സംസ്ഥാന വ്യാപകമായി പ്രതിപക്ഷ പ്രതിഷേധം: ശബരിക്കും ഷാഫിക്കും പരുക്ക്‌

തിരുവനന്തപുരം∙ മന്ത്രി കെ.ടി.ജലീലിൻറെ രാജി ആവശ്യപ്പെട്ട് തുടർച്ചയായ നാലാം ദിവസവും സംസ്ഥാനത്ത് വ്യാപകപ്രതിഷേധം. പലയിടത്തും മാർച്ചിൽ സംഘർഷവും അക്രമണവും ഉണ്ടായി.

സെക്രട്ടേറിയറ്റിലേക്ക് നടത്തിയ യൂത്ത് കോൺഗ്രസ് മാർച്ചിന് നേരെ പൊലീസ് ഗ്രനേഡും കണ്ണീർ വാതകവും പ്രയോഗിച്ചു. സംഘർഷം രൂക്ഷമായതോടെ പൊലീസ് ലാത്തി വീശി. കെ.എസ്.ശബരീനാഥൻ, ഷാഫി പറമ്പിൽ എന്നിവർക്കടക്കം ഒട്ടേറെ പ്രവർത്തകർക്ക് പരുക്കേറ്റു. യുവമോർച്ച, മഹിളാ മോർച്ച പ്രതിഷേധത്തിനു നേരേയും പൊലീസ് ലാത്തിവീശി.

Loading...

സെക്രട്ടേറിയേറ്റിനു മുൻപിൽ എസ്‍ഡിപിഐ പ്രവർത്തകർ ജലീലിൻറെ കോലം കത്തിച്ചു. യുവമോ‍ർച്ച പാലക്കാട് കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായി. ബലപ്രയോഗത്തിലൂടെയാണ് നേതാക്കളെ പൊലീസ് നീക്കിയത്. നിരവധി പ്രവർത്തകർക്ക് പരുക്ക് പറ്റി. യുവമോർച്ച പ്രവർത്തകർ റോഡ് ഉപരോധിച്ചു.

കെ.ടി.ജലീൽ രാജിവയ്ക്കണം എന്ന് ആവശ്യപ്പെട്ട് കെ.എസ്.യുവിൻ്റെ നേതൃത്വത്തിൽ കോഴിക്കോട് കളക്ടറേറ്റിലേക്ക് മാർച്ച് നടത്തി. മാർച്ചിനിടെ പ്രവർത്തകർ വയനാട് – കോഴിക്കോട് ദേശീയപാത ഉപരോധിച്ചു. ഇവരെ നീക്കം ചെയ്യാൻ പൊലീസ് ശ്രമിച്ചതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ കെഎസ്.യു കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് നിഹാൽ അടക്കം പത്ത് പേർക്ക് പരിക്കേറ്റു.

വയനാട് കളക്ട്രേറ്റിക്ക് കെഎസ്.യു നടത്തിയ മാർച്ചിൽ പ്രവർത്തകർ ബാരിക്കേഡുകൾ മറിച്ചിടാൻ ശ്രമിച്ചത് തിരക്കിന് ഇടയാക്കി. ബാരിക്കേഡ് മറികടന്നു വന്ന പ്രവർത്തകരെ പൊലീസ് ലാത്തിവീശി ഓടിക്കാൻ ശ്രമിച്ചു. ഇതു സംഘർഷത്തിന് കാരണമായി. പത്തനംതിട്ട കളക്ട്രേറ്റിലേക്കും കെഎസ്യു പ്രവർത്തകർ മാർച്ച് നടത്തി.

മന്ത്രി കെ.ടി ജലീലിൻ്റെ രാജി ആവശ്യപ്പെട്ട് യുവമോർച്ച പാലക്കാട് കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. ബാരിക്കേഡ് തകർത്ത് അകത്ത് കയറാൻ ശ്രമിച്ച പ്രവർത്തകർക്കു നേരെ പൊലീസ് ലാത്തി വീശി. പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കാൻ ശ്രമിച്ചെങ്കിലും പ്രവർത്തകർ വഴങ്ങാതെ വന്നതോടെ പോലീസ് വീണ്ടും ലാത്തിവീശി. തുടർന്ന് കൂടുതൽ പ്രവർത്തകരെത്തി റോഡ് ഉപരോധിച്ചു. യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡൻ്റ് ഇ. പി നന്ദകുമാർ ഉൾപ്പടെ നിരവധി പേർക്ക് പരിക്കേറ്റു. യുവമോർച്ച പ്രവർത്തകരെ കള്ളകേസ്റ്റിൽ കുടുക്കുന്നു എന്ന് ആരോപിച്ചു കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ ഓഫിസിലേക്കും മാർച്ച് നടന്നു.