യുപി സർക്കാർ മുട്ടുമടക്കി; പ്രിയങ്കയെ വിട്ടയച്ചു, രാഹുലിനും പ്രിയങ്കയ്ക്കും ലഖിംപൂരിലേക്ക് പോകാൻ ‌

ദില്ലി: ഉത്തർപ്രദേശിൽ കർഷകഹത്യ നടന്ന ലഖിംപൂരിലേക്ക് പോകുന്നതിനിടെ അറസ്റ്റിലായ പ്രിയങ്ക ​ഗാന്ധിയെ ഒടുവിൽ വിട്ടയച്ചു. കഴിഞ്ഞ രണ്ടു ദിവസമായി ലഖിംപുർ ഖേരി വിഷയം ഉന്നയിച്ചുള്ള കോൺഗ്രസ് നീക്കങ്ങൾക്ക് പ്രിയങ്ക ഗാന്ധിയാണ് നേതൃത്വം നല്കിയത്. കഴിഞ്ഞ ദിവസം രാവിലെയോടെയാണ് പ്രയിങ്കയെ കസ്റ്റഡിയിലെടുത്തത്. ഇതോടെ പ്രിയങ്കയ്ക്കും രാഹുലിനും ലഖിംപൂരിലേക്ക് പോകാനും അനുമതി നൽകിയിരിക്കുകയാണ് .

ലഖിംപൂർ ഖേരിയിലേക്ക് പോകാനായി രാഹുൽ ഗാന്ധിയുൾപ്പടെയുള്ള കോൺഗ്രസ് സംഘം ലക്നൗവിലെത്തി. വിമാനത്താവളത്തിലിറങ്ങാൻ അനുമതി ലഭിച്ചെങ്കിലും രാഹുൽ നിർദ്ദേശിച്ച വാഹനത്തിൽ പോകാൻ അനുവദിക്കില്ലെന്ന് ഉദ്യോഗസ്ഥർ നിലപാടെടുത്തു. ഇതോടെ രാഹുൽ ഗാന്ധിയും ഉദ്യോഗസ്ഥരും തമ്മിൽ വാഗ്വാദം ഉണ്ടായി. ഉദ്യോഗസ്ഥ നിലപാടിൽ പ്രതിഷേധിച്ച് രാഹുൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു.

Loading...

അതേ സമയം ലഖിംപുർ ഖേരി സംഘർഷത്തിൽ കേന്ദ്രമന്ത്രി അജയ്മിശ്രയേയും മകനയെും ഒരാഴ്ചയ്ക്കുള്ളിൽ അറസ്റ്റു ചെയ്തില്ലെങ്കിൽ വൻ പ്രക്ഷോഭമെന്നാണ് കർഷകസംഘടനകളുടെ അന്ത്യശാസനം. മന്ത്രിയുടെ മകനെ ഉടൻ ചോദ്യം ചെയ്യുമെന്ന് യുപി പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ ബിജെപി കേന്ദ്രനേതൃത്വം അജയ് മിശ്രയെ ദില്ലിക്ക് വിളിപ്പിച്ചു.