പി എസ് സി പരീക്ഷയ്ക്ക് ഇനി ശരീരപരിശോധനയും

തിരുവനന്തപുരം:പി.എസ്.സി. പരീക്ഷത്തട്ടിപ്പ് തടയാൻ പരീക്ഷയെഴുതാനെത്തുന്നവരുടെ ശരീരപരിശോധന നടത്തണമെന്നു ൈക്രംബ്രാഞ്ച്. സ്മാർട്ട് വാച്ച്, മൊബൈൽഫോൺ, ബ്ലൂടൂത്ത് ഇയർ പീസ് തുടങ്ങിയവ പരീക്ഷാഹാളിൽ കൊണ്ടുവരുന്നതു തടയാൻ ഇതാവശ്യമാണെന്നു ക്രൈംബ്രാഞ്ച് മേധാവി ടോമിൻ ജെ. തച്ചങ്കരി പി.എസ്.സി. സെക്രട്ടറിക്കു നൽകിയ സുരക്ഷാനിർദേശങ്ങളിൽ പറയുന്നു.

മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ ക്രമക്കേടുകൾ ആവർത്തിക്കാനുള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ക്രമക്കേട് അന്വേഷണത്തിൽ ശ്രദ്ധയിൽപ്പെട്ട വിവരങ്ങളുടെ അടിസ്ഥാനത്തിലാണു നിർദേശങ്ങളെന്നു തച്ചങ്കരി പറഞ്ഞു.

Loading...

ചില പ്രധാന നിർദേശങ്ങൾ

ഷൂ, ബെൽറ്റ്, ബട്ടണുകൾ, ആഭരണങ്ങൾ തുടങ്ങിയവ അഴിച്ചുപരിശോധിക്കണം. ആഭരണങ്ങൾ, പേന, കണ്ണാടികൾ തുടങ്ങിയവയിലും ക്യാമറയില്ലെന്ന് ഉറപ്പുവരുത്തണം.

ഉയർന്ന തസ്തികകളിലേക്കുള്ള പരീക്ഷാകേന്ദ്രങ്ങളിൽ പോർട്ടബിൾ വൈഫൈ/മൊബൈൽ ജാമറുകൾ സ്ഥാപിക്കണം.

എല്ലാത്തരം വാച്ചുകളും പരീക്ഷാഹാളുകളിൽ നിരോധിക്കണം. സമയമറിയാൻ ഹാളിൽ ക്ലോക്ക് സ്ഥാപിക്കുകയോ കൃത്യമായ ഇടവേളകളിൽ മണിയടിക്കുകയോ ചെയ്യാം.

പരീക്ഷാഹാളിൽ സി.സി.ടി.വി. സ്ഥാപിക്കണം. ആൾമാറാട്ടത്തിലൂടെ യോഗ്യതയില്ലാത്തവരും പട്ടികയിൽ വരുന്നു. ഇതുതടയാനുള്ള ഒരേയൊരു മാർഗം ഇതാണ്. ദൃശ്യങ്ങൾ റാങ്ക് പട്ടികയുടെ കാലാവധി തീരുംവരെ സൂക്ഷിക്കണം.

എല്ലാ പരീക്ഷകളും ഓൺലൈനാക്കിയാൽ ക്രമേക്കടുകൾ തടയാം. കൂടാതെ, ഉയർന്ന തസ്തികയിലേക്കുള്ളതും എണ്ണത്തിൽ കുറവായിട്ടുള്ളതുമായ പരീക്ഷകളിൽ വിവരണാത്മക ചോദ്യങ്ങളുണ്ടെങ്കിൽ കൈയക്ഷരം പരിശോധിച്ച് പിന്നീടാണെങ്കിലും ആൾമാറാട്ടം കണ്ടെത്താനാകും.

പരീക്ഷയ്ക്കുശേഷം ഒ.എം.ആർ. ഷീറ്റും ബാക്കി സാമഗ്രികളും തിരികെ പി.എസ്.സി.യിൽ ഏൽപ്പിക്കാൻ നൽകിയിരിക്കുന്ന ഫോമിൽ മിച്ചമുള്ള ചോദ്യക്കടലാസുകളുടെ എണ്ണം രേഖപ്പെടുത്തുന്ന കോളമില്ല. അത് ഉണ്ടാകണം.

ഒ.എം.ആർ. കടലാസ് തിരികെ നൽകുന്നതോടൊപ്പം നമ്പറിട്ട ഹാർഡ് ഡിസ്കുകളും കൂടെ അയക്കണം. അവ പി.എസ്.സി. സുരക്ഷിതസ്ഥലത്ത് റാങ്ക് പട്ടികയുടെ കാലാവധി തീരുംവരെ സൂക്ഷിക്കണം. അതിനുശേഷം അടുത്ത പരീക്ഷകൾക്ക് അവ വീണ്ടും ഉപയോഗിക്കാം.

പരീക്ഷയിലെ തട്ടിപ്പ് തടയാൻ പരീക്ഷാഹാളിലെ ഇരിപ്പുരീതി (എ, ബി, സി, ഡി പാറ്റേൺ) പരിഷ്കരിക്കണമെന്ന് ക്രൈം ബ്രാഞ്ച്. സീറ്റിങ് രീതി മുൻകൂട്ടി അറിയാൻ കഴിയാത്ത രീതിയിലാക്കണം.

നിലവിൽ ഹാൾ ടിക്കറ്റിലെ നമ്പർവെച്ച് സെന്ററേതെന്നും ഏതു കോഡ് നമ്പറിലുള്ള ചോദ്യക്കടലാസാണെന്നും മുൻകൂട്ടി അറിയാനാവും. ഇത് ക്രമക്കേടുകൾക്കു വഴിയൊരുക്കും

പരിശീലനം നൽകിയവരെയും നിശ്ചിത യോഗ്യതയുള്ളവരെയും മാത്രമേ നിരീക്ഷകരായി നിയോഗിക്കാവൂ. വിവിധ പരീക്ഷാഹാളുകളുള്ള കേന്ദ്രങ്ങളിൽ പി.എസ്.സി.യുടെ നേരിട്ടുള്ള ഒരു ഉദ്യോഗസ്ഥനെങ്കിലും ഉണ്ടായിരിക്കണം.

ഇൻവിജിലേറ്റർമാർക്കു യോഗ്യത നിശ്ചയിച്ചിട്ടില്ലാത്തതിനാൽ പ്യൂൺ, ഓഫീസ് അഡ്മിനിസ്ട്രേറ്റർ എന്നിവരൊക്കെയാണ് നിരീക്ഷകരാകുന്നത്. ഇവരെ സ്വാധീനിക്കാൻ എളുപ്പമാണ്.

ക്രൈംബ്രാഞ്ചിന്റെ നിർദേശങ്ങൾ അപ്രായോഗികമായും ചെലവേറിയതായും പി.എസ്.സി.ക്കു തോന്നാമെന്നും റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ, പുതിയ സാങ്കേതികവിദ്യയുടെ സഹായത്തോടെ ചില ഉദ്യോഗാർഥികൾ നടത്തുന്ന ക്രമക്കേടുകൾ ഉടൻ പിടിച്ചില്ലെങ്കിൽ പിന്നീട് കണ്ടെത്തുക ശ്രമകരമാണ്. ലക്ഷക്കണക്കിനു പേരെഴുതുന്ന പി.എസ്.സി. പരീക്ഷകളിൽ പ്രത്യേകിച്ച്. പരീക്ഷാ സംവിധാനം എപ്പോഴും കുറ്റമറ്റതാകണമെന്നും ശുപാർശയിൽ വ്യക്തമാക്കിയിട്ടുണ്ട്.

കേരള പോലീസിന്റെ അഞ്ചാം ബറ്റാലിയനിലേക്കു നടത്തിയ സിവിൽ പോലീസ് ഓഫീസർ പരീക്ഷയിൽ ക്രമക്കേട് നടന്നതായി കണ്ടെത്തിയിരുന്നു. യൂണിവേഴ്സിറ്റി കോളേജ് വിദ്യാർഥികളായ നസീം, ശിവരഞ്ജിത്, പ്രണവ് എന്നിവർ കോപ്പിയടിച്ച് ഉയർന്ന റാങ്ക് നേടി. സ്മാർട്ട് വാച്ച് വഴി പുറമേനിന്ന് ഉത്തരങ്ങൾ ശേഖരിച്ചായിരുന്നു തട്ടിപ്പ്.ഇതേ തുടർന്നാണ് ഈ മാറ്റങ്ങൾ.