തിരുവനന്തപുരം: ഇനി പ്രമേഹ രോഗിയേ വേദനിപ്പിച്ച് രക്തം കുത്തിയെടുക്കേണ്ട. കൈവിരൽ സ്പർശനത്തിൽ പ്രമേഹം എത്രയെന്ന് അറിയാവുന്ന നൂതനമായ കണ്ടുപിടുത്തവുമായി പ്രവാസി മലയാളി ശാസ്ത്രജ്ഞൻ ലോക പ്രശസ്തനാകുന്നു. ലണ്ടനിലെ ലീഡ്സ് സര്‍വകലാശാലയിലെ പ്രൊഫസറും പെരുമ്പാവൂര്‍ സ്വദേശിയുമായ ജിന്‍ ജോസിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് ആഗോള തലത്തില്‍ ശ്രദ്ധേയമാവാനിരിക്കുന്ന ഈ സുപ്രധാനമായ ഈ കണ്ടെത്തല്‍ നടത്തിയത്. വിരല്‍ത്തുമ്പിലെ രക്തം കുത്തിയെടുത്ത് പരിശോധിക്കുന്ന നിലവിലെ രീതിക്ക് പകരം ലേസര്‍ സെന്‍സര്‍ ഉപയോഗിച്ച് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കണ്ടെത്തുന്ന ‘ഗ്ലൂക്കോസെന്‍സ്’ എന്ന ഉപകരണമാണ് പ്രൊഫ. ജിന്‍ ജോസും സംഘവും വികസിപ്പിച്ചത്. ഡോക്ടര്‍മാര്‍ക്ക് പരിശോധനാ ഫലം നേരിട്ട് അയക്കാനും സ്മാര്‍ട്ട് ഫോണിലൂടെ നേരിട്ട് വിവരം ശേഖരിക്കാനും കഴിയുന്ന വിധം ഇത് വികസിപ്പിച്ച് വ്യവസായികാടിസ്ഥാനത്തില്‍ ഉല്‍പ്പാദിപ്പിച്ച് വൈകാതെ വിപണിയില്‍ എത്തിക്കാനുള്ള ശ്രമങ്ങളിലാണ് കോട്ടയം എം.ജി സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് പ്യൂവര്‍ ആന്റ് അപ്ലൈഡ് ഫിസിക്സ് (SPAP) മുന്‍ വിദ്യാര്‍ത്ഥി പ്രൊഫ. ജിന്‍ജോസ്. സ്കൂള്‍ ഓഫ് പ്യൂവര്‍ ആന്റ് അപ്ലൈഡ് ഫിസിക്സ് (SPAP) വിദ്യാര്‍ത്ഥി ആയിരുന്ന മലയാളിയായ ടോണി ടെഡി ഫെര്‍ണാണ്ടസ് അടക്കമുള്ള ഗവേഷകരാണ് ഈ ഉപകരണത്തിനു പിന്നില്‍.
രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കണ്ടെത്തുന്നതിന് വിരലില്‍ നിന്ന് ഒരു തുള്ളി രക്തം കുത്തിയെടുത്ത് പരിശോധനാ സ്ട്രിപ്പില്‍ വെച്ച് ഗ്ലൂക്കോമീറ്റര്‍ എന്ന ഉപകരണത്തിലൂടെ പരിശോധിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. ദിവസം പല തവണ ചെയ്യേണ്ടി വരുന്ന ഈ പരിശോധനയ്ക്ക് അസൌകര്യങ്ങള്‍ ഏറെയാണ്. ഇതിനു പരിഹാരമായി ശക്തി കുറഞ്ഞ ലേസര്‍ സെന്‍സര്‍ ഉപയോഗിച്ച് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കണ്ടെത്തുന്ന ലളിതവും വേദന ഇല്ലാത്തതുമായ ബദല്‍ മാര്‍ഗമാണ് പ്രൊഫ. ജിന്‍ ജോസും സംഘവും കണ്ടെത്തിയ ‘ഗ്ലൂക്കോസെന്‍സ്’. ഈ ഉപകരണത്തിലൂടെ ഗ്ലൂക്കോസ് നിലയിലെ വ്യതിയാനങ്ങള്‍ നിരന്തരം അടയാളപ്പെടുത്താനാവും.
നൂതനമായ സാങ്കേതിക വിദ്യയിലൂടെ വികസിപ്പിച്ച, ലേസറിന്റെ സഹായത്തോടെ ഫ്ലൂറസന്‍സ് പ്രദര്‍ശിപ്പിക്കുന്ന ഒരു പ്രത്യേകതരം ഗ്ലാസാണ് ഗ്ലൂക്കോസെന്‍സ് എന്ന ഉപകരണത്തിന്റെ പ്രധാന ഭാഗം. ഈ ഉപകരണത്തിലെ ഗ്ലാസ് പ്രതലത്തില്‍ സ്പര്‍ശിക്കുമ്പോള്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിലെ വ്യതിയാനങ്ങള്‍ക്ക് അനുസരിച്ച് ഇതിന്റെ തിളക്കത്തിന്റെ ദൈര്‍ഘ്യത്തിനു വ്യത്യാസം വരും. സെക്കന്‍ഡിന്റെ ലക്ഷത്തില്‍ ഒന്നുവരെ വരുന്ന ഈ വ്യത്യാസം അളന്നാണ് ശക്തി കുറഞ്ഞ ലേസര്‍ സെന്‍സര്‍ ഉപയോഗിച്ചു ള്ള ഈ ഉപകരണം രക്തത്തിലെ ഗ്ലൂക്കോസിന്റെ നില കണ്ടെത്തുന്നത്. ഈ പരിശോധനയ്ക്ക് 30 സെക്കന്റ് മതിയാവും. രക്തത്തിലെ ഗ്ലൂക്കോസ് നില നിരന്തരം നിരീക്ഷിക്കാന്‍ കഴിയുന്നു എന്നതാണ് ഈ ഉപകരണത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയെന്ന് പ്രൊഫ. ജിന്‍ജോസ് പറഞ്ഞു. ഗ്ലൂക്കോസ് നിലയില്‍ വ്യത്യാസം വരുമ്പോള്‍ തന്നെ ഉപയോക്താവിനെ അറിയിക്കാനും ഉടന്‍ ചികില്‍സ ലഭ്യമാക്കാനുമുള്ള അവസരമാണ് ഈ ഉപകരണത്തിലൂടെ ലഭ്യമാവുന്നത്.
വിപണിയിലേക്ക്
സര്‍വകലാശാലകളിലുണ്ടാവുന്ന ഉപകാരപ്രദമായ കണ്ടെത്തലുകളെ വ്യവസായികാടിസ്ഥാനത്തില്‍ വിപണിയിലെത്തിക്കുന്ന NetScientific plc എന്ന ബയോ മെഡിക്കല്‍ സ്ഥാപനവും ലീഡ്സ് സര്‍വകലാശാലയും സംയുക്തമായാണ് ഈ ഉപകരണം വിപണിയില്‍ എത്തിക്കാന്‍ ശ്രമിക്കുന്നത്. ഇരു സ്ഥാപനങ്ങളും സംയുക്തമായി രൂപവല്‍കരിക്കുകയും ധനസഹായം നല്‍കുകയും ചെയ്യുന്ന ഗ്ലൂക്കോ സെന്‍സ് ഡയഗ്നോസ്റിക്സ് (www.glucosense.net) എന്ന കമ്പനിയിലൂടെയായിരിക്കും ഈ ഉപകരണം വിപണിയില്‍ എത്തുക.