കൂടുതല്‍ സിനിമാതാരങ്ങളെ ചോദ്യം ചെയ്യും; പള്‍സര്‍ സുനിയെ അപ്പുണ്ണിയുടെയും നാദിര്‍ഷയുടെയും സാന്നിധ്യത്തില്‍ വീണ്ടും ചോദ്യം ചെയ്യും

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചന തെളിയിക്കാന്‍ പോലീസ് ആഞ്ഞുശ്രമിക്കുന്നു. കേസില്‍ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് പോലീസ് ഉറപ്പിക്കുന്നു. എന്നാല്‍ ആരോപണ വിധേയരായവരിലേക്ക് ഗൂഢാലോചന എത്തിക്കാനുള്ള ശക്തമായ തെളിവ് ലഭിച്ചിട്ടില്ലെന്നാണ് വിവരം. പള്‍സര്‍ സുനി ഫോണ്‍വിളിച്ച സിനിമാതാരങ്ങള്‍ അടക്കമുള്ള എല്ലാവരോടും വിവരങ്ങള്‍ ആരായാനും മൊഴിയെടുക്കാനുമാണ് പോലീസ് ഇപ്പോള്‍ ശ്രമിക്കുന്നത്.

പരമാവധി തെളിവുകള്‍ ശേഖരിച്ച് ഗൂഢാലോചനയുടെ കുരുക്കഴിച്ചശേഷം മതി അറസ്റ്റ് എന്ന നിലപാടിലാണ് അന്വേഷണസംഘം. അതേസമയം അന്വേഷണം നീളുംതോറും പോലീസിന്റെ നടപടി സംശയത്തിനിടയാക്കുമെന്നതിനാല്‍ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കാനുള്ള സമ്മര്‍ദ്ദവുമുണ്ട്. എന്നാല്‍ ശക്തമായ തെളിവുകളില്ലാതെ അറസ്റ്റ് ചെയ്താല്‍ പ്രതികള്‍ ഊരിപ്പോരുമെന്ന ആശങ്കയും അന്വേഷണ സംഘത്തിനുണ്ട്.

കൂടുതല്‍ സിനിമാ താരങ്ങളെ ചോദ്യംചെയ്യാനാണ് ഇപ്പോള്‍ പോലീസ് ശ്രമം. ജയിലില്‍ നിന്ന് സുനി ഫോണ്‍ചെയ്തത് ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെയും നാദിര്‍ഷയെയുമാണ്. അപ്പുണ്ണിയെ ആദ്യം വിളിച്ചത് ജയിലിനകത്തുള്ള കോയിന്‍ ബോക്‌സ് ഫോണില്‍ നിന്നാണെന്ന് സുനി വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യങ്ങള്‍ അടക്കമുള്ള പല ചോദ്യങ്ങള്‍ക്കും വ്യക്തതയ്ക്ക് വേണ്ടി പള്‍സര്‍ സുനിയെ അപ്പുണ്ണിയുടെയും നാദിര്‍ഷയുടെയും സാന്നിധ്യത്തില്‍ വീണ്ടും ചോദ്യം ചെയ്യും.

അക്രമത്തിന്റെ സൂത്രധാരനെയും ഗൂഢാലോചനയും ഇത്തവണ ഇവരെ ചോദ്യം ചെയ്യുമ്പോള്‍ വ്യക്തമാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്. അതുകൊണ്ട് തന്നെ ചോദ്യംചെയ്യല്‍ നിസാരമാകില്ല. ഇതുവരെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരങ്ങളും പുതിയ വെളിപ്പെടുത്തലുകളും എല്ലാം കോര്‍ത്തിണക്കി പുതിയ ചോദ്യാവലി തന്നെ പോലീസ് തയ്യാറാക്കിയിട്ടുണ്ട്. കൂടാതെ മനശ്ശാസ്ത്ര വിദഗ്ധരുടെയും സൈബര്‍ ഫോറന്‍സികിന്റെയും സഹായം കൂടി ചോദ്യംചെയ്യുന്നതിന് അന്വേഷണസംഘത്തിന് ഉണ്ടാകും. പോലീസിനെ പല സംഘങ്ങളായി തിരിച്ചാണ് ഇപ്പോള്‍ അന്വേഷണം പൂരോഗമിക്കുന്നത്.