റിയാദ്: നിതാഖത്തുമായി ബന്ധപ്പെട്ട് വിസ അനുവദിക്കുന്നതിനുള്ള വ്യവസ്ഥകളില്‍ സൗദി തൊഴില്‍ മന്ത്രാലയം ഭേദഗതികള്‍ വരുത്തി. ഫൈനല്‍ എക്‌സിറ്റില്‍ രാജ്യം വിടുന്ന പ്ലാറ്റിനം കടും പച്ച വിഭാഗത്തില്‍പ്പെട്ട വിദേശ തൊഴിലാളികള്‍ക്ക് പകരം പുതിയ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാമെന്ന് മന്ത്രാലയം അറിയിച്ചു. നിതാഖത്ത് പ്രകാരം പ്ലാറ്റിനം കടും പച്ച തുടങ്ങിയ വിഭാഗത്തില്‍പ്പെടുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ഫൈനല്‍ എക്‌സിറ്റില്‍ രാജ്യം വിടുന്ന ഓരോ വിദേശ തൊഴിലാളിക്കും പകരം ബദല്‍ വിസ ലഭിക്കുന്നതിനു അവകാശമുണ്ടാകുമെന്നു തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.

വിദേശ തൊഴിലാളി എക്‌സിറ്റില്‍ രാജ്യം വിട്ട് ആറ് മാസത്തിനുള്ളിലാണ് ബദല്‍ വിസക്ക് അപേക്ഷ നല്‍കേണ്ടത്. ഇളം പച്ച വിഭാഗത്തില്‍പ്പെട്ട സ്ഥാപനങ്ങള്‍ക്ക് ഫൈനല്‍ എക്‌സിറ്റില്‍ രാജ്യം വിടുന്ന രണ്ട് വിദേശ തൊഴിലാളികള്‍ക്ക് പകരം ഒരു ബദല്‍ വിസയാണ് അനുവദിക്കുക. എന്നാല്‍ മഞ്ഞ, ചുവപ്പ് വിഭാഗങ്ങളില്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് ഈ ആനുകൂല്യം ലഭിക്കില്ല. റീഎന്‍ട്രി വിസയില്‍ രാജ്യം വിട്ടശേഷം തിരിച്ചെത്താത്ത തൊഴിലാളികള്‍ക്കും തൊഴില്‍ സ്ഥലത്തുനിന്നും ഒളിച്ചോടുന്ന തൊഴിലാളികള്‍ക്കും പകരം പുതിയ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് ബദല്‍ വിസ അനുവധിക്കില്ലെന്നും മന്ത്രാലയം അറിയിച്ചു.

Loading...