പൗരോഹിത്യത്തിന്റെ ശക്തി തിരിച്ചറിഞ്ഞവരാണ് സഭയുടെ നാശം ആഗ്രഹിക്കുന്നവര്‍

‘എത്ര സമുന്നതം ഇന്നു പുരോഹിതാ നീ ഭരമേറ്റ വിശിഷ്ഠ സ്ഥാനം…’ പൗരോഹിത്യ സ്വീകരണ വേളയില്‍ ആലപിക്കുന്ന ഹൃദ്യമായ ഒരു ഗാനത്തിന്റെ വരികളാണിവ.

തന്നെത്തന്നെ ശൂന്യനാക്കി ‘ദൈവമേ അവിടു ത്തെ ഇഷ്ടം നിറവേറ്റാന്‍ ഇതാ ഞാന്‍ വന്നിരിക്കുന്നു’ എന്നു പറഞ്ഞുകൊണ്ട് തന്റെ ശരീരം എന്നേക്കുമായി സമര്‍പ്പിച്ച ക്രിസ്തുവിനെ പിന്‍ ചെന്ന്, ‘ഇതാ കര്‍ത്താവിന്റെ ദാസി’ എന്നു പറഞ്ഞ് ക്രിസ്തുവിന് ഭൂമിയില്‍ പിറക്കാന്‍ സ്വയം സമര്‍പ്പിച്ച പരിശുദ്ധ മറിയത്തെപ്പോലെ, തിരുപ്പട്ട സ്വീകരണവേളയില്‍ കമിഴ്ന്നു കിടന്നുകൊണ്ട് വൈദികാര്‍ത്ഥി തന്റെ ജീവിതം മുഴുവന്‍, തന്റെ ഭാവിയും ശരീരവും ക്രിസ്തുവിനും  സഭയ്ക്കും സമര്‍പ്പിക്കുന്നു.

Loading...

മെത്രാന്റെ കൈവയ്പ്പു പ്രാര്‍ത്ഥന വഴി വൈദികന്റെയുള്ളില്‍ ഒരു മായാത്ത മുദ്ര ദൈവം പതിപ്പിക്കുന്നു. CCC 1581 ‘സഭയ്ക്കുവേണ്ടി ക്രിസ്തുവിന്റെ ഉപകരണമായി വര്‍ത്തിക്കേണ്ടതിനു പരിശുദ്ധാത്മാവിന്റെ പ്രത്യേക കൃപാവരത്താല്‍ ഈ കൂദാശ, അതു സ്വീകരിക്കുന്ന വ്യക്തിയെ, ക്രിസ്തുവായി അനുരൂപപ്പെടുത്തുന്നു. സഭയുടെ ശിരസ്സായ ക്രിസ്തുവിന്റെ പ്രതിനിധിയായി പുരോഹിത, രാജകീയ, പ്രവാചക ധര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുവാന്‍  തിരുപ്പട്ടം ഒരുവനെ പ്രാപ്തനാക്കുന്നു.’

ക്രിസ്തുവാണ് പൗരോഹിത്യത്തിന്റെ മുഴുവന്‍ ഉറവിടം. പഴയനിയമത്തിലെ പുരോഹിതന്‍ ക്രിസ്തുവിന്റെ പ്രതിരൂപമായിരുന്നു. പുതിയനിയമത്തിലെ പുരോഹിതന്‍ ക്രിസ്തുവിനെ പ്രധിനിധീകരിച്ച് പ്രവര്‍ത്തിക്കുന്നു. ‘ക്രിസ്തു മാത്രമാണ് യഥാര്‍ത്ഥ പുരോഹിതന്‍, മറ്റുള്ളവര്‍ അവിടത്തെ ശുശ്രൂഷകരാണ്.’ എന്നു വി.തോമസ്സ് അക്വീനാസ് പറയുമ്പോള്‍, ജോണ്‍ മരിയ വിയാനി ഇപ്രകാരം പറയുന്നു, ‘ഭൂമിയില്‍ ക്രിസ്തുവിന്റെ രക്ഷാകര ജോലി തുടരുന്നവരാണ് വൈദികര്‍.’ തന്റെ കുടുംബത്തില്‍നിന്ന് സമൂഹമാകുന്ന കുടുംബത്തിലേക്ക് കടന്നുവന്നവരാണ് പുരോഹിതര്‍. അവര്‍ തങ്ങള്‍ക്ക് നല്‍കാവുന്നതില്‍ ഏറ്റവും നല്ലത് ക്രിസ്തുവിനായി മാറ്റിവയ്ക്കുന്നു. ഒരു മെഴുകുതിരി പോലെ സ്വയം കത്തിയുരുകി ലോകത്തിന് ക്രിസ്തുവിന്റെ ദിവ്യപ്രകാശം ചൊരിഞ്ഞ് മറഞ്ഞുപോകുന്നവരാണവര്‍. ക്രിസ്തുവിന്റെ ജീവനുള്ള രൂപമാണവര്‍. നിത്യപുരോഹിതനായ ക്രിസ്തുവിന്റെ ജീവിക്കുന്ന ഉപകരണങ്ങള്‍. ‘ക്രിസ്തുവിന്റെ ഹൃദയത്തിലെ സ്‌നേഹമാണ് പൗരോഹിത്യം’ എന്ന് വി. ജോണ്‍ മരിയ വിയാനി പറയുന്നു.

‘ലോകം പുരോഹിതനെ ഉറ്റുനോക്കുന്നു. കാരണം അത് ക്രിസ്തുവിനെയാണ് നോക്കുന്നത്.’ (പോപ്പ് ജോണ്‍ പോള്‍). ക്രിസ്തുവിന്റെ മുഖം പുരോഹിതനില്‍ തെളിയുന്നു. ഒരു പുരോഹിതനിലൂടെ ലോകം സഭയെ കാണുന്നു, സഭയിലൂടെ ക്രിസ്തുവിനെയും.

സഭയോട് പൗരോഹിത്യം അഭേദ്യമായി ചേര്‍ന്നിരിക്കുന്നു. കൂദാശകളിലൂടെ ക്രിസ്തുവിന്റെ കൃപ ജനത്തിന് പകര്‍ന്നു നല്‍കുന്ന ചാലകങ്ങളാണ് പുരോഹിതര്‍. പുരോഹിതര്‍ ഇല്ലെങ്കില്‍ കൂദാശകളില്ല. കൂദാശകള്‍ ഇല്ലാതെ സഭ നിലനില്‍ക്കുകയില്ല. ഒരുവന്റെ ആനന്ദത്തിന്റെയും, സന്തോഷത്തിന്റെയും, ദു:ഖത്തിന്റെയും, രോഗത്തിന്റെയും അവസ്ഥകളില്‍ അവന്റെ സന്തോഷത്തെ സ്വര്‍ഗ്ഗീയമാക്കുവാനും, ദു:ഖത്തില്‍ സാന്ത്വനിപ്പിക്കുന്ന കരമാകുവാനും, രോഗത്തില്‍ സഖ്യം പകരുവാനും സഭ പുരോഹിതരിലൂടെ സമീപസ്ഥമാകുന്നു.

ജനനം മുതല്‍ മരണം വരെ ജീവിതത്തിന്റെ എല്ലാ സുപ്രധാന സന്ദര്‍ഭങ്ങളിലും നിഴലുപോലെ ക്രിസ്തുവിന്റെ സാന്നിധ്യമായി, കൃപ ഒഴുകുന്ന ചാലകങ്ങളായി പൗരോഹിത്യം നമുക്ക് അനുഭവമാകുന്നു. മാമ്മോദീസായിലൂടെ സഭയില്‍ ഒരു വിശ്വാസി ജനിച്ചു വീഴുന്നത് പുരോഹിതരുടെ കരങ്ങളിലൂടെയാണ്. അങ്ങനെ നമ്മെ ദൈവമക്കളും ദൈവരാജ്യത്തിന് അവകാശികളുമാക്കുന്നു. പാപം ചെയ്ത് കറ പുരണ്ട ആത്മാവുമായി കടന്നുവരുന്ന നമ്മെ, തനിക്കു ലഭിച്ച അധികാരം ഉപയോഗിച്ച് കഴുകി വിശുദ്ധീകരിക്കുന്നവര്‍; നമ്മുടെ ആത്മാവിനു വേണ്ട പോഷകങ്ങള്‍ തരുന്നവര്‍; രോഗക്കിടക്കയില്‍ ആശ്വാസമായി സൗഖ്യത്തിന്റെ തൈലം പൂശി പ്രാര്‍ത്ഥിക്കുന്നവര്‍; സ്വര്‍ഗ്ഗീയ യാത്രക്കുള്ള പാഥേയം തന്ന് ഒരുക്കി സ്വര്‍ഗ്ഗത്തിലേക്ക് യാത്ര അയക്കുന്നവര്‍; മരണാനന്തരവും പ്രാര്‍ത്ഥനയിലൂടെയും ബലിയിലൂടെയും നമ്മെ പിന്‍തുടരുന്നവര്‍.

ഒരു പുരോഹിതനും തനിക്കുവേണ്ടിയല്ല പുരോഹിതനാകുന്നത്. തനിക്കുതന്നെ പാപമോചനം നല്‍കുന്നില്ല. തനിക്കുവേണ്ടി കൂദാശാ കര്‍മ്മം ചെയ്യുന്നില്ല. നമുക്കുവേണ്ടിയാണ് പുരോഹിതശുശ്രൂഷ മുഴുവന്‍ ചെയ്യുന്നത്. ബലിയര്‍പ്പണമാണ് പൗരോഹിത്യത്തിന്റെ കേന്ദ്രവും, വേരും, അടിസ്ഥാനവും. അള്‍ത്താരയില്‍ പുരോഹിതന്‍ ക്രിസ്തുവായി മാറുന്നു. ക്രിസ്തുവിന്റെ കാല്‍വരിയിലെ അതേ ബലി അള്‍ത്താരയില്‍ ആവര്‍ത്തിക്കുന്നു.

പാപികളോടുള്ള ക്രിസ്തുവിന്റെ കരുണാമൃതമായ സ്‌നേഹത്തിന്റെ അടയാളവും ഉപകരണവുമാണ് ‘പുരോഹിതന്‍’. ക്രിസ്തുവിന്റെ ക്ഷമിക്കുന്ന സ്‌നേഹം കുമ്പസാരക്കൂട്ടില്‍ നമുക്ക് ആനുഭവവേദ്യമാകുന്നു.

അള്‍ത്താരയുടെ ചുവട്ടില്‍നിന്ന് ബലിയില്‍ പങ്കെടുത്ത് ക്രിസ്തുവിന്റെ ശരീരവും രക്തവും സ്വീകരിച്ച് പുറത്തിറങ്ങുമ്പോഴും പാപത്തിന്റെ വിഴുപ്പിറക്കി ദൈവമക്കളുടെ സ്വാതന്ത്ര്യത്തോടെ ആനന്ദത്തോ ടെ കുമ്പസാരക്കൂട്ടില്‍നിന്നും പുറത്തിറങ്ങുമ്പോഴും പൗരോഹിത്യത്തെ ഓര്‍ത്ത് നമുക്ക് ദൈവത്തെ വാഴ്ത്താം. ‘അവര്‍ണ്ണനീയമായ ഈ ദാനത്തിന് കര്‍ത്താവേ അങ്ങേക്ക് സ്തുതി.’

പൗരോഹിത്യത്തിന്റെ ശക്തി തിരിച്ചറിഞ്ഞവരാണ് സഭയുടെ നാശം ആഗ്രഹിക്കുന്നവര്‍. വി.ജോണ്‍ മരിയ വിയാനി ഇങ്ങനെ പറയുന്നു, ‘മതത്തെ നശിപ്പിക്കുവാന്‍ ശ്രമിക്കുന്നവര്‍ ആദ്യം അക്രമിക്കുന്നത് പുരോഹിതരെയാണ്. പൗരോഹിത്യത്തെ നശിപ്പിച്ചാല്‍ മതത്തെ നശിപ്പിക്കാം. പുരോഹിതന്‍ ഇല്ലെങ്കില്‍ ബലിയില്ല. ബലിയും കൂദാശകളും ഇല്ലെങ്കില്‍ മതമില്ല’.

നാലര ലക്ഷത്തോളം വരുന്ന പുരോഹിതരിലെ വളരെ നാമമാത്രമായ ആളുകളുടെ വീഴ്ച്ചയെ മാധ്യമങ്ങളും, സോഷ്യല്‍ മീഡിയകളും ആഘോഷമാക്കുമ്പോള്‍ അതിന് ലൈക് അടിച്ച്, കമന്റ് പോസ്റ്റുചെയ്ത്, അത് ഷെയര്‍ ചെയ്ത് നിര്‍വൃതി കൊള്ളുമ്പോള്‍ ഒരു നിമിഷം ആലോചിക്കൂ… പുരോഹിതരിലൂടെ ലഭിച്ച നന്മകള്‍ ഓര്‍ക്കു വാനോ, പങ്കുവയ്ക്കുവാനോ നാം ഒരിക്കലെങ്കിലും ശ്രമിച്ചിട്ടുണ്ടോ? സഭയ്‌ക്കെതിരെ യും പുരോഹിതര്‍ക്കെതിരെയും ആയുധമാക്കാവുന്ന എന്തും ആഘോഷിക്കപ്പെടുന്ന ഈ കാലഘട്ടത്തില്‍ ആ കോലാഹലങ്ങള്‍ ക്കിടയില്‍നിന്നും മാറി ദൈവസന്നിധിയില്‍ കരങ്ങളുയര്‍ത്താന്‍ നമുക്കായിട്ടുണ്ടോ?. ഇല്ലെങ്കില്‍ ഇന്നു മുതല്‍ നമുക്കൊരു തീരുമാനമെടുക്കാം. നമ്മുടെ ദൈനംദിന പ്രാര്‍ ത്ഥനകളിലും, ദിവ്യബലികളിലും എല്ലാം പു രോഹിതര്‍ക്കും വേണ്ടി പൗരോഹിത്യമെന്ന ദൈവവിളിയിലേക്ക് അനേകര്‍ കടന്നു വരുന്നതിലും വേണ്ടി പ്രാര്‍ത്ഥിക്കുമെന്ന്.