നാലംഗ കുടുംബത്തിന്റെ മരണത്തില്‍ നിര്‍ണായക വഴിത്തിരിവ്, രമയുടെ ഓഡിയോ ക്ലിപ്പ് പുറത്ത്

കൊടുങ്ങല്ലൂര്‍ പുല്ലൂറ്റ് കോഴിക്കട സെന്ററില്‍ ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസിനു നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു. പടിഞ്ഞാറ് പുഞ്ചപറമ്പ് റോഡ് തൈപറമ്പത്ത് വീട്ടില്‍ വിനോദ് (46), ഭാര്യ രമ (46), മക്കളായ നയന (17), നീരജ് (9) എന്നിവരെയാണ് മരിച്ച നിലയില്‍ വീടിനുള്ളില്‍ കണ്ടെത്തിയത്.

വിനോദിന്റെയും രമയുടെയും ഫോണ്‍ പരിശോധിച്ചപ്പോള്‍ പോലീസിന് ലഭിച്ചത് നിര്‍ണായക വിവരങ്ങള്‍. കേസിലെ പ്രധാന ഘടകമായ ഓഡിയോ സന്ദേശമാണ് ലഭിച്ചത്. രമ ജോലി ചെയ്തിരുന്ന സ്ഥാപനമായ കൊടുങ്ങല്ലൂര്‍ വടക്കേനടയിലെ റീഗല്‍ സ്റ്റോഴ്സിന്റെ ഉടമ അബ്ബാസിനാണ് മരിക്കുന്നതിനു 2 ദിവസം മുന്‍പ് തുടര്‍ച്ചയായി സന്ദേശം അയച്ചത്. രമ അബ്ബാസിന്റെ കടയില്‍ വീണ്ടും ജോലിക്കു പോകുന്നതു ഭര്‍ത്താവ് വിനോദ് എതിര്‍ത്തിരുന്നു. ഇതു സംബന്ധിച്ചു വാക്കേറ്റവും തര്‍ക്കവും ഉണ്ടായതാണു മെസേജിലൂടെ അറിയിച്ചിട്ടുള്ളത്. ഭര്‍ത്താവ് തന്നെ വെട്ടിക്കൊല്ലുമെന്നു സൂചിപ്പിച്ചെന്നും താനും കടുപ്പിച്ചു മറുപടി പറഞ്ഞെന്നും രമ സന്ദേശത്തില്‍ പറയുന്നുണ്ട്. ഇതേത്തുടര്‍ന്നു 2 ദിവസമായി വിനോദ് ഭക്ഷണം കഴിച്ചിട്ടില്ലെന്നു സന്ദേശത്തിലൂടെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ചയാണ് ഇരുവര്‍ക്കുമൊപ്പം മക്കളായ നയന, നീരജ് എന്നിവരെയും വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. മൃതദേഹങ്ങള്‍ അഴുകിയ നിലയിലായിരുന്നു. പരിസരത്ത് രൂക്ഷമായ ദുര്‍ഗന്ധം പടര്‍ന്നതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ പൊലീസിനെ അറിയിക്കുകയായിരുന്നു.

Loading...

പൊലീസ് പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ ഇവരെ കുറിച്ച് വിവരമില്ലാതിരുന്നതായി പ്രദേശവാസികള്‍ പറഞ്ഞു. കുടുംബ പ്രശ്‌നങ്ങളൊന്നും ഉള്ളതായി അറിവില്ലെന്നും നാട്ടുകാര്‍ പറയുന്നത്. വിനോദ് ,നയന, നീരജ് എന്നിവര്‍ മരിച്ച് 24 മണിക്കൂര്‍ പിന്നിട്ട ശേഷമാണ് ഭാര്യ രമ (40) മരിച്ചതെന്നാണ് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. നേരത്തെ, ഭര്‍ത്താവ് മൂവരെയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തതായിരിക്കുമെന്നാണ് പൊലീസ് സംശയിച്ചിരുന്നത്. എന്നാല്‍, റിപ്പോര്‍ട്ടിലെ ഉള്ളടക്കം പൊലീസിനെയും ഞെട്ടിച്ചിരിക്കുകയാണ്. രമയുടെ തലയില്‍ അടിയേറ്റ ഒരു പാടുണ്ട്. സംഭവ ദിവസം മര്‍ദ്ദനമേറ്റ് രമയുടെ ബോധം നഷ്ടപ്പെടുകയും ഇതിന് ശേഷം വിനോദ് മക്കളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തിരിക്കാം. മണിക്കൂറുകള്‍ക്ക് ശേഷം രമയ്ക്ക് ബോധം തിരിച്ച് കിട്ടുകയും ഈ സമയം ഭര്‍ത്താവിന്റെയും മക്കളുടെയും മൃതദേഹം കാണുകയും ഇവരും ആത്മഹത്യ ചെയ്തിട്ടുണ്ടാകുമെന്നാണ് പൊലീസ് നിഗനമം. കേസില്‍, ഇവരുടെ മുറിയില്‍ നിന്നും കണ്ടെത്തിയ ആത്മഹത്യക്കുറിപ്പ് കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.