സുനി അതു മറച്ചുവയ്ക്കില്ല ; എല്ലാം വെളിപ്പെടുത്തും…സ്രാവുകള്‍ ഉടന്‍ പുറത്തുചാടും

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി സംഭവത്തില്‍ പങ്കുള്ള കൂടുതല്‍ പേരെക്കുറിച്ച് വെളിപ്പെടുത്താന്‍ ഒരുങ്ങുന്നു. കോടതിയില്‍ രഹസ്യമൊഴി നല്‍കാനാണ് സുനിയുടെ നീക്കം. റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് സുനിയെയും മറ്റു കൂട്ടുപ്രതികളെയും ഇന്ന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയിരുന്നു.

ആഗസ്റ്റ് 20 വരെ സുനിയെയും മറ്റു പ്രതികളുടെയും റിമാന്‍ഡ് കാലാവധി നീട്ടിയിട്ടുണ്ട്. കേസിലെ മുഴുവന്‍ പ്രതികളെയും പിടികൂടിയിട്ടില്ലെന്ന് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോള്‍ സുനി മാധ്യമങ്ങളോട് പറഞ്ഞു. സ്രാവ് വല പൊട്ടിക്കുമോയെന്ന് നോക്കട്ടെയെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു.

സുനിക്ക് രഹസ്യമൊഴി നല്‍കാനുണ്ടെന്ന് അഭിഭാഷകനായ ബി എ ആളൂര്‍ കോടതിയില്‍ ഇന്ന് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ചില പിഴവുകള്‍ വന്നതിനെ തുടര്‍ന്ന് വീണ്ടും അപേക്ഷ നല്‍കാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു. റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്നു സുനിയെ ഹാജരാക്കിയപ്പോള്‍ എന്തെങ്കിലും പറയാനുണ്ടോയെന്നായിരുന്നു കോടതി ചോദിച്ചത്. എന്നാല്‍ അഭിഭാഷകനോട് സംസാരിച്ച ശേഷം മാത്രമേ മൊഴി നല്‍കുകയുള്ളൂവെന്നാണ് സുനി പറഞ്ഞത്.

ക്രിമിനല്‍ ചട്ടം 164 പ്രകാരം രഹസ്യമൊഴി രേഖപ്പെടുത്തണമെന്നാണ് അപ്പുണ്ണി കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ പറഞ്ഞിരുന്നത്. ഇതു കുറ്റസമ്മതം നടത്താനുള്ള വകുപ്പാണ്.സിനിമാരംഗത്തെ ഉള്‍പ്പെടെ നടിയെ ആക്രമിച്ച സംഭവവുമായി ബന്ധമുള്ള കൂടുതല്‍ പേരുടെ പങ്ക് വെളിപ്പെടുത്താനാണ് സുനിയുടെ അടുത്ത നീക്കമെന്നാണ് സൂചന. ഇതിന്റെ ഭാഗമായാണ് കോടതിയില്‍ രഹസ്യമൊഴി നല്‍കാന്‍ അപേക്ഷ നല്‍കിയതെന്നുമെന്നാണ് വിവരം.

കോടതിയില്‍ നല്‍കുന്ന രഹസ്യമൊഴിക്ക് നിയമസാധുതയുണ്ട്. ഇതു കൊണ്ടാണ് പ്രതിഭാഗം ഇത്തരമൊരു നീക്കം നടത്താന്‍ കാരണം.