പ്രധാനമന്ത്രിയുടെ എഴുപത്തിയൊന്നാം ജന്മദിനം; കേരളത്തിലും വിപുലമായി ആഘോഷിക്കാൻ ബിജെപി

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എഴുപത്തൊന്നാമത് ജന്മദിനമാണ് സെപ്റ്റംബർ 17 ന്. കേരളത്തിലും വിപുലമായി ആഘോഷിക്കാനൊരുങ്ങുകയാണ് ബിജെപി. രാജ്യവ്യാപകമായി ബിജെപി പിറന്നാൾ ആഘോഷിക്കും. സേവാ സമർപ്പൺ അഭിയാൻ എന്ന പേരിൽ സെപ്റ്റംബർ 17 മുതൽ ഒക്ടോബർ ഏഴ് വരെയുള്ള 20 ദിവസങ്ങളിലായി വിവിധ സേവന- സമ്പർക്ക പരിപാടികൾ സംഘടിപ്പിച്ചു കൊണ്ടാണ് മോദിയുടെ ജന്മദിനം ആഘോഷിക്കാനൊരുങ്ങുന്നത്.

ജില്ലാതലങ്ങളിലും പഞ്ചായത്തുകളിലും ആശുപത്രികൾ, അനാഥാലയങ്ങൾ, വൃദ്ധസദനങ്ങൾ, പട്ടികജാതി കോളനികൾ, പിന്നാക്ക ചേരിപ്രദേശങ്ങൾ എന്നിവ കേന്ദ്രീകരിച്ച്‌ സേവനപ്രവർത്തനങ്ങൾ നടത്തും. 17ന് രാവിലെ എല്ലാ ബൂത്തുകളിലും വിവിധ വിഭാഗങ്ങളുടെ ആരാധനാലയങ്ങളിലും പ്രധാനമന്ത്രിയുടെ ആയുർ-ആരോഗ്യത്തിന് വേണ്ടി പൂജകളും പ്രാർത്ഥനകളും നടത്തും.വിപുലമായ രീതിയിൽ ഉള്ള പരിസ്ഥിതിസംരക്ഷണ പരിപാടികളാണ് പാർട്ടി സംഘടിപ്പിക്കുക. കർഷകമോർച്ചയുടെ നേതൃത്വത്തിൽ കർഷകരെയും സൈനികരെയും ആദരിക്കും. സംസ്ഥാനവ്യാപകമായി പുഴകളും തോടുകളും വൃത്തിയാക്കുന്നതിനോടൊപ്പം സെപ്തംബർ 26ന് വിവിധ നദികളുടെ ഭാഗമായുള്ള 71 കേന്ദ്രങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തും. ​17-ന് മുതിർന്ന നേതാക്കൾ വിവിധ ജില്ലാ കേന്ദ്രങ്ങളിൽ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകും.

Loading...