ഷെയിന്‍ ഒരു കോടി നല്‍കണമെന്ന് നിര്‍മ്മാതാക്കള്‍; അംഗീകരിക്കില്ലെന്ന് അമ്മ

നിര്‍മ്മാതാക്കളും നടന്‍ ഷെയിന്‍ നിഗവും തമ്മിലുള്ള തര്‍ക്കത്തിന് പരിഹാരം കാണാനെത്തിയ താര സംഘടന അമ്മ നിര്‍മ്മാതാക്കള്‍ക്ക് എതിരെ രംഗത്ത്. ഷെയിന്‍ നിഗം ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് നിര്‍മ്മാതാക്കളുടെ സംഘടന അമ്മയുമായി നടത്തിയ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടതാണ് താരസംഘടനയിലെ അംഗങ്ങളെ ചൊടിപ്പിച്ചത്.

ഷെയിന്‍ ഡബ്ബിങ് പൂര്‍ത്തിയാക്കിയതിന് ശേഷം പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് നിര്‍മ്മാതാക്കള്‍ വാക്ക് നല്‍കിയിരുന്നു. അതിന്റെ വെളിച്ചത്തിലാണ് ഉല്ലാസം സിനിമയുടെ ഡബ്ബിങ്ങ് പൂര്‍ത്തിയാക്കാന്‍ ആവശ്യപ്പെട്ടത്. ഷെയിന്‍ ഡബ്ബ് ചെയ്യുകയും ചെയ്തു. എന്നാല്‍ ഒരു കോടി രൂപ നല്‍കണമെന്നാണ് ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതേക്കുറിച്ച്‌ അവര്‍ നേരത്തെ സൂചന പോലും നല്‍കിയിരുന്നില്ല അമ്മ ഭാരവാഹികള്‍ പറഞ്ഞു.

Loading...

താരസംഘടനയായ അമ്മയുമായുള്ള ചര്‍ച്ചയിലാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നഷ്ട പരിഹാരം ആവശ്യപ്പെട്ടത്. എന്നാല്‍ ഷെയിന്‍-നിര്‍മ്മാതാക്കല്‍ തര്‍ക്കവിഷയത്തില്‍ സംഘടന ഷെയിനിനൊപ്പം തന്നെയാണെന്നും നിര്‍മ്മാതാക്കളുടെ ആവശ്യം അംഗീകരിക്കാനാകില്ലെന്നും അമ്മ ഭാരവാഹികള്‍ ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. ഷെയിന്‍ നിഗമിനെ മാനസികമായി പീഡിപ്പിക്കുന്ന നീക്കം നിര്‍മ്മാതാക്കളുടെ ഭാഗത്ത് നിന്നും ഉണ്ടായെന്ന് അമ്മ ഭാരവാഹികള്‍ ആരോപിച്ചു.

ജനുവരി 18ന് ഡബ്ബിങ് പൂര്‍ത്തിയാക്കിയ വിവരം ഷെയിന് തന്നെ വ്യക്തമാക്കിയിരുന്നു.
ഉല്ലാസത്തിന്റെ ഡബ്ബിങ് പൂര്‍ത്തിയാക്കിയ ശേഷം ഷെയിന്‍ വിഷയത്തില്‍ ചര്‍ച്ചയാകാം എന്നായിരുന്നു നിര്‍മ്മാതാക്കളുടെ നിലപാട്. ഇതേതുടര്‍ന്ന് അമ്മയുടെ നിര്‍വാഹക സമിതിയുടെ നിര്‍ദ്ദേശപ്രകാരം ഷെയിന്‍ ഉല്ലാസത്തിന്റെ ഡബ്ബിങ് പൂര്‍ത്തിയാക്കി നല്‍കുകയായിരുന്നു. ഒരാഴ്ച കൊണ്ടാണ് ഷെയിന്‍ സിനിമയുടെ ഡബ്ബിങ് പൂര്‍ത്തിയാക്കിയത്. മാര്‍ച്ചില്‍ ഉല്ലാസം തിയേറ്ററുകളില്‍ എത്തിക്കാനാണ് നിര്‍മ്മാതാക്കളുടെ പദ്ധതി. ഡബ്ബിങ് പൂര്‍ത്തീകരിച്ചതോടെ ഷെയിന്‍ വിഷയത്തില്‍ സമവായ ചര്‍ച്ചകള്‍ക്കുള്ള വഴി തെളിഞ്ഞു എന്നാണ് കരുതിയത്. എന്നാല്‍ ഡബ്ബിങ് പൂര്‍ത്തിയാക്കിയിട്ടും നിലപാട് കടുപ്പിച്ച്‌ തന്നെയാണ് നിര്‍മ്മാതാക്കളുടെ സംഘടനയും നിലകൊള്ളുന്നത്.

തിരുവനന്തപുരത്ത് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്കിടെയാണ് നിര്‍മ്മാതാക്കള്‍ക്കെതിരെ ഷെയ്ന്‍ നിഗം വിവാദപരാമര്‍ശം നടത്തിയത്. ഷെയ്‌നുമായി സഹകരിക്കേണ്ടെന്ന നിര്‍മ്മാതക്കളുടെ തീരുമാനം പിന്‍വലിക്കാന്‍ താരസംഘടനയായ അമ്മയുടെ മധ്യസ്ഥതയില്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയായിരുന്നു ഷെയ്ന്റെ പരാമര്‍ശം. എന്നാല്‍ പ്രശ്‌നങ്ങള്‍ക്കിടയിലും വലിയ പെരുന്നാള്‍ എന്ന സിനിമ തീയറ്ററിലെത്തിയെങ്കിലും ഇത് പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല. നിരവധി ഗെറ്റപ്പുകളില്‍ പ്രത്യക്ഷപ്പെടേണ്ട ‘വെയില്‍’ സിനിമയില്‍ ഷെയിന്‍ കാരറൊപ്പിട്ട ശേഷം തോന്നിയത് പോലെ മുടിയും താടിയും മുറിച്ചുകളഞ്ഞതാണ് വിവാദത്തിന് ഇടയാക്കിയത്. ഇതോടെ ഷെയിനിനെതിരെ കടുത്ത നടപടിയും നിര്‍മ്മാതാക്കള്‍ കൈക്കൊണ്ടു. വെയില്‍ നവംബറില്‍ റിലീസ് നിശ്ചയിച്ചതാണ്, സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈമുമായി കരാറും ഉണ്ടായിരുന്നു. ചിത്രീകരണം മുടങ്ങിയതും റിലീസ് വൈകുന്നതും സിനിമയുടെ വിപണിയെ സാരമായി ബാധിച്ചു.

നേരത്തെ നിര്‍മ്മാതാവ് ജോബി ജോര്‍ജുമായുള്ള ഭിന്നതയില്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ഷെയ്ന്‍ വീണ്ടും വെയിലില്‍ അഭിനയിക്കാന്‍ തുടങ്ങിയത്. എന്നാല്‍ സിനിമയില്‍ തിരികെ എത്തിയ ഷെയ്നിനെ പുലര്‍ച്ചെ രണ്ടര മണിവരെ നിര്‍ബന്ധിപ്പിച്ച്‌ അഭിനയിപ്പിച്ചെന്നും സെറ്റില്‍ നിന്നും മാനസികമായി തകര്‍ന്നാണ് താരം തിരികെ എത്തിയതെന്നും താരത്തിന്റെ മാനേജര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ സിനിമയുടെ നിര്‍മ്മാതാവ് തന്നെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതും താരം പുറത്തുവിട്ടിരുന്നു.