ബിസിനസ് പാര്‍ട്ണറെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍: പ്രശസ്ത സിനിമാ നിര്‍മാതാവ് പിടിയില്‍

കൊട്ടാരക്കര : ബിസിനസ് പങ്കാളിയായ സുഹൃത്തിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ സിനിമാ നിര്‍മാതാവ് അറസ്റ്റില്‍. ‘കിങ് ഫിഷര്‍’ എന്ന സിനിമയുടെ നിര്‍മാതാവ് മങ്ങാട് അജി മന്‍സിലില്‍ അംജിത്ത് (46) ആണ് കഴിഞ്ഞദിവസം തിരുവനന്തപുരം വിമാനത്താവളത്തില്‍ അറസ്റ്റിലായത്. അടൂര്‍ കണ്ണംകോട് നാലുതുണ്ടില്‍ വടക്കതില്‍ എ.ഷബീറി(40)നെ എം.സി.റോഡില്‍ കാര്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ച കേസിലാണ് അറസ്റ്റ്. കേസില്‍ പ്രതികളായ കിളികൊല്ലൂര്‍ ഒരുമ നഗര്‍-22 കാട്ടുപുറത്തുവീട്ടില്‍ ടി.ദിനേശ് ലാല്‍ (വാവാച്ചി), ചമ്ബക്കുളം വയലില്‍ പുത്തന്‍വീട്ടില്‍ എസ്.ഷാഫി, നക്ഷത്ര നഗര്‍-112 റഹിയാനത്ത് മന്‍സിലില്‍ വിഷ്ണു (22), വയലില്‍ പുത്തന്‍വീട്ടില്‍ പി.പ്രജോഷ് (31), കിളികൊല്ലൂര്‍ സ്വദേശി മാഹിന്‍ എന്നിവര്‍ നേരത്തേ അറസ്റ്റിലായിരുന്നു.

കേസിലെ ഒരു പ്രതി തീവണ്ടിതട്ടി മരിച്ചു. പോലീസ് പറയുന്നത്: 2019 മേയ് എട്ടിന് രാത്രി എം.സി.റോഡില്‍ കരിക്കത്തായിരുന്നു സംഭവം. ഗള്‍ഫില്‍ പോകാനായി തിരുവനന്തപുരം വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടെ ഷബീറിന്റെ കാര്‍, ആഡംബര വാഹനത്തിലെത്തിയ സംഘം തടഞ്ഞുനിര്‍ത്തി വടിവാളും ഇരുമ്ബുകമ്ബിയും കൊണ്ട് ആക്രമിച്ചു. ഡ്രൈവറെ ഓടിച്ചശേഷം ഷബീറിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഷബീറും അംജിത്തും പങ്കാളിത്ത വ്യവസ്ഥയില്‍ ദുബായില്‍ മൊബൈല്‍ കട നടത്തിയിരുന്നു. കച്ചവടാവശ്യത്തിനും സിനിമാ നിര്‍മാണത്തിനുമായി അംജിത്ത് ഷബീറില്‍നിന്നു ലക്ഷക്കണക്കിനുരൂപ കൈപ്പറ്റി.

Loading...

ഇതു തിരികെ നല്‍കാതിരിക്കാനായി ഷബീറിനെ കൊലപ്പെടുത്തുന്നതിന് ചമ്ബക്കുളം ആസ്ഥാനമായ സംഘത്തിന് ക്വട്ടേഷന്‍ നല്‍കി. പിടിയിലായവരെല്ലാം ഒട്ടേറെ കേസുകളില്‍ പ്രതികളാണ്. ഗള്‍ഫിലായിരുന്ന അംജിത്തിനായി പോലീസ് ലുക്കൗട്ട് നോട്ടീസും ഇറക്കിയിരുന്നു. ഷബീറിനെ കൊല്ലാന്‍ അംജിത്ത് ഏര്‍പ്പെടുത്തിയത് രണ്ടുലക്ഷം രൂപയുടെ ക്വട്ടേഷന്‍. കച്ചവടത്തില്‍ ഷബീര്‍ പങ്കാളിയാണെന്ന വസ്തുത അറിയാതിരിക്കാനും സാമ്ബത്തിക ക്രമക്കേടുകള്‍ മറയ്ക്കാനുമാണ് സുഹൃത്തിനെ ഇല്ലാതാക്കാന്‍ അംജിത്ത് ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു.

പണം കൂടാതെ ക്വട്ടേഷന്‍ സംഘത്തിലെ മാഹിന് ഗള്‍ഫില്‍ ജോലിയും വാഗ്ദാനം ചെയ്തിരുന്നു. വിവാഹാവശ്യത്തിനായി നാട്ടിലെത്തിയ ഷബീര്‍ ഗള്‍ഫിലേക്ക് മടങ്ങുന്ന ദിവസവും സമയവുമെല്ലാം സംഘത്തിനു കൈമാറിയത് അംജിത്ത് ആണ്. സംഭവത്തിനുശേഷം ഗള്‍ഫിലേക്കുപോയ മാഹിനെ, ആറുമാസംമുന്‍പ്‌ തിരികെയെത്തിയപ്പോള്‍ വിമാനത്താവളത്തില്‍വെച്ച്‌ അറസ്റ്റ് ചെയ്തു. തനിക്കെതിരായ കേസ് നടപടികള്‍ അറിയാന്‍ പലതവണ അംജിത്ത് വിവരാവകാശപ്രകാരം അപേക്ഷ നല്‍കിയിരുന്നു. ലുക്കൗട്ട് നോട്ടീസിന്റെ കാലാവധി കഴിഞ്ഞെന്ന ധാരണയില്‍ നാട്ടിലെത്തിയ അംജിത്ത് വിമാനത്താവളത്തില്‍ പിടിയിലാവുകയായിരുന്നു.