റെ സമീപത്തിരുന്ന് ക്രിസ്തു, ശിഷ്യന്മാരുടെ കാല്‍ കഴുകിയതു പോലെ കാല്‍ കഴുകി, കാലില്‍ ചുംബിച്ചു. ‘സഹോദരാ എനിക്ക് അങ്ങയോട് ഒരു ദേഷ്യവുമില്ല…’. മാള തുമ്പരശേരി സെന്റ് മേരീസ് പള്ളിയിലാണ് ഇത്തരത്തില്‍ വൈകാരികമായ സംഭവം ഉണ്ടായത്.

ഇദ്ദേഹം മാപ്പു പറയാന്‍ തയാറായാണു വന്നത്. ഇനി അതു പറയിക്കരുത് എന്നാണ് എന്റെ അഭിപ്രായം. അതിനെ അനുകുലിക്കുന്നെങ്കില്‍ നിങ്ങള്‍ എഴുന്നേറ്റു നിന്നു കയ്യടിക്കുക, അല്ലെങ്കില്‍ മാപ്പു പറയിക്കാനുള്ള തീരുമാനവും ആയി മുന്നോട്ടു പോകാം – ഫാ. നവീന്‍ പറഞ്ഞു. ഇത് കേട്ടതും പള്ളിയില്‍ ഉണ്ടായിരുന്ന ജനം എഴുന്നേറ്റ് നിന്ന് കയ്യടിച്ചു. പ്രായമായവരെ ഫാ. നവീന്‍ ഊക്കന്‍ കഴിഞ്ഞ ദിവസം വിനോദ യാത്രയ്ക്കു കൊണ്ടു പോയിരുന്നു. തിരിച്ചുവരാന്‍ വൈകിയെന്നു പറഞ്ഞാണ് ഇടവകയില്‍ ഒരാള്‍ അച്ചനെ കയ്യേറ്റം ചെയ്തത്.

അതേസമയം മറ്റൊരു സംഭവത്തില്‍ പുത്തന്‍ കാറില്‍ കല്ലെടുത്ത് കുത്തിവരച്ച് നശിപ്പിച്ച് പുരോഹിതന്‍. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട പുത്തന്‍ കാര്‍ കല്ല് കൊണ്ട് വരഞ്ഞ് പുരോഹിതന്‍ വൃത്തികേടാക്കി. പത്തനംതിട്ട മലങ്കര കത്തോലിക്ക സഭയിലെ പുരോഹിതനായ മാത്യുവാണ് കാറില്‍ കല്ല് കൊണ്ട് കുത്തിവരച്ചത്. പയ്യനാമണ്ണിലെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറാണ് ഇയാള്‍ നശിപ്പിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം.

കോന്നി ആനക്കല്ലുക്കല്‍ ഷേര്‍ലി ജോഷ്വായുടെ പുത്തന്‍ കാറിലാണ് മലങ്കര കത്തോലിക്കാ സഭാ പുരോഹിതന്‍ ഫാ മാത്യൂ കുത്തിവരച്ചത്. കാര്‍ നശിപ്പിച്ചതിനെതിരെ ഉടമ പോലീസില്‍ പരാതി നല്‍കി. പയ്യനാമണ്ണിലെ ബന്ധുവീട്ടില്‍ എത്തിയതായിരുന്നു ഷേര്‍ലിയും കുടുംബവും. തിങ്കളാഴ്ച നടക്കുന്ന മകന്‍ ജോജോയുടെ വിവാഹം ആവശ്യത്തിനായിരുന്നു പുതിയ കാര്‍ വാങ്ങിയത്.

പയ്യനാമണ്ണില്‍ റാസയില്‍ പങ്കെടുക്കാനെത്തിയ പുരോഹിതനും ഇവരുടെ ബന്ധുവീട്ടിന്റെ മുറ്റത്ത് കാര്‍ പാര്‍ക്ക് ചെയ്തു. റാസക്ക് ശേഷം വാഹനം എടുക്കാന്‍ ബുദ്ധിമുട്ടിയതില്‍ പ്രകോപിതനായാണ് പുരോഹിതന്‍ കാറില്‍ കുത്തിവരച്ചെന്നാണ് കരുതുന്നത്.

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കാറുടമ പുരോഹിതനെതിരെ കോന്നി പോലീസില്‍ പരാതി നല്‍കി. ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ പരാതി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് സഭ കുടുംബത്തെ സമീപിച്ചു.

നശിപ്പിക്കപ്പെട്ട കാറിന് പകരം അതേ മോഡല്‍ പുതിയ കാര്‍ വാങ്ങി നല്‍കാമെന്നും വിവാഹ ആവശ്യത്തിന് മറ്റൊരു കാര്‍ വിട്ടുനല്‍കാമെന്നും പത്തനംതിട്ട മലങ്കര കത്തോലിക്കാ സഭാ ബിഷപ്പ് ഉറപ്പ് നല്‍കി. നശിപ്പിക്കപ്പെട്ട കാര്‍ സഭക്ക് നല്‍കും. സമൂഹ്യമാധ്യമങ്ങളിലെ ദൃശ്യങ്ങള്‍ മാറ്റണമെന്നും ഇവരോട് ആവശ്യപ്പെട്ടു. പ്രശ്‌നം ഒത്തുതീര്‍പ്പാക്കിയതിനാല്‍ മാധ്യമങ്ങളോട് പ്രതികരിക്കാനില്ലെന്ന് കുടുംബം വ്യക്തമാക്കി.