മനുഷ്യ ശരീരത്തിന് അതിന്റേതായ പരിമിതികളുണ്ട്: നജീബായി മാറിയത് അപകടകരമായ ഘട്ടങ്ങളിലൂടെയെന്ന് പൃഥ്വിരാജ്

ബ്ലെസി ചിത്രം ആടുജീവിതത്തിന് വേണ്ടി പൃഥ്വിരാജ് സുകുമാരൻ മെലിഞ്ഞ് ഉണങ്ങിയത് കണ്ടത് മലയാളികൾ അമ്പരന്നിരുന്നു. നജീബ് എന്ന കഥാപാത്രത്തിന്റെ പൂർണ്ണതയ്ക്ക് വേണ്ടി അപകടകരമാം വിധം ശരീരഭാരം കുറച്ചിരുന്നതായി പൃഥ്വിരാജ് തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ. രു മാസത്തെ പരിശീലനത്തിന്റെയും വിശ്രമത്തിന്റെയും ഭക്ഷണക്രമത്തിന്റെയും പശ്ചാത്തലത്തിൽ ശരീരഭാരം സുരക്ഷിതമായ അവസ്ഥയിലെത്തിയതായി പൃഥ്വിരാജ് പറഞ്ഞു. ശരീരത്തിന്റെ ഇപ്പോഴത്തെ അവസ്ഥ വ്യക്തമാക്കുന്ന ഫോട്ടോ സഹിതമാണ് പൃഥ്വിരാജിന്റെ തന്റെ അവസ്ഥയെക്കുറിച്ച് സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്.

ആടുജീവിതത്തിനുവേണ്ടി ഷർട്ടിടാത്ത രംഗങ്ങൾ എടുത്തു പൂർത്തിയാക്കിയിട്ട് ഇന്നേക്ക് ഒരു മാസമായെന്ന് പറഞ്ഞതാണ് താരം പങ്കുവെച്ച കുറിപ്പ് ആരംഭിക്കുന്നത്. ഷൂട്ടിങ്ങിന്റെ അവസാന ദിവസം, എന്റെ ശരീരത്തിലെ ഫാറ്റ് പെർസന്റേജും വിസറൽ ഫാറ്റ് ലെവലും അപകടകരമാം വിധം താണിരുന്നു. അവിടെ നിന്ന് ഒരു മാസത്തെ ഭക്ഷണവും വിശ്രമവും പരിശീലനവും എന്നെ ഈ നിലയിൽ എത്തിച്ചു. ഏറ്റവും ക്ഷീണിച്ച അവസ്ഥയിൽ എന്നെ കണ്ടിട്ടുള്ള ഷൂട്ടിങ് സംഘത്തിന് എന്റെ ഇപ്പോഴത്തെ രൂപം തീർച്ചയായും വലിയ അദ്ഭുതമാകുമെന്നും അദ്ദേഹം വെളിപ്പെടുത്തി.

Loading...

പരിശീലകനും ന്യൂട്രിഷനിസ്റ്റുമായ അജിത്ത് ബാബുവിനും ബ്ലെസി ചേട്ടനും സംഘത്തിനും നന്ദി. ആ ദിവസം എന്നെ മനസിലാക്കിയതിനും ക്ഷീണം മാറ്റാൻ ആവശ്യത്തിന് സമയം അനുവദിച്ച് അതനുസരിച്ച് ഷൂട്ട് പ്ലാൻ ചെയ്തതിനും. ഓർക്കുക… മനുഷ്യ ശരീരത്തിന് അതിന്റേതായ പരിമിതികളുണ്ട്. മനുഷ്യ മനസിന് അതില്ല! ഒരു മാസം മുൻപ് ഞാൻ ഏറ്റവും ക്ഷീണിതനായിരുന്നു. യഥാർത്ഥത്തിൽ എനിക്ക് ഉണ്ടായിരിക്കേണ്ട ഭാരത്തിനേക്കാൾ എത്രയോ കുറവായിരുന്നു അപ്പോഴത്തെ എനിക്കെന്നും അദ്ദേഹം വ്യക്തമാക്കി. ജോർദാനിൽ നിന്നു തിരിച്ചെത്തി ഫോർട്ടു കൊച്ചിയിൽ ക്വാറന്റീനിൽ കഴിയുന്ന താരം പരിശീലനത്തിനുള്ള സൗകര്യങ്ങൾ മുറിയിൽ സജ്ജീകരിച്ചിരുന്നു.