കൊറോണ വൈറസ്: പിഎസ് സി പരീക്ഷകള്‍ മാറ്റി

ഈ മാസം 20 വരെയുള്ള പിഎസ് സി പരീക്ഷകള്‍ മാറ്റി. സര്‍ട്ടിഫിക്കറ്റ് പരിശോധന അടക്കം മാറ്റിവെച്ചിട്ടുണ്ട്. സംസ്ഥാനത്ത് കൊറോണ ബാധയുടെ പശ്ചാത്തലത്തില്‍ അതീവജാഗ്രത പുറപ്പെടുവിച്ച സാഹചര്യത്തിലാണ് പി എസ് സിയുടെ നടപടി. അഭിമുഖങ്ങള്‍ നേരത്തെ നിശ്ചയിച്ച തീയതികളില്‍ നടക്കും.

കായികക്ഷമതാ പരീക്ഷയും സര്‍വീസ് പരിശോധനയും മാറ്റിവെച്ചിട്ടുണ്ട്. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും. സംസ്ഥാനത്ത് ആറുപേര്‍ക്കാണ് പുതുതായി കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തില്‍ കൊറോണ ബാധിതരുടെ എണ്ണം 12 ആയി.

Loading...

ഇതേത്തുടര്‍ന്ന് സംസ്ഥാനത്ത് അതീവജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്. സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചു. ഉത്സവങ്ങളും പെരുന്നാളുകളും അടക്കം ആള്‍ക്കൂട്ടം കുടുന്ന പരിപാടികള്‍ കഴിവതും ഒഴിവാക്കണമെന്ന് സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

കേരളത്തില്‍ ആശങ്ക വര്‍ദ്ധിപ്പിച്ചു കൊണ്ട് ചൊവ്വാഴ്ച്ച മാത്രം ആറ് പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇറ്റലിയില്‍ നിന്ന് എത്തിയ കുടുബത്തെ സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടില്‍ പോയ രണ്ട് പേര്‍ക്കും, വീട്ടിലെ പ്രായമായ അച്ഛനും അമ്മക്കും, റാന്നിയില്‍ തന്നെ കുടുംബവുമായി അടുത്തിടപഴകിയ മറ്റ് രണ്ട് പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗം സ്ഥിരീകരിച്ച 12 പേരായി സംസ്ഥാനത്ത്.

അച്ഛനും അമ്മയും അടക്കം നാല് പേര്‍ കോട്ടയത്താണ് ചികിത്സയിലുള്ളത്. റാന്നി സ്വദേശികളായ രണ്ട് പേരെ കോഴഞ്ചേരി സര്‍ക്കാര്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലാക്കിയിരിക്കുകയാണ്. എല്ലാവരുടേയും ആരോഗ്യ നില തൃപ്തികരമാണെന്ന വിവരമാണ് ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കുന്നത്. ചൊവ്വാഴ്ച്ച രോഗം സ്ഥിരീകരിച്ച ആറ് പേരും നേരത്തെ രോഗം സ്ഥിരീകരിച്ച ആറ് പേരും അടക്കം 12 പേരാണ് വൈറസ് ബാധിതരായി സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്നത്. ആകെ 1116 പേര്‍ സംസ്ഥാനത്ത് കൊവിഡ് 19 മായി ബന്ധപ്പെട്ട് നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. ഇവരില്‍ തന്നെ 149 പേര്‍ ആശുപത്രിയില്‍ ആണ്