സിസ്റ്റര്‍ ലൂസിയുടെ ആത്മകഥയ്ക്ക് എതിരെ തലശ്ശേരി അതിരൂപതാ വിശ്വാസികള്‍

കണ്ണൂരില്‍ നടക്കുന്ന ഡി സി ബുക്സിന്റെ പുസ്തക മേളക്കെതിരെ തലശ്ശേരി അതിരൂപതയുടെ പ്രതിഷേധം. തിങ്കളാഴ്ച്ച രാവിലെ മെഗാ ബുക്ക് ഫെയര്‍ നടക്കുന്ന സ്ഥലത്തേക്ക് പ്രതിഷേധപ്രകടവുമായെത്തിയ സംഘം ബുക്ക് ഫെയര്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. സംഘര്‍ഷാവസ്ഥയെത്തുടര്‍ന്ന് പുസ്തക മേള താത്കാലികമായി അവസാനിപ്പിച്ചു. കഴിഞ്ഞ ആഴ്ചയാണ് ടൗണ്‍ സ്‌ക്വയറില്‍ പുസ്തക മേള തുടങ്ങിയത്. പിന്നീട് രൂപതാ പ്രതിനിധി ഫാ മാത്യു ആശാരിപ്പറമ്ബില്‍ ഡിസി ബുക്‌സില്‍ എത്തി ക്ഷമ ചോദിച്ചു. കുറച്ച്‌ കുട്ടികള്‍ വന്നാണ് അത് ചെയ്തതെന്നും സഭയുടെ അറിവോ അനുമതിയോ അതിന് ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ആത്മകഥയായ ‘കര്‍ത്താവിന്റെ നാമത്തില്‍’ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ഡിസി പ്രസിദ്ധീകരിച്ചത്. ഇതില്‍ പ്രതിഷേധിച്ചാണ് ഒരു സംഘം രംഗത്തുവന്നത്. പുസ്തകം പുറത്തുവന്നതിന് പിന്നാലെ സിസ്റ്റര്‍ ലൂസി കളപ്പുരക്കെതിരെയും പ്രതിഷേധപ്രകടനങ്ങള്‍ നടന്നിരുന്നു.

Loading...

പുസ്തകത്തിന്റെ അച്ചടിയും വിതരണവും തടയണമെന്നാവശ്യപ്പെട്ട് നേരത്തെ എസ്‌എംഐ സന്യാസിനി സഭാംഗമായ സിസ്റ്റര്‍ ലിസിയ ജോസഫ് ഹൈക്കോടതിയില്‍ കഴിഞ്ഞ ദിവസം സമര്‍പ്പിച്ച ഹര്‍ജി തള്ളിയിരുന്നു. പുസ്തകത്തിന്റെ ഉള്ളടക്കത്തില്‍ ആക്ഷേപമുണ്ടെങ്കില്‍ പൊലീസില്‍ പരാതിപ്പെടാമെന്നും നടപടിയുണ്ടായില്ലെങ്കില്‍ മജിസ്ട്രേറ്റിനെ സമീപിക്കാമെന്നും വ്യക്തമാക്കിയാണ് ഹൈക്കോടതി ഹര്‍ജി തള്ളിയത്.

ഡിസി ബുക്സ് പുറത്തിറക്കിയ പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ കന്യാസ്ത്രീകള്‍ക്കും പുരോഹിതര്‍ക്കും വിശ്വാസി സമൂഹത്തിനും നാണക്കേട് ഉണ്ടാക്കുന്നതാണ്. അതിനാല്‍ ഇതിന്റെ അച്ചടിയും വിതരണവും നിര്‍ത്തിവെക്കണം എന്നായിരുന്നു ഹര്‍ജിക്കാരിയുടെ ആവശ്യം. കത്തോലിക്കാ സഭയെക്കുറിച്ച്‌ പൊതുസമൂഹത്തിലും പ്രത്യേകിച്ച്‌ ക്രിസ്ത്യന്‍ സമുദായങ്ങള്‍ക്കിടയിലും സദാചാര ബോധമുളളവരിലും നേരായ ജീവിതം നയിക്കുന്നവര്‍ക്കിടയിലും തെറ്റായ സന്ദേശമാണ് പുസ്തകം പ്രചരിപ്പിക്കുന്നതെന്നും ഹര്‍ജിക്കാരി ആരോപിച്ചിരുന്നു.

2019 നവംബര്‍ അവസാനമാണ് സിസ്റ്റര്‍ ലൂസിയുടെ ആത്മകഥ വിപണയില്‍ എത്തിയത്. സെമിനാരിയിലും മഠങ്ങളിലും കന്യാസ്ത്രീകള്‍ക്കും വൈദിക വിദ്യാര്‍ത്ഥികള്‍ക്കും പുരോഹിതരില്‍ നിന്നും നിരവധി ലൈംഗിക അതിക്രമങ്ങളാണ് നേരിടേണ്ടി വരുന്നതെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര ആത്മകഥയില്‍ പറയുന്നു. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തില്‍ സഭയ്ക്കും സഭയിലെ പൗരോഹിത്യത്തിനും എതിരെ നിരവധി വെളിപ്പെടുത്തലുകളാണ് ലൂസി നടത്തുന്നത്. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ എം കെ രാംദാസാണ് ആത്മകഥ തയ്യാറാക്കിയത്.

പുരോഹിതരില്‍ നിന്നും നാലുതവണ ലൈംഗിക അതിക്രമം നേരിട്ടിരുന്നുവെന്നും ലൂസി വെളിപ്പെടുത്തിയത് ഏറെ വിവാദമായിരുന്നു. കൂടാതെ മഠങ്ങളില്‍ സന്ദര്‍ശകരെന്ന വ്യാജേന എത്തി വൈദികര്‍ ചൂഷണം നടത്തുന്നു, കൊട്ടിയൂര്‍ പീഡനക്കേസിലെ പ്രതി ഫാ. റോബിന് പല കന്യാസ്ത്രീകളുമായി ബന്ധം ഉണ്ടായിരുന്നു, മഠത്തില്‍ കഴിഞ്ഞിരുന്ന കന്യാസ്ത്രീ പ്രസവിച്ചെന്നും ഉത്തരവാദിയായ വൈദികനെ സഭ സംരക്ഷിച്ചുവെന്നും ലൂസി പുസ്തകത്തില്‍ ആരോപിക്കുന്നുണ്ട്.

ഏറെ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിൽ സിസ്റ്റർ ലൂസി കളപ്പുരയുടെ ആത്മകഥ പുറത്തിറങ്ങി. കർത്താവിന്‍റെ നാമത്തിൽ എന്ന് പേരിട്ട പുസ്തകത്തിന്‍റെ പ്രകാശനം കൊച്ചിയിൽ നടന്ന ചടങ്ങിൽ എഴുത്തുകാരൻ ബെന്യാമിൻ നിർവഹിച്ചു.

അപരനെ അംഗീകരിക്കാൻ മടിക്കുന്നതാണ് ഫാസിസമെന്നും സിസ്റ്റർക്കെതിരായ പ്രതിഷേധവും ഈ രീതിയിലെ വിലയിരുത്താൻ കഴിയുകയുള്ളൂവെന്നും പുസ്തകം പ്രകാശനം ചെയ്ത ബെന്യാമിൻ പറഞ്ഞു. സമൂഹത്തിൽ എല്ലായിടത്തുമെന്ന പോലെ ജീർണത ക്രൈസ്തവ സഭയെയും ബാധിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.