തിരുവനന്തപുരം: യഥാര്‍ഥമെന്നു പറഞ്ഞ് സരിത നായര്‍ വാര്‍ത്താസമ്മേളനത്തില്‍ ഉയര്‍ത്തിക്കാട്ടിയ കത്തിലെ പേരുകളെച്ചൊല്ലി പുതിയ വിവാദം. കത്തില്‍ കേരളത്തില്‍ നിന്നുള്ള രാഷ്ട്രീയ പ്രമുഖര്‍, സിനിമാ നടന്മാര്, കൂടാതെ ഗള്‍ഫ്, അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നുള്ള വ്യവസായ പ്രമുഖര്‍ എന്നിവര്‍ ഉള്‍പ്പെടുന്നതായി റിപ്പോര്‍ട്ട് ചെയ്യുന്നു.
യാഥാര്‍ത്ഥ കത്തെന്ന പേരില്‍ സരിത മാധ്യമങ്ങള്‍ക്ക് കാണിച്ച കത്തിലും ജോസ് കെ മാണിയുടെ പേരുണ്ട്. ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ ജോസ് കെ മാണി നിര്ബന്ധിച്ചുവെന്നുതന്നെയാണ് അതിലെയും പരാമര്‍ശം.
മുന്‍ മന്ത്രി കെ സി വേണുഗോപാല്‍, മന്ത്രി കെ പി അനില്‍ കുമാര്‍, ബഷീറലി തങ്ങള്‍, ഹൈബി ഈഡന് എംഎല്‍എ എന്നിവരുടെ പേരുകളും കത്തിലുണ്ട്. നടന് മോഹന്‍ലാലിന്റെ പേരും കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഇവരെ കൂടാതെയാണ് പ്രവാസി അമേരിക്ക, ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള വ്യവസായ പ്രമുഖരുടെ പേരുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഉയര്‍ത്തിക്കാട്ടിയ കത്തിലെ എഴുതിയിരുന്ന പേരുകളാണ് ഇവയെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ ദിവസം മാധ്യമങ്ങളിലൂടെ പുറത്ത് വന്ന കത്ത് വ്യാജമാണെന്നും തന്റേതല്ലെന്നും സരിത വെളിപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്ന് സരിത നടത്തിയ പത്രസമ്മേളനത്തിലാണ് യഥാര്‍ഥ കത്ത് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചത്. എന്നാല്‍ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ തന്റെ യഥാര്‍ഥ കത്ത് പുറത്ത് വിടില്ലെന്ന് സരിത വ്യക്തമാക്കുകയും ചെയ്തു.
കത്ത് പുറത്തുവിടില്ലെന്ന് സരിത പറഞ്ഞെങ്കിലും കത്തിലെ വിവിധ പേജുകളുടെ ഫോട്ടോകള്‍ ആണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്.
കോട്ടയം എംപി ജോസ് കെ മാണിയും കോണ്‍ഗ്രസ് മന്ത്രിമാരില്‍ ചിലരും ലൈംഗികമായി ഉപയോഗിച്ചുവെന്ന് പരാമര്‍ശിച്ച് തന്റെ പേരില്‍ വന്ന കത്ത് വ്യാജമാണെന്ന സരിത എസ് നായരുടെ നിലപാട് പൊളിയുന്നു. പുറത്ത് വന്ന കത്ത് വ്യാജമാണെന്ന് തെളിയിക്കാന്‍ സരിത മാധ്യമങ്ങളെ കാണിച്ച ഇംഗ്ലീഷ് കുറിപ്പിലും ജോസ് കെ മാണിയുടെ പേരുണ്ട്. വൈകിട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇംഗ്ലീഷ് കുറിപ്പുമായി സരിത എത്തിയത്. ഈ കുറിപ്പിലാണ് ഏഴാം നമ്പറായി ജോസ് കെ മാണിയുടെ പേരും ഡല്‍ഹിയില്‍ വെച്ച് കണ്ടെന്നും ശാരീരീക ബന്ധത്തിന് നിര്‍ബന്ധിച്ചെന്നും എഴുതിയിരിക്കുന്നത്. (07) Jose K Mani: met him @ delhi forced to do sex). ജോസ് കെ മാണിക്ക് പുറമെ പിസി വിഷ്ണുനാഥ്, ആര്യാടന് മുഹമ്മദ്, അടൂര്‍ പ്രകാശ്, കെ.സി. വേണുഗോപാല്‍, നടന് മോഹന്‍ലാല്‍ എന്നിവരുടെ പേരുകളും, പ്രവാസി മലയാളികളുടെ പേരുകളും സരിതയുടെ കുറിപ്പിലുണ്ട്. എന്നാല്‍ ഇവര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ എന്തൊക്കെയാണെന്ന കാര്യത്തില്‍ വ്യക്തതയില്ല.
കൂടാതെ സരിത നേരത്തെ എഴുതിയ പരാതികളില്‍ ഉപയോഗിച്ച അതേ കൈയെഴുത്താണ് കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവന്ന കത്തിലുമുള്ളത്. പരസ്പരം വേര്‍തിരിക്കാനാകാത്ത വിധം സാമ്യമുള്ള കൈയെഴുത്താണ് ഇവയെന്ന് പരിശോധനയില്‍ വ്യക്തമാകുന്നു. എ.പി അബ്ദുള്ളക്കുട്ടി എംഎല്‍എ തന്നെ ഹോട്ടലില്‍ വെച്ച് ബലാത്സംഗം ചെയ്തുവെന്ന് കാണിച്ച് സരിത എസ് നായര്‍ തിരുവനന്തപുരം വനിതാ പൊലീസ് സ്റ്റേഷന് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് നല്കിയ പരാതി നേരത്തെ മാധ്യമങ്ങള്‍ക്ക് ലഭിച്ചിരുന്നു. ഇതിലെ കൈയെഴുത്ത് തന്നെയാണ് പുതുതായി പുറത്തുവന്ന കത്തിലുമുള്ളത്. രണ്ട് രേഖകളിലേയും കൈയക്ഷരങ്ങള്‍ പരിശോധിച്ച ഫോറന്‍സിക് വിദഗ്ധരും കൈയെഴുത്ത് ഒരാളുടേതാണെന്ന സൂചനയാണ് നല്‍കുന്നത്.
കഴിഞ്ഞദിവസം വിവാദമായ കത്ത് മാധ്യമങ്ങളില്‍ വരുന്നതിന് മുമ്പ് റിപ്പോര്‍ട്ടര്‍ ചാനല്‍ എഡിറ്റര്‍ എം വി നികേഷ് കുമാറിനോട് സംസാരിച്ച സരിത ജോസ് കെ മാണിക്കെതിരായ പരാമര്‍ശം സ്ഥിരീകരിക്കുന്നുണ്ട്. സരിതയുടെ 23 പേജുള്ള കത്തിലെ ചില ഭാഗങ്ങള്‍ കിട്ടിയിട്ടുണ്ടെന്നും അത് മുന്‍നിര്‍ത്തിയുള്ള ചര്‍ച്ചയ്ക്ക് സരിത നേരിട്ട് ചാനല്‍ സ്റ്റുഡിയോയില്‍ എത്തണമെന്നും ആവശ്യപ്പെട്ട നികേഷിനോട് ജോസ് കെ മാണിക്കെതിരായ കാര്യമല്ലേ എന്ന് സരിത തിരിച്ച് ചോദിക്കുന്നുണ്ട്. സരിത കൂടി പങ്കെടുത്താല്‍ മാത്രമേ ഈ വാര്‍ത്ത നല്കുന്നതില് കാര്യമുള്ളൂ എന്ന് പറയുമ്പോള്‍ എത്താന്‍ ശ്രമിക്കാം എന്നാണ് സരിതയുടെ മറുപടി.
എന്നാല്‍ ജോസ് കെ മാണിക്കെതിരായ ലൈംഗിക ആരോപണം ഉള്‍ക്കൊള്ളുന്ന കത്ത് പുറത്തുവന്നതിന് തൊട്ടുപിന്നാലെ സരിത കത്തിന്റെ ആധികാരികതയെ ചോദ്യം ചെയ്യുകയായിരുന്നു. താന്‍ എഴുതിയ കത്തില്‍ ജോസ് കെ മാണിക്കെതിരായ പരാമര്‍ശം ഇല്ലെന്നും കത്ത് പി.സി ജോര്‍ജ് കെട്ടിച്ചമച്ചതാണെന്നും സരിത ആരോപിച്ചു.
നേരത്തെ സരിത കുറിപ്പിലെഴുതിയ കാര്യങ്ങള്‍ മൊഴിയായി സ്വീകരിക്കാതിരുന്ന അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എന്‍.വി രാജുവിന്റെ നടപടി വലിയ കോളിളക്കമുണ്ടാക്കിയിരുന്നു. താനൊരു യുഡിഎഫ് നേതാവിന് മൊഴിയുടെ പകര്‍പ്പ് നല്‍കിയതായി നേരത്തെ സരിത വെളിപ്പെടുത്തുകയും ചെയ്തിരുന്നു. കത്തിന്റെ പേരില്‍ യുഡിഎഫ് രാഷ്ട്രീയം തന്നെ വലിയ പ്രതിസന്ധിയില്‍ നില്ക്കുമ്പോള് സരിത സ്വന്തം കുറിപ്പിനെ തള്ളിപ്പറയുന്നത് കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്ന് വിലയിരുത്തപ്പെടുന്നു.
കത്ത് പുറത്തു വിടുന്നില്ല, അബ്ദുള്ളക്കുട്ടിക്ക് എതിരായ പരാതി എഴുതിയത് മറ്റൊരാള്‍:
കേരളത്തിലുണ്ടാകാന്‍ സാധ്യതയുള്ള രാഷ്ട്രീയ പ്രത്യാഘാതങ്ങളോര്‍ത്ത് തന്റെ കൈവശമുള്ള കത്ത് പുറത്തുവിടുന്നില്ലെന്ന് സരിത എസ് നായര്‍. ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന കത്തിലെ കൈയക്ഷരവുമായി സാമ്യമുണ്ടെന്ന് മാധ്യമങ്ങള്‍ അവകാശപ്പെടുന്ന അബ്ദുള്ളകുട്ടിക്ക് എതിരായ പരാതി താനല്ല എഴുതി തയാറാക്കിയത്. അത് മറ്റൊരാളെ കൊണ്ട് എഴുതിക്കുകയായിരുന്നു. ആ കൈയക്ഷരം കോപ്പി അടിച്ചാണ് ഇപ്പോള്‍ കത്ത് ഉണ്ടാക്കിയിരിക്കുന്നതെന്നും സരിത പറഞ്ഞു.
ഇന്ന് രാവിലെ മാധ്യമങ്ങളെ കണ്ട സരിത തന്റെ കൈവശമുള്ള കത്ത് മാധ്യമങ്ങളെ കാണിക്കുമെന്നും അപ്പോള്‍ യഥാര്‍ത്ഥ കത്ത് ഏതാണെന്ന് ജനങ്ങള്‍ക്ക് മനസ്സിലാകുമെന്നും വെല്ലുവിളി നടത്തിയിരുന്നു. അതീവ ക്ഷോഭത്തിലായിരുന്നു രാവിലെ സരിത സംസാരിച്ചത്. എന്നാല്‍ വൈകിട്ടായപ്പോഴേക്കും അവര്‍ നിലപാട് തിരുത്തി എഴുത്ത് പുറത്തുവിടാന്‍ സാധ്യമല്ലെന്ന് പറഞ്ഞു.
സരിത നടത്തിയ വാര്‍ത്താസമ്മേളനം:
ഇപ്പോള്‍ പുറത്തുവന്ന കത്ത് തന്റേതല്ല. തന്റെ കയ്യക്ഷരം പരിശോധിക്കം. മാധ്യമങ്ങള്‍ വഴി പുറത്തുവന്നത് കൈയക്ഷരം കോപ്പിയടിച്ച് എഴുതിയതാണ്. എന്നാല്‍ തന്റെ കയ്യിലുള്ള കത്ത് പുറത്തുവിടാനും സരിത തയ്യാറായില്ല.
മുപ്പതു പേജുള്ള കത്താണ് എഴുതിയത്. കത്തില്‍ രാഷ്ട്രീയക്കാരുടേയും ഉന്നതരുടേയും പേരുകളുണ്ട്. ജോസ് കെ മാണിയുടെ പേര് കത്തില്‍ ഇല്ല. തന്നെ ഉപയോഗിച്ച് തേജോവധം ചെയ്യാന്‍ ശ്രമിക്കേണ്ട. യഥാര്‍ത്ഥ കത്തു പുറത്തുവിടില്ല. പി സി ജോര്‍ജ്ജിനു കത്തു നല്‍കിയിട്ടില്ല. കത്തു കൊടുത്തത് ഗണേഷ് കുമാറിന്റെ പിഎയ്ക്ക് ആണെന്നും സരിത പറഞ്ഞു.