‘നാളെ എന്ന സ്വപ്നം പോലും കാണാന്‍ കഴിയാതെ ആളുകള്‍ കേരളത്തില്‍ ഉണ്ട്’; സൈമ അവാര്‍ഡ് വേദിയില്‍ സഹായം അഭ്യര്‍ത്ഥിച്ചു പൃഥ്വിരാജ്

 

ഖത്തറില്‍ നടന്ന സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ മൂവി അവാര്‍ഡ്സില്‍ ക്രിട്ടിക്‌സ് ചോയ്‌സ് ബെസ്റ്റ് ആക്ടര്‍ അവാര്‍ഡ് വാങ്ങാന്‍ വേദിയില്‍ എത്തിയ പൃഥ്വിരാജ് പ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന കേരളാ ജനതയ്ക്ക് വേണ്ടി ഗള്‍ഫ് നിവാസികളോട് സഹായം അഭ്യര്‍ത്ഥിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നു.

Loading...

നാളെ എന്ന സ്വപ്നം പോലും കാണാന്‍ കഴിയാതെ ദുരിതാശ്വാസ ക്യാമ്ബുകളില്‍ കഴിയുന്ന ഒരുപാട് ആളുകള്‍ ഇന്ന് കേരളത്തില്‍ ഉണ്ടെന്നും അവരെ കഴിയും വിധം സഹായിക്കണം എന്നും പൃഥ്വിരാജ് അഭ്യര്‍ത്ഥിച്ചു. മലയാള സിനിമയില്‍ നിന്ന് തങ്ങള്‍ എല്ലാവരും തങ്ങളാല്‍ കഴിയുന്ന സഹായങ്ങള്‍ ചെയ്യുന്നുണ്ട് എന്നും എന്നാല്‍ അത് മതിയാവില്ല എന്നും പൃഥ്വിരാജ് പറഞ്ഞു.

ഏതൊക്കെ രീതിയില്‍, എങ്ങനെയൊക്കെ സഹായങ്ങള്‍ കേരളത്തില്‍ എത്തിക്കാം എന്നതിനെ കുറിച്ചും, എന്തൊക്കെ സഹായങ്ങള്‍ ആണ് വേണ്ടത് എന്നതിനെ കുറിച്ചുമുള്ള വിവരങ്ങള്‍ ലാലേട്ടന്റേയോ തന്റേയോ ടോവിനോയുടേയോ, അമ്മ അസ്സോസിയേഷന്റെയോ ഒക്കെ സോഷ്യല്‍ മീഡിയ പേജുകള്‍ സന്ദര്‍ശിച്ചാല്‍ ലഭിക്കും എന്നും പൃഥ്വിരാജ് പറഞ്ഞു. രണ്ടു ലക്ഷത്തില്‍ അധികം ആളുകള്‍ ഈ ദുരന്തത്തില്‍ ബാധിക്കപ്പെട്ടിട്ടുണ്ട് എന്നും അതുകൊണ്ട് തന്റെ ഈ വാക്കുകള്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്ന എല്ലാവരും അവരെ സഹായിക്കാന്‍ മുന്നോട്ടു വരണം എന്നും പൃഥ്വിരാജ് അപേക്ഷിച്ചു.