രാഹുലിന്റെ കടല്‍ ചാടല്‍ നാടകത്തിന് ശേഷം പ്രിയങ്കയുടെ കൊളുന്തു നുള്ളല്‍;ഒരു വോട്ടിന് ഒരായിരം ഷോ

തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രചാരണങ്ങള്‍ ശക്തമാക്കിയിരിക്കികയാണ് പാര്‍ട്ടി പ്രവര്‍ത്തകരെല്ലാം തന്നെ. പല നേതാക്കളുടെയും പ്രഹസനങ്ങളും നമുക്ക് കാണേണ്ടി വരുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ രാഹുലും പ്രിയങ്കയുമാണ് കോണ്‍ഗ്രസിന്റെ പ്രചാരണത്തിനു നേതൃത്വം കൊടുക്കുന്നത്. അതുകൊണ്ട് തന്നെ ഇരുവരും പല രീതിയിലുള്ള പ്രഹസനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ് എന്ന വിമര്‍ശനം ശക്തമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തില്‍ എത്തിയ രാഹുല്‍ മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടലില്‍ പോയതും മീന്‍പിടിത്തത്തില്‍ ഒപ്പം ചേര്‍ന്നതും ദേശീയതലത്തില്‍ തന്നെ വാര്‍ത്തയായിരുന്നു.

ഇപ്പോഴിതാ അസമില്‍ തേയിലത്തോട്ടത്തിലെ തൊഴിലാളികള്‍ക്കൊപ്പം കൊളുന്തു നുള്ളി അവരില്‍ ഒരാളായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും. സദൂരുവിലെ തോട്ടത്തിലാണ് പ്രിയങ്ക തൊഴിലാളികള്‍ക്കൊപ്പം ചേര്‍ന്നത്.തോട്ടത്തില്‍ എത്തിയ പ്രിയങ്ക തൊഴിലാളികള്‍ക്കൊപ്പം ഏറെ നേരം ചെലവഴിച്ചു. തൊഴിലാളികളോട് ജോലിയെക്കുറിച്ച് പ്രിയങ്ക ചോദിച്ചറിഞ്ഞതായി കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. ജോലിയില്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചായിരുന്നു പ്രധാനമായും പ്രിയങ്ക ആരാഞ്ഞത്. നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്ന അസമില്‍ പ്രചാരണത്തിന്റെ ഭാഗമായി ഇന്നലെ മുതല്‍ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയാണ് പ്രിയങ്ക. ഇന്നലെ ഗോത്രവിഭാഗങ്ങള്‍ക്കൊപ്പമായിരുന്നു സമയം ചെലവഴിച്ചത്. അവര്‍ക്കൊപ്പം പ്രിയങ്ക ചുവടു വച്ചത് സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

Loading...