ഈ മാസം 22 മുതല്‍ സംസ്ഥാനത്ത് അനശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക്

കൊച്ചി: നവംബര്‍ 22 മുതല്‍ സംസ്ഥാനത്ത് സ്വകാര്യബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്. വിദ്യാര്‍ത്ഥികള്‍ക്ക് ഉള്‍പ്പെടെ ബസ് ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ട് കേരള സ്റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്സ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഗതാഗത വകുപ്പുമന്ത്രിയെ സമീപിച്ചിരുന്നു. മിനിമം ചാര്‍ജ് 10 രൂപയാക്കുക, കിലോമീറ്ററിന് 80 പൈസയാക്കുക വിദ്യാര്‍ത്ഥികളുടെ ബസ് ചാര്‍ജ് മിനിമം അഞ്ചുരൂപയും യാത്രാനിരക്ക് 50 ശതമാനവും ആക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക് നടത്തുന്നതെന്ന് ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓര്‍ഗനൈസേഷന്‍ അറിയിച്ചു.

അതേസമയം അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തിയിരുന്ന ദീര്‍ഘദൂര സ്വകാര്യബസുകള്‍ സര്‍വീസ് പുറപ്പെടുന്നത് തിരുവനന്തപുരത്ത് നിന്ന് കളിയിക്കാവിളയിലേക്ക് മാറ്റി. ഇതുമൂലം സംസ്ഥാനത്തിന് നികുതിയിനത്തില്‍ ലഭിക്കേണ്ട കോടികളുടെ വരുമാനം നഷ്ടമായി. മോട്ടോര്‍ വാഹനവകുപ്പിന്റെ പരിശോധനകളില്‍ കനത്ത പിഴ ചുമത്തുന്നതും നികുതി വര്‍ധനവുമാണ് സ്വകാര്യബസുകള്‍ തലസ്ഥാനത്തെ ഉപേക്ഷിക്കാന്‍ കാരണം.

Loading...

നാല് മാസം മുമ്പ് സ്വകാര്യബസ് ജീവനക്കാര്‍ യാത്രക്കാരെ ആക്രമിച്ച സംഭവമുണ്ടായതോടെയാണ് സംസ്ഥാന മോട്ടോര്‍വാഹനവകുപ്പ് പരിശോധനയും പിഴ ചുമത്തുന്നതും കര്‍ക്കശമാക്കിയത്. തിരുവനന്തപുരം ഉള്‍പ്പടെ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍നിന്ന് ബംഗളൂരു, മംഗളൂരു, ചെന്നൈ, പുതുച്ചേരി, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലേക്ക് സര്‍വീസ് നടത്തിയിരുന്ന നിരവധി സര്‍വീസുകള്‍ നിര്‍ത്തലാക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് പ്രമുഖ ബസ് കമ്പനി തലസ്ഥാനത്തുനിന്ന് നടത്തിവന്ന 16 സര്‍വീസുകളില്‍ 11 എണ്ണവും നിര്‍ത്തി. ഹൈദരാബാദ്, ചെന്നൈ, വേളാങ്കണ്ണി എന്നിവിടങ്ങളിലേക്ക് നടത്തിയിരുന്ന സര്‍വീസുകള്‍ കളിയിക്കാവിളയിലേക്ക് മാറ്റുകയും ചെയ്തു. മറ്റൊരു ഗ്രൂപ്പിന്റെ ഒമ്പത് ബസുകളും കളിയിക്കാവിളയിലേക്ക് മാറ്റി. നിലവില്‍ തിരുവനന്തപുരത്ത് നിന്ന് ബുക്ക് ചെയ്യുന്ന യാത്രക്കാരെ ചെറിയ വാഹനങ്ങളില്‍ കളിയിക്കാവിളയില്‍ എത്തിക്കാനുള്ള സൌകര്യം ബസ് അധികൃതര്‍ നല്‍കുന്നുണ്ട്.

49 സീറ്റുള്ള ഒരു ബസ് കേരളത്തില്‍ പ്രവേശിക്കണമെങ്കില്‍ മൂന്നുമാസത്തേക്ക് 1.75 ലക്ഷം രൂപയാണ് നികുതിയായി നല്‍കേണ്ടത്. 20 ബസുകള്‍ സംസ്ഥാനത്ത് പ്രവേശിക്കാതരെയിരിക്കുമ്പോള്‍ സംസ്ഥാനത്തിന് നികുതിയിനത്തില്‍ കോടികളുടെ നഷ്ടമാണ് ഉണ്ടാകുന്നത്. സംസ്ഥാനത്തിന് വന്‍ നികുതി വരുമാനം നല്‍കുന്ന സ്വകാര്യബസ് സംരഭങ്ങളെ സംരക്ഷിക്കുന്നതിന് പകരം പ്രതികാരബുദ്ധിയോടെ ചില ഉദ്യോഗസ്ഥര്‍ ഇടപെടുന്നതായാണ് ആരോപണം. വൈകാതെ തിരുവനന്തപുരത്ത് നിന്നുള്ള ഒട്ടുമിക്ക സര്‍വീസുകളും കളിയിക്കാവിളയിലേക്ക് മാറ്റുമെന്നാണ് സൂചന.