കൊച്ചി. ക്രിസ്മസ് തലേന്ന് എറണാകുളം അങ്കമാലി അതിരൂപതയുടെ കത്തീഡ്രല്‍ ദേവാലയമായ സെന്റ് മേരീസ് ബസിലിക്കയില്‍ നടന്ന പ്രതിഷേധങ്ങളില്‍ പ്രതികരണവുമായി മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും എറണാകുളം അങ്കമാലി അതിരൂപയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തും.
സമരമാര്‍ഗമായി കുര്‍ബാനയെ ഉപയോഗിച്ച രീതി അച്ചടക്കലംഘനമാണ്. കുര്‍ബാനയെ അവഹേളിക്കുകയും ദേവാലയത്തിന്റെ പവിത്രത കളങ്കപ്പെടുത്തുകയും ചെയ്തവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. സിനഡിന്റെ തീരുമാനപ്രകാരമുള്ള ഏകീകൃത കുര്ബാനയ്ക്കെതിരെ ഏതാനും വൈദികരും അല്മായരും ചേര്‍ന്ന് നടത്തിയ പ്രതിഷേധം നീതികരിക്കാനാവാത്തതാണ്.
സംഭവങ്ങളില്‍ സിറോ മലബാര്‍ സഭ ഒന്നാകെ ദുഖത്തിലാണ്. പ്രതിഷേധങ്ങളില്‍നിന്ന് നേതൃത്വം കൊടുക്കുന്ന വൈദികരും അല്മായരും പിന്മാറണമെന്നും സഭാപരമായ അച്ചടക്കം പാലിക്കണമെന്നും അവര്‍ വാര്‍ത്താക്കുറിപ്പില്‍ അഭ്യര്‍ഥിച്ചു. വെള്ളിയാഴ് ചമുതല്‍ വിമതവൈദികരുടെ നേതൃത്വത്തില്‍ സെന്റ് മേരീസ് ബസിലിക്കയില്‍ അഖണ്ഡ കുര്‍ബാന നടത്തിയിരുന്നു.
ഇത് 16 മണിക്കൂര്‍ പിന്നിട്ടതോടെ ശനിയാഴ്ച രാവിലെ ഒന്‍പതേ മുക്കാലോടെ സിന്‍ഡ് പക്ഷ വിശ്വാസികള്‍ അല്ത്താരയിലേക്ക് തള്ളിക്കയറുകയായിരുന്നു. ഇതിന് പിന്നാലെ ബസിലിക്കയില്‍ കയ്യാങ്കളിയും സംഘര്‍ഷവുമുണ്ടായി. പോലീസ് ബലം പ്രയോഗിച്ച് നീക്കി ഇരുവിഭാഗത്തേയും ചര്‍ച്ചയ്ക്ക് വിളിക്കുകയായിരുന്നു.