മൊബൈലില്‍ സംസാരിച്ച് ബസ് ഓടിച്ച ഡ്രൈവര്‍ക്ക് പൂട്ടിട്ട് വാഹന വകുപ്പ്

മൊബൈല്‍ ഫോണില്‍ സംസാരിച്ച്‌ അപകടകരമായ രീതിയില്‍ വാഹനം ഓടിച്ച്‌ സ്വകാര്യ ബസ് ഡ്രൈവര്‍. ഇതിന്റെ വിഡിയോ യാത്രക്കാരി മൊബൈല്‍ ഫോണില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. വിഡിയോ പ്രചരിച്ചതോടെ ഡ്രൈവര്‍ക്ക് പൂട്ടുമായി മോട്ടോര്‍ വാഹനവകുപ്പും രംഗത്തെത്തി.

സംഭവത്തില്‍ കോതമംഗലം- റൂട്ടിലെ ശ്രീലക്ഷ്മി ബസിലെ ഡ്രൈവര്‍ കോതമംഗലം സ്വദേശി ശ്രീകാന്തിന് മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസ് അയച്ചു. ഏറെ തിരക്കേറിയ ബസ് റൂട്ടാണ് കോതമംഗലം-പെരുമ്ബാവൂര്‍ റൂട്ട്.

Loading...

എന്നാല്‍ ഇതൊന്നും വകവെക്കാതെയാണ് ശ്രീലക്ഷ്മി ബസിലെ ഡ്രൈവര്‍ ശ്രീകാന്ത് ബസ് ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതും രണ്ട് മിനിറ്റോളം ഫോണില്‍ സംസാരിക്കുന്നതെന്നും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ബസിന്റെ മുന്‍സീറ്റിലിരുന്ന യാത്രക്കാരിയാണ് ഈ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത്. തുടര്‍ന്ന് സാമൂഹ്യമാധ്യമങ്ങളില്‍ അപ്‌ലോഡ് ചെയ്തു. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് മോട്ടോര്‍ വാഹന വകുപ്പ് ശ്രീകാന്തിന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്.

കുട്ടികളും സ്ത്രീകളും അടങ്ങുന്ന 50 ഓളം യാത്രക്കാരുടെ ജീവന്‍ പന്താടിയായിരുന്നു ഡ്രൈവറുടെ മൊബൈല്‍ ഫോണ്‍ വിളി. ഇയാള്‍ വലതുകൈയില്‍ മൊബൈല്‍ ഫോണ്‍ പിടിച്ച് വിരല്‍ കൊണ്ട് നമ്പര്‍ ഡയല്‍ ചെയ്യുന്നതും തുടര്‍ന്ന് വലത് കൈയില്‍ മൊബൈല്‍ ഫോണ്‍ പിടിച്ച് സംസാരിച്ചുകൊണ്ട് ബസ് ഡ്രൈവ് ചെയ്യുന്ന രണ്ട് മിനിട്ടോളം ദൈര്‍ഘ്യമുള്ള വീഡിയോയാണ് ചൊവ്വാഴ്ച സാമൂഹ്യമാധ്യമത്തിലൂടെ വൈറലായത്. വലത് കൈ ചെവിയില്‍ വെച്ച് ഫോണ്‍ വിളിക്കിടെ ഇടയ്ക്ക് ഇടത് കൈ കൊണ്ട് ഗിയര്‍ മാറ്റുന്നു. ഇതിനിടെ യാത്രക്കാരുടെ നേര്‍ക്ക് നോക്കുന്നുമുണ്ട്.

ദൃശ്യം കണ്ട പലരും പോലീസിനേയും മോട്ടോര്‍ വാഹന വകുപ്പ് അധികാരികളേയും ഫോണിലൂടെ അറിയിക്കുകയും വീഡിയോ ദൃശ്യം വാട്ട്‌സാപ്പിലൂടെ അയച്ചുകൊടുക്കുകയും ചെയ്തു. അമിത വേഗതയില്‍ അപകടകരമായ രീതിയില്‍ ബസ് ഓടിച്ചതിന് ഇയാള്‍ക്കെതിരേ രണ്ട് മാസം മുമ്പ് കോതമംഗലം പോലീസ് കേസെടുത്തിരുന്നതായി എസ്.ഐ. ടി. ദിലീഷ് പറഞ്ഞു. അലക്ഷ്യമായി യാത്രക്കാരുടെ ജീവന്‍ അപകടത്തിലാക്കുംവിധം ബസ് ഓടിച്ചതിന് ഇയാള്‍ക്കെതിരേ പോലീസ് കേസെടുത്തു. മോട്ടോര്‍ വാഹന വകുപ്പ് ആദ്യപടിയായി ഷോക്കോസ് നോട്ടീസ് നല്‍കും. മൂന്ന് ദിവസത്തിനുള്ളില്‍ ജോയിന്റ് ആര്‍.ടി. ഓഫീസില്‍ ഹിയറിങ്ങിന് ഹാജരാവണം. ഡ്രൈവര്‍ക്ക് ബോധിപ്പിക്കാനുള്ളത് കേട്ടശേഷം ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള മാതൃകാപരമായ ശിക്ഷാ നടപടിയെടുക്കുമെന്ന് ജോയിന്റ് ആര്‍.ടി.ഒ. പറഞ്ഞു.