മലയാളം ഉള്‍പ്പെടെ നിരവധി ഭാഷകളില്‍ തിളങ്ങി നിന്നിരുന്ന നടിയായിരുന്നു രംഭ. വിജയലക്ഷ്മി എന്നാണ് രംഭയുടെ യഥാര്‍ഥ പേര്. ആന്ധ്രാപ്രദേശിലെ വിജയവാഡയാണ് നടിയുടെ സ്ഥലം. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ നടി സ്‌കൂള്‍ കലോത്സവങ്ങളില്‍ പങ്കെടുത്തുവരുന്നു. അങ്ങനെ ഒരു സ്‌കൂള്‍ പരിപാടിയില്‍ വെച്ച് രംഭയുടെ പ്രകടനം കണ്ട ഹരിഹരനാണ് രംഭയെ സിനിമയിലേക്ക് ക്ഷണിക്കുന്നത്.
തുടര്‍ന്ന് അദ്ദേഹം സംവിധാനം ചെയ്ത ക്ലാസിക്ക് സിനിമ സര്‍ഗത്തില്‍ രംഭയെ നായികയാക്കി. ആ സിനിമയില്‍ നായികയായി അഭിനിയിക്കുമ്പോള്‍ ചെറിയ കുട്ടിയായിരുന്നു രംഭ. വിനീത് ആയിരുന്നു ചിത്രത്തിലെ നായകന്‍. മനോജ് കെ ജയന്‍ അടക്കമുള്ളവരും സിനിമയുടെ ഭാഗമായിരുന്നു. മനോഹരമായ ഗാനങ്ങളുടെ പേരിലും ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമയാണ് സര്‍ഗം. അതേവര്‍ഷം തന്നെ കമല്‍ സംവിധാനം ചെയ്ത ചമ്പക്കുളം തച്ചനെന്ന സിനിമയിലും രംഭ നായികയായി. മലയാളത്തില്‍ രംഭ ചെയ്ത സിനിമകളെല്ലാം ഹിറ്റായിരുന്നു. രണ്ട് സിനിമകള്‍ മലയാളത്തില്‍ ചെയ്ത ശേഷം രംഭയ്ക്ക് മറ്റ് ഭാഷകളില്‍ നിന്നും അവസരങ്ങള്‍ ലഭിക്കാന്‍ തുടങ്ങി.
അപ്പോഴേക്കും നാടന്‍ ശൈലി വിട്ട് മോഡേണ്‍ ലുക്കും രംഭ പരീക്ഷിച്ച് തുടങ്ങിയിരുന്നു. നിരവധി ഗ്ലാമറസ് ലുക്കുകള്‍ പരീക്ഷിച്ചിട്ടുള്ള നടി കൂടിയാണ് രംഭ. അരുണാചലം, കാതലര്‍ ദിനം, മിന്‍സാരകണ്ണ, മിലിട്ടറി, അഴകിയ തീയെ തുടങ്ങിയവയാണ് രംഭ അഭിനയിച്ച് ശ്രദ്ധനേടിയ തമിഴ് സിനിമകള്‍. വിവിധ ഭാഷകളിലായി നൂറോളം സിനിമകളില്‍ രംഭ അഭിനയിച്ചിട്ടുണ്ട്. തെന്നിന്ത്യയിലൊട്ടാകെ നിരവധി ആരാധകരുണ്ടായിരുന്ന നടി വിവാഹത്തോടെ അഭിനയവും മോഡലിങുമെല്ലാം അവസാനിപ്പിച്ച് കുടുംബിനിയായി മാറി.
2010ലായിരുന്നു രംഭയുടെ വിവാഹം നടന്നത്. മൂന്ന് മക്കളാണ് രംഭയ്ക്കുള്ളത്. ഇപ്പോഴിത തന്റെ ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പമുള്ള വീഡിയോയുമായി എത്തിയിരിക്കുകയാണ് രംഭ. ബിസിനസുകാരനായ ഇന്ദ്രന്‍ പത്മനാഭനെയാണ് രംഭ ജീവിതപങ്കാളിയാക്കിയത്. താരം പങ്കുവെച്ച പുതിയ വീഡിയോയും ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്. വിവാഹ സമയത്തെ ഫോട്ടോകളടക്കം കോര്‍ത്തിണക്കിയാണ് രംഭ വീഡിയോ ചെയ്തിരിക്കുന്നത്. രംഭയുടേയും കുടുംബത്തിന്റേയും പുതിയ വീഡിയോ ആരാധകരും ഏറ്റെടുത്തു.
ഒരിടയ്ക്ക് രംഭയും ഭര്‍ത്താവും വിവാഹമോചനത്തിന് ഒരുങ്ങുന്നുവെന്ന തരത്തില്‍ നിരവധി വാര്‍ത്തകളും റിപ്പോര്‍ട്ടുകളും വന്നിരുന്നു. തന്നെ ഭര്‍ത്താവില്‍ നിന്നും പിരിക്കരുതെന്നാവശ്യപ്പെട്ട് രംഭ കോടതിയെ സമീപിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രംഭയുമായി ഒന്നിച്ച് കഴിയാനാവില്ലെന്നും ഡിവോഴ്സ് വേണമെന്നും ഭര്‍ത്താവ് ആവശ്യപ്പെട്ടിരുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ശേഷം കൗണ്‍സലിങിന് വിധേയരായ ഇരുവരും തങ്ങള്‍ക്കിടയിലെ പ്രശ്നങ്ങള്‍ പരിഹരിച്ച് ഒന്നിച്ച് മുന്നോട്ട് പോവാനായി തീരുമാനിക്കുകയായിരുന്നു.
സന്തുഷ്ട കുടുബജീവിതമാണ് തങ്ങളുടേതെന്ന് ഇരുവരും പിന്നീട് വ്യക്തമാക്കിയിരുന്നു. സിനിമകളില്‍ അഭിനയിക്കുന്നില്ലെങ്കിലും രംഭ 2017 മുതല്‍ 2020 വരെയുള്ള കാലഘട്ടത്തില്‍ ടെലിവിഷന്‍ പരിപാടികളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. 1992ല്‍ രണ്ട് സിനിമകള്‍ ചെയ്ത് അന്യ ഭാഷയിലേക്ക് പോയ രംഭ 1998ല്‍ മമ്മൂട്ടി ചിത്രം സിദ്ധാര്‍ഥയില്‍ നായികയായാണ് മലയാളത്തിലേക്ക് തിരിച്ചെത്തിയത്.