പ്രിൻസ് മൂക്കനൊട്ടിൽ അച്ചനെ യാക്കോബായ സഭയുടെ പൗരൊഹിത്യത്തിൽ നിന്നു പുറത്താക്കി

ടൊറന്റൊ: കാനഡ -കാല്ഗറി സെന്റ്‌. തോമസ്‌ യാക്കോബായ പള്ളി വികാരി ആയിരുന്ന പ്രിൻസ് മൂക്കനോട്ടിൽ അച്ചനെ യാക്കോബായ സഭയുടെ പൗരൊഹിത്യത്തിൽ നിന്ന് പുറത്താക്കി. ഗുരുതരമായ സഭാവിരുദ്ധ പ്രവർത്തനങ്ങളെ തുടർന്ന് നോർത്ത് അമേരിക്കയിൽ നിന്ന് സസ്പെന്ഡ് ചെയ്യപ്പെട്ടിരിക്കുകയായിരുന്നു. അച്ചൻ വികാരിയായിരുന്ന ടോറോന്റൊ, എട്മണ്ടന്‍, എന്നിവടങ്ങളിൽ നിന്നെല്ലാം ജനങ്ങളുടെ വ്യാപകമായ പരാതികളുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം സഭാനേതൃത്വം കൈക്കൊണ്ടതെന്ന് സഭാ വക്താവ് അറിയിച്ചു.

എല്ലാവർക്കും മാതൃകയാകേണ്ട വൈദിക പട്ടത്തിന്റെ പരിശുദ്ധി കാത്തു സൂക്ഷിക്കണമെന്ന നിർദ്ദേശങ്ങളെ അവഗണിക്കുകയും, ഇടവക മെത്രപ്പോലിത്തയെവരെ പള്ളിയിൽ കയറുന്നതിൽ നിന്നും തടയുകയും, സഭയിലെ അഭിവന്ദ്യ തിരുമേനിമാരുടെയും മറ്റു വൈദിക ശ്രേഷ്ടന്മാരുടെയും, സഭാ കൌണ്‍സിലിന്റെയും നിർദ്ദേശങ്ങളെയും ഉപദേശങ്ങളെയും അവഗണിച്ച് തികച്ചും ഏകാധിപത്യമായ രീതിയിലായിരുന്നു അച്ചന്റെ പ്രവര്‍ത്തനങ്ങള്‍. എല്ലാവിധ സമാധാന ശ്രമങ്ങളും പരാജയപ്പെട്ടതിനെ തുടർന്നാണ്‌ അച്ചന്റെ സസ്പെന്‍ഡ് ചെയ്തത്.

Loading...

ക്രിസ്തു ഏല്‍പ്പിച്ച യഥാര്‍ത്ഥ പൌരോഹിത്യ ശുശ്രൂഷ മേല്പ്പട്ടക്കാരന്റെ അനുവാദത്തോടെ നടത്തുക എന്നുള്ളതാണ് പുരോഹിതരുടെ കടമ. വി. കുര്‍ബാന ജനങ്ങളുടെ പ്രധിനിധി ആയി നിന്നുകൊണ്ട് അര്‍പ്പിക്കുക, പാപികള്‍ക്ക് ക്രിസ്തുവിന്റെയും സഭയുടെയും പ്രതിനിധി ആയി നിന്നുകൊണ്ട് പാപമോചനം നല്‍കുക, മറ്റു കൂദാശകള്‍ പരികര്‍മ്മം ചെയ്യുക മുതലായ അധികാരം പട്ടക്കാരനു മേല്പ്പട്ടക്കാരാല്‍ നല്‍കപ്പെടുന്നു. എന്നാൽ ഇതിൽ നിന്നെല്ലാം വിഭിന്നമായ പ്രവർത്തന ശൈലിയായിരുന്നു അച്ചന്‍ അനുവര്‍ത്തിച്ചുപോന്നിരുന്നതെന്നാണ് ഇടവകജനങ്ങളുടെ ആക്ഷേപം.

പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ നേതൃത്വത്തിൽ കേരള സന്ദർശനത്തിലും, അതിനു ശേഷവും നടത്തിയ എല്ലാ സമാധാന ശ്രമങ്ങളും പ്രിൻസ് മൂക്കനോട്ടിൽ ഒഴിച്ചുള്ള നോർത്ത് അമേരിക്കയിലുള്ള എല്ലാ വൈദികരും അനുസരിക്കുകയും ഇടവക മെത്രാപ്പോലിത്ത അഭിവന്ദ്യ തീത്തോസ് തിരുമേനിയുടെ കീഴിൽ സഭയുമായി ഐക്യത്തിലും, ഇടവകയുടെയും വിശ്വാസികളുടെയും ആത്മീയമായ വളർച്ചക്കും ഒരുമിച്ചു പ്രവർത്തിച്ചുകൊള്ളാമെന്നു തീരുമാനമെടുത്തിരുന്നു. ഇതേതുടർന്നാണ് ക്രിസ്തീയ സഭകളുടെ ചരിത്രങ്ങളിലെ അപൂർവമായ ശിക്ഷാനടപടിയായ വൈദിക പട്ടത്തിൽ നിന്നുള്ള പുറത്താക്കലിലേക്ക് നയിച്ചത്. ഇത് സംബന്ധിച്ചുള്ള പരിശുദ്ധ പാത്രിയർക്കീസ്ബാവയുടെ കല്പന പള്ളികളിൽ വായിച്ചുവെന്നും വക്താവ് അറിയിച്ചു.

പൌരോഹിത്യം അധികാരസ്ഥാനമായി കാണാതെ ശുശ്രൂഷ സ്ഥാനമായി കണ്ട് വിശ്വാസികൾക്കും , സമൂഹത്തിനും വേണ്ടുന്ന ആത്മീക വളർച്ചക്കായി പ്രവർത്തിക്കണമെന്നും , എല്ലാവരെയും ഒരുമിച്ചു കൊണ്ടുപോകാൻ വേണ്ടുന്ന പരിശുദ്ധാത്മ നിറവിൽ ആത്മീക ജീവിതത്തെ ബലപ്പെടുത്തണമെന്നും അഭിവന്ദ്യ തീത്തോസ് തിരുമേനി ഓർമ്മിപ്പിച്ചു. ഇടവക മെത്രാപ്പോലിത്ത അഭിവന്ദ്യ തീത്തോസ് തിരുമേനിയുടെ കീഴിൽ നോർത്ത്‌ അമേരിക്കയിലെ യാക്കോബായ സഭ കൈവരിച്ച വളർച്ചയെ പരിശുദ്ധ പാത്രിയർക്കീസ് ബാവാ അനുമോദിച്ചു .തുടർന്നും അഭിവന്ദ്യ തീത്തോസ് തിരുമേനിയുടെ കീഴിൽ നോർത്ത്‌ അമേരിക്കയിലെ പരിശുദ്ധസഭ കൂടുതൽ ആത്മീകവളർച്ച പ്രാപിക്കട്ടെയെന്നും പരിശുദ്ധ പാത്രിയർക്കീസ് ബാവാ പ്രാര്‍ഥനാശംസകള്‍ നേർന്നു.

(http://en.wikipedia.org/wiki/Defrocking)
(HH Patriarch Ignatius Aphrem II through HH’s Apostolic Bull, EI 32/15 dated 23rd March, 2015).