പരീക്ഷയ്ക്ക് ഫീസ് ഈടാക്കാനുള്ള നീക്കത്തിലേക്ക് പിഎസ് സി: സര്‍ക്കാരിന് കത്ത് നല്‍കും

പരീക്ഷ എഴുതുന്നതിന് ഉദ്യോഗാര്‍ഥികളില്‍ നിന്ന് നിശ്ചിത ഫീസ് ഈടാക്കാന്‍ അനുമതി തേടി പി.എസ്. സര്‍ക്കാരിന് വീണ്ടും കത്ത് നല്‍കും. ഉദ്യോഗാര്‍ഥികളില്‍ നിന്ന് പരീക്ഷാ ഫീസ് ഈടാക്കണമെന്ന ആവശ്യം നേരത്തേയും പിഎസ് സി സര്‍ക്കാരിന് മുന്‍പില്‍ വെച്ചിരുന്നു. എന്നാല്‍ നയപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ആവശ്യം തള്ളിയിരുന്നു.

പരീക്ഷ എഴുതുമെന്ന ഉറപ്പ്(കണ്‍ഫര്‍മേഷന്‍) നല്‍കിയിട്ടും എഴുതാതിരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നത് വലിയ സാമ്പത്തിക നഷ്ടം സൃഷ്ടിക്കുന്നു ചൂണ്ടിക്കാട്ടിയാണ് പിഎസ് സി വീണ്ടും സര്‍ക്കാരിനെ സമീപിക്കുന്നത്. കഴിഞ്ഞ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പരീക്ഷയ്ക്ക് കൊല്ലം, ഇടുക്കി, കണ്ണൂര്‍ ജില്ലകളില്‍ നിന്നായി 1,92,409 പേരാണ് കണ്‍ഫര്‍മേഷന്‍ നല്‍കിയത്. എന്നാല്‍ എഴുതിയത് 97,498 പേരാണ്. ഒക്ടോബര്‍ 12ന് വയനാട്, തിരുവനന്തപുരം ജില്ലകളില്‍ നടത്തിയ വിഇഒ പരീക്ഷയ്ക്കായി 2,04,444 പേര്‍ കണ്‍ഫര്‍മേഷന്‍ നല്‍കിയെങ്കിലും പകുതിപ്പേരെ പരീക്ഷയ്ക്ക് എത്തിയുള്ളു.

Loading...

വിഇഒ പരീക്ഷാ നടത്തിപ്പില്‍ മാത്രം നാല് കോടിയുടെ നഷ്ടം പിഎസ് സിക്കുണ്ടായെന്നാണ് കണക്ക്. കെഎഎസ്, എല്‍ഡിസി, ലാസ്റ്റ ഗ്രേഡ് സര്‍വന്റ് പരീക്ഷകള്‍ ഈ വര്‍ഷം നടക്കാനുണ്ട്. ലക്ഷക്കണക്കിന് പേരാണ് ഈ മൂന്ന് പരീക്ഷകള്‍ക്കായും അപേക്ഷിച്ചിരിക്കുന്നത്.

ഈ വര്‍ഷം എല്‍.ഡി.ക്ലാര്‍ക്കും ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സും കെ.എ.എസും അടക്കം ലക്ഷക്കണക്കിനു പേര്‍ അപേക്ഷ നല്‍കുന്ന പ്രധാന പരീക്ഷകള്‍ നടക്കാനുണ്ട്. . ജൂണ്‍ മാസത്തില്‍ വിവിധ വകുപ്പുകളിലേക്കുള്ള എല്‍.ഡി ക്ലാര്‍ക്ക് പരീക്ഷയ്ക്ക് 14 ജില്ലകളില്‍ നിന്നും 17,58,338 പേരാണ് അപേക്ഷകര്‍. ലക്ഷത്തോളം അപേക്ഷകരെ പ്രതീക്ഷിക്കുന്ന ലാസ്റ്റ് ഗ്രേഡ് വിജ്ഞാപനവും ഈ വര്‍ഷത്തിലുണ്ടാകും. കെ.എ.എസിന് 5,76,243 പേരാണ് അപേക്ഷിച്ചത്.

യൂണിവേഴ്‌സിറ്റികളും യു.പി.എസ്.സിയും പരീക്ഷക്ക് ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ഫീസ് ഈടാക്കുന്നുണ്ട്. . നിലവില്‍ പി.എസ്.സിയുടെ വകുപ്പുതല പരീക്ഷകള്‍ ഓണ്‍ലൈനിലേക്ക് മാറിക്കഴിഞ്ഞു. ഭാവിയില്‍ മറ്റ് പരീക്ഷകളും ഓണ്‍ലൈനിലേക്ക് മാറ്റുന്നതിന് കൂടുതല്‍ തുക കണ്ടെത്തേണ്ടി വരും. ഈ സാഹചര്യത്തില്‍ ഫീസായി ചെറിയൊരു തുക ഈടാക്കണമെന്ന ആവശ്യം ബഡ് ജറ്റ് നിര്‍ദ്ദേശത്തിലും പി.എസ്.സി ധനവകുപ്പ് മുമ്പാകെ വയ്ക്കും