സർക്കാർ നൽകിയ ശിക്ഷ ഇളവു പട്ടികയിൽ സിപിഎമ്മിന്റെ ഗുണ്ടകളുമായുള്ള പങ്ക് വ്യക്തം

തിരുവനന്തപുരം: വാടകക്കൊലയാളികൾ, വർഗീയ കലാപക്കേസ് പ്രതികൾ, കള്ളക്കടത്തുകാർ, സ്ത്രീകളെയോ കുട്ടികളെയോ ലൈംഗിക പീഡനത്തിന് ഇരയാക്കിയവർ തുടങ്ങി ആറുതരം കുറ്റകൃത്യങ്ങളിൽ ശിക്ഷ അനുഭവിക്കുന്നവർക്ക് ഇളവു നൽകരുതെന്ന സുപ്രീം കോടതി വിധി കാറ്റിൽപറത്തിയാണ് സർക്കാർ ശിക്ഷ ഇളവിന്റെ അന്തിമ പട്ടിക ഗവർണർക്ക് കൈമാറിയത്.എം.സി.അനൂപ്, കിർമാണി മനോജ്, കൊടി സുനി, ടി.കെ.രജീഷ്, കെ.കെ.മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത്, കെ.ഷിനോജ് എന്നിവരാണ് ഇളവിനായി സമർപ്പിച്ച പട്ടികയിൽ ഉൾപ്പെട്ട ടിപി കേസിലെ കൊലയാളി സംഘം. കൂടാതെ ഗൂഢാലോചനയ്ക്കു ശിക്ഷിക്കപ്പെട്ട സിപിഎം നേതാക്കളായ പി.കെ.കുഞ്ഞനന്തൻ, കെ.സി.രാമചന്ദ്രൻ, ട്രൗസർ മനോജൻ എന്നിവരുമുണ്ട്. ടിപിയോടു രാഷ്ട്രീയ വൈരാഗ്യമുള്ളവരുടെ കൈയിലെ ആയുധമായാണു കൊലയാളി സംഘം പ്രവർത്തിച്ചതെന്നു വിധിയിൽ ജഡ്ജി വ്യക്തമാക്കിയിട്ടുണ്ട്.

എന്നാൽ ടിപി കേസ് പ്രതികളെ പട്ടികയിൽ തിരുകിക്കയറ്റാൻ അവരെ ‘രാഷ്ട്രീയ ആക്രമണക്കേസ് പ്രതികൾ’ ആക്കി. ഇവർ രാഷ്ട്രീയമില്ലാത്ത വാടകക്കൊലയാളികളാണെന്ന വിചാരണക്കോടതി വിധി മനപ്പൂർവം മറന്നു. തടവുകാരിൽ സൽസ്വഭാവികളെന്നു കാട്ടി 2262 പേരുടെ പട്ടികയാണു ജയിൽ എഡിജിപി അനിൽകാന്ത് കഴിഞ്ഞ നവംബറിൽ ശിക്ഷാ ഇളവിനു പരിഗണിക്കാൻ ആഭ്യന്തര വകുപ്പിനു കൈമാറിയത്.സുപ്രീം കോടതി മാനദണ്ഡപ്രകാരം ഇവരിൽനിന്നു ‘യോഗ്യരായ’വരെ തിരഞ്ഞെടുക്കാൻ സർക്കാർ മൂന്നംഗ ഉപസമിതിയെയും നിയോഗിച്ചു. എന്നാൽ, തടവുകാരെ സംബന്ധിച്ച കോടതിവിധികൾ പരിശോധിക്കാതെയും രാഷ്ട്രീയ സമ്മർദത്തിനു വഴങ്ങിയുമാണു സമിതി 1850 പേരുടെ അന്തിമ പട്ടിക തയാറാക്കിയത്. നിയമവകുപ്പിൽനിന്നുള്ള സമിതി അംഗമാകട്ടെ അപകടത്തിൽപ്പെട്ടതിനാൽ ഇടയ്ക്കുവച്ചു സമിതി വിടുകയും ചെയ്തു.പട്ടിക അതേപടി അംഗീകരിച്ച മന്ത്രിസഭ ഗവർണർക്കു ശുപാർശ കൈമാറി. സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് കൂടിയായ ഗവർണർ പി.സദാശിവത്തിന്റെ നിയമപരിശോധനയിലാണു പട്ടികയിൽ സംശയം മണത്തത്. ഇതോടെ ഫയൽ വിശദീകരണം തേടി ഗവർണർ തിരിച്ചയച്ചെങ്കിലും ഇതുവരെ നിയമോപദേശം തേടാൻ സർക്കാർ തയാറായിട്ടില്ല. പട്ടിക ഗവർണർ അപ്പടി അംഗീകരിച്ചിരുന്നെങ്കിൽ കൊടും ക്രിമിനലുകൾ വഴിവിട്ട ആനുകൂല്യത്തിലൂടെ ശിക്ഷ പൂർത്തിയാക്കാതെ ജയിൽ വിടുമായിരുന്നു

Loading...