കെടി ജലീലിന്റെ രാജി: വനിതാ മോർച്ച മാര്‍ച്ചിൽ സംഘര്‍ഷം: ബാരിക്കേഡിൽ കയറി സെക്രട്ടേറിയറ്റിലേക്ക് ചാടാൻ ശ്രമം

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും കെടി ജലീലും രാജി വക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്ത് ഇന്നും സംഘർഷം. വനിതാമോര്‍ച്ച പ്രവര്‍ത്തകരുടെ സെക്രട്ടേറിയറ്റ് മാര്‍ച്ചിൽ സംഘര്‍ഷം. ബാരിക്കേഡ് തള്ളിമാറ്റാൻ ശ്രമിച്ച പ്രവര്‍ത്തകര്‍ ബാരിക്കേഡിന് മുകളിൽ കയറി സെക്രട്ടേറിയറ്റ് വളപ്പിലേക്ക് ചാടിക്കയറാൻ ശ്രമിച്ചു . പൊലീസുമായി പലപ്പോഴും ഉന്തും തള്ളും സംഘര്‍ഷവുമായി.

പ്രതിഷേധക്കാര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിക്കുമെന്ന് പലവട്ടം മുന്നറിയിപ്പ് നൽകിയിട്ടും പ്രവർത്തകര്‍ പിൻമാറിയില്ല. പിന്നാലെ റോഡിൽ കുത്തിയിരുന്നും പ്രവർത്തകര്‍ പ്രതിഷേധിച്ചു. വനിതാ മോര്‍ച്ച പ്രതിഷേധത്തിന് പിന്തുണയുമായി കുടുതൽ പ്രവര്‍ത്തകര്‍ എത്തിയതോടെ പൊലീസ് സമരക്കാര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു

Loading...

അതേസമയം പ്രതിഷേധങ്ങള്‍ കനക്കുമ്പോഴും മന്ത്രി കെടി ജലീല്‍ മൗനം തുടരുകയാണ്. ഇന്നലെ രാത്രി തിരുവനന്തപുരത്ത് എത്തിയ ജലീല്‍ കനത്ത പൊലീസ് കാവലില്‍ മന്ത്രിമന്ദിരത്തില്‍ തുടരുകയാണ്. മന്ത്രിയുടെ രാജി വേണ്ടെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുയാണ് സിപിഎമ്മും ഇടതുമുന്നണിയും.

മലപ്പുറത്തെ സ്വന്തം വീടു മുതല്‍ തിരുവനന്തപുരത്തെ മന്ത്രി മന്ദിരം വരെയുളള യാത്രയിലുടനീളം പ്രതിഷേധം നേരിട്ട മന്ത്രി വീട്ടില്‍ നിന്ന് പുറത്തിറങ്ങിയതേയില്ല. വര്‍ക്ക് ഫ്രം ഹോമിന്‍റെ തിരക്കിലാണ് താനെന്ന മറുപടിയാണ് ഫോണില്‍ സംസാരിച്ച ചില മാധ്യമ പ്രവര്‍ത്തകര്‍ക്ക് മന്ത്രി നല്‍കിയത്. പ്രതിഷേധ സാഹചര്യം കണക്കിലെടുത്ത് കനത്ത പൊലീസ് ബന്തവസിലാണ് മന്ത്രിയുടെ വീടടങ്ങുന്ന കന്‍റോണ്‍മെന്‍റ് ക്യാമ്പസ്.