1971 ന് ശേഷം ഇന്ത്യ പാക് മണ്ണില്‍ കടന്ന് തിരിച്ചടി നല്‍കുന്നത് ഇതാദ്യം…

ഡല്‍ഹി: പുല്‍വാമ ഭീകരാക്രമണം കഴിഞ്ഞ് രണ്ടാഴ്ച തികയും മുമ്പ് പാകിസ്താന് തിരിച്ചടി നല്‍കിയ ഇന്ത്യ പാക് മണ്ണില്‍ കടന്ന് ആക്രമണം നടത്തുന്നത് 47 വര്‍ഷങ്ങള്‍ക്ക് ശേഷം. 1971 ന് ശേഷം ഇതാദ്യമായാണ് നിയന്ത്രണരേഖ കടന്ന ഇന്ത്യ ആക്രമണം നടത്തുന്നത്.

2016 ലെ സര്‍ജിക്കല്‍ അറ്റാക്കിനേക്കാള്‍ വലുതും ധീരവുമായ പ്രവര്‍ത്തിയായിട്ടാണ് ഇത്തവണത്തെ ആക്രമണത്തെ വിലയിരുത്തുന്നത്.

Loading...

1999 ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പോലും പാകിസ്താന്റെ ഉള്ളിലേക്ക് കടന്ന് ആക്രമിക്കാന്‍ ഇന്ത്യന്‍ സൈന്യത്തെ അധികൃതര്‍ അനുവദിച്ചിരുന്നില്ല. മിറാഷ് 2000 വിമാനം ഉപയോഗിച്ചായിരുന്നു ഇന്ത്യ പാക് ഭീകരകേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയത്.

മുമ്പ് 19 സൈനികര്‍ കൊല്ലപ്പെട്ട ഉറി ആക്രമണം നടന്ന് 11 ദിവസങ്ങള്‍ പിന്നിടും മുമ്പായി സെപ്തംബര്‍ 29 ന് ഇന്ത്യ ആദ്യ സര്‍ജിക്കല്‍ ആക്രമണം നടത്തിയിരുന്നു. നിയന്ത്രണ രേഖയ്ക്ക് സമീപം കുപ്‌വാരയിലും പൂഞ്ചിലും സൈന്യത്തിലെ പ്രത്യേക വിഭാഗമായിരുന്നു ആക്രമണം നടത്തിയത്.

നിയന്ത്രണ രേഖയില്‍ നിന്നും 50 കിലോമീറ്റര്‍ അകലെയുള്ള ഖൈബര്‍ പഖ്തൂണ്‍ഖ്വ മേഖലയിലെ ബാല്‍കോട്ടയിലാണ് ഇന്ത്യ ആദ്യം ആക്രമണം നടത്തിയതെന്നാണ് വിവരം. പാക് അധീന കശ്മീരിലെ മുസാഫറാബാദ്, ചികോതി എന്നിവിടങ്ങളിലാണ് ഇന്ത്യ മറ്റ് ആക്രമണം നടത്തിയത്.

ആദ്യ സര്‍ജിക്കല്‍ ആക്രമണത്തെ അപേക്ഷിച്ച് വളരെ വലിയ ആക്രമണമായിരുന്നു ഇന്നലെ നടത്തിയത്. 1000 കിലോയോളം വരുന്ന ലേസര്‍ ഗൈഡഡ് ബോംബുകളാണ് ജെയ്‌ഷെ തീവ്രവാദി സംഘത്തിന്റെ കേന്ദ്രത്തില്‍ ഇന്ത്യന്‍ സൈന്യം വര്‍ഷിച്ചത്. കാര്‍ഗില്‍ യുദ്ധത്തിന് ശേഷം ആദ്യമായിട്ടാണ് മിറാഷ് യുദ്ധവിമാനം ഇന്ത്യന്‍ സൈന്യം ഉപയോഗിക്കപ്പെടുന്നത്.