പൾസർ സുനി കാക്കനാട് ജയിലിനുള്ളിൽ വച്ച് ഫോണ്‍ ചെയ്യുന്നതിന്‍റെ ദൃശ്യങ്ങൾ പോലീസിന് ; ഗൂഢാലോചനയുടെ മൂന്ന് സുപ്രധാന തെളിവുകള്‍ ജയിലില്‍

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി കാക്കനാട് ജയിലിനുള്ളിൽ വച്ച് ഫോണ്‍ ചെയ്യുന്നതിന്‍റെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. കാക്കനാട് ജയിലിലെ സിസിടിവിയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ലഭിച്ചത്.

സുനി ജയിലിൽ വച്ച് തുടർച്ചയായി നാദിർഷ, ദിലീപിന്‍റെ മാനേജർ അപ്പുണ്ണി എന്നിവരെ ഫോണിൽ വിളിക്കുമായിരുന്നു എന്ന സഹതടവുകാരൻ ജിൻസന്‍റെ മൊഴി സാധൂകരിക്കുന്ന തെളിവുകളാണ് പോലീസിന് ലഭിച്ചിരിക്കുന്നത്. പോലീസിന് ലഭിച്ച ദൃശ്യത്തിൽ ജിൻസനെയും വ്യക്തമായി കാണാമെന്നാണ് സൂചന.

Loading...

ജിൻസന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇന്ന് രാവിലെ മുതൽ കാക്കനാട് ജയിലിൽ പോലീസ് പരിശോധന നടത്തിവരികയായിരുന്നു. കഴിഞ്ഞ മൂന്ന് മാസത്തെ സിസിടിവി ദൃശ്യങ്ങളാണ് പോലീസ് പരിശോധിച്ചത്. ഇതോടെ കേസിലെ ഗൂഢാലോചന തെളിയിക്കാൻ ശക്തമായ മറ്റൊരു തെളിവുകൂടി പോലീസിന് ലഭിച്ചുവെന്നാണ് കണക്കാക്കപ്പെടുന്നത്.

അന്വേഷണ സംഘടത്തിലെ ഉദ്യോഗസ്ഥർക്കൊപ്പം ഹൈടെക് സെല്ലിലെ വിദഗ്ധരും ചേർന്നാണ് കാക്കനാട് ജയിലിലെ സിസിടിവി ദൃശ്യങ്ങൾ ഇന്ന് പരിശോധിച്ചത്.