സംരക്ഷണം ആവശ്യപ്പെട്ട് ദുബായ് ഭരണാധികാരിയുടെ ഭാര്യ ലണ്ടന്‍ കോടതിയില്‍

 

കുട്ടികളുമായി ബന്ധപ്പെട്ട നിര്‍ബന്ധിത വിവാഹ പരിരക്ഷാ ഉത്തരവ് ആവശ്യപ്പെട്ട് ദുബായ് ഭരണാധികാരിയുടെ ഭാര്യ യു കെ കോടതിയില്‍. ബന്ധം വേര്‍പ്പെടുത്തിയതിനു ശേഷം ഉപദ്രവിക്കരുതെന്ന ഉത്തരവും (Non-molestation Order) വേണമെന്ന് അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രാഥമിക ഹിയറിംഗിനായി സെന്‍ട്രല്‍ ലണ്ടനിലെ കുടുംബ കോടതിയില്‍ ഹാജരായതായിരുന്നു ഹായ രാജകുമാരി.

വിവാഹത്തിന് നിര്‍ബന്ധിപ്പിക്കപ്പെടുന്ന ഒരു വ്യക്തിയെ സംരക്ഷിക്കുന്നതിനാണ് കോടതി നിര്‍ബന്ധിത വിവാഹ പരിരക്ഷ ഉത്തരവിടുന്നത്. പങ്കാളിയില്‍നിന്നോ, മുന്‍ പങ്കാളിയില്‍നിന്നോ അല്ലെങ്കില്‍ കുടുംബാംഗങ്ങളില്‍ നിന്നോ ഉണ്ടായേക്കാവുന്ന ലൈംഗിക പീഡനത്തില്‍ നിന്നും ഉപദ്രവത്തില്‍നിന്നും പരിരക്ഷ ലഭിക്കാനാണ് നോണ്‍- മോളസ്റ്റേഷന്‍ ഓര്‍ഡറുകള്‍.

വിചാരണക്ക് ഹാജരാകാതിരുന്ന ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും രണ്ട് മക്കളെയും ദുബായിലേക്ക് തിരിച്ചുകൊണ്ടുപോകുവാന്‍ ഇതേ നടപടികള്‍ വേണമെന്നാണ് വാദിക്കുന്നത്. ഹയ രാജകുമാരി കുട്ടികളുടെ സംരക്ഷണം തന്നെ ഏല്‍പ്പിക്കണമെന്നും കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് ഹൈക്കോടതിയുടെ ഫാമിലി ഡിവിഷന്‍ പ്രസിഡന്റ് ആന്‍ഡ്രൂ മക്ഫാര്‍ലെയ്‌നാണ് കേള്‍ക്കുന്നത്.

അതേസമയം വിവാഹ മോചനത്തെ കുറിച്ചുള്ള വ്യാപകമായ അന്താരാഷ്ട്ര പ്രചാരണത്തിനുശേഷം വളരെ അസാധാരണമായ നീക്കമാണ് ദമ്പതികള്‍ നടത്തിയത്. വിവാഹമോചനത്തെയോ സാമ്പത്തികമായ കാര്യങ്ങളെയോ കുറിച്ചല്ല കുട്ടികളുടെ പരിരരക്ഷയുമായി ബന്ധപ്പെട്ട കേസാണ് നടക്കുന്നതെന്ന് ഇരുവരും ഇറക്കിയ സംയുക്ത പ്രസ്താവനയില്‍ പറയുന്നു.

ജോര്‍ദാന്‍ ഭരണാധികാരിയായിരുന്ന ഹുസൈന്‍ രാജാവിന്റെ മകളാണ് ഹായ രാജകുമാരി. ബ്രിട്ടീഷ് രാജകുടുംബവുമായി വളരെ അടുപ്പമുള്ള അവര്‍ക്ക് കെന്‍സിംഗ്ടണ്‍ കൊട്ടാരത്തിന് സമീപം 85 മില്യണ്‍ ഡോളര്‍ വിലവരുന്ന ഒരു ഭവനമുണ്ട്. നിലവില്‍ അവിടെയാണ് അവര്‍ കുട്ടികളോടൊത്ത് താമസിക്കുന്നത്. 2004-ലാണ് ദുബൈ ഭരണാധികാരിയുടെ ആറാം ഭാര്യയായി ഹായ രാജകുമാരി വരുന്നത്.