വീട്ടുജോലിക്കാരിയുടെ ജീവിതം മാറി മറിഞ്ഞ കഥ ഇങ്ങനെ

ഗീത കാലെ എന്ന സ്ത്രീയുടെ മേല്‍വിലാസവും ജോലിയുടെ വിശദാംശങ്ങളും അടങ്ങിയ വിസിറ്റിങ് കാര്‍ഡാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. അസ്മിത ജാവദേക്കര്‍ എന്ന ഫേസ്ബുക്ക് ഉപഭോക്താവാണ് ഗീതയുടെ വിസിറ്റിങ് കാര്‍ഡ് സമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്. ഇതോടെ സംഭവം ചര്‍ച്ചയാകുകയായിരുന്നു. കുറച്ച് നാളുകള്‍ക്ക് മുമ്പ് ഗീതയുടെ ജോലി നഷ്ടപ്പെടുകയായിരുന്നു.

തുടര്‍ന്ന് പൂണെയില്‍ ധനശ്രീ ഷിന്‍ഡെയുടെ വീട്ടില്‍ ഗീത ജോലിയ്ക്ക് പ്രവേശിക്കുകയായിരുന്നു. പക്ഷെ അതീവ വിഷമത്തോടെ കാണപ്പെട്ട ഗീതയോട് കാര്യം അന്വേഷിച്ചപ്പോള്‍ തന്റെ ജോലിയൊക്കെ നഷ്ടപ്പെട്ടത് മൂലം ഒരു മാസം തനിക്ക് പരമാവധി 4000 രൂപയെ വരുമാനം ലഭിക്കുന്നുള്ളു എന്നും അതുകൊണ്ട് ഒന്നിനും തികയുന്നില്ല എന്നുമായിരുന്നു ഗീത പറഞ്ഞത്.

ഗീതയുടെ വിഷമം കേട്ടതോടെ ഇതിനൊരു പരിഹാരം കണ്ടെത്താന്‍ ധനശ്രീ തീരുമാനിക്കുകയായിരുന്നു. അടുത്ത ദിവസം തന്നെ ഗീതയുടെ ജോലിയുടെ വിശദാംശങ്ങളും മേല്‍വിലാസവും അടങ്ങിയ ഒരു വിസിറ്റിങ് കാര്‍ഡ് തയാറാക്കി 100 കോപ്പി സെക്യൂരിറ്റി ജീവനക്കാരനെ ഏല്‍പ്പിച്ച് അടുത്തുള്ള വീടുകളിലും സമീപ പ്രദേശങ്ങളുമൊക്കെ വിതരണം ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു.

കാര്‍ഡ് ശ്രദ്ധയില്‍ പെട്ട അസ്മിത കാര്‍ഡിന്റെ ചിത്രം എടുത്ത് സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയായിരുന്നു. ഇതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ജോലി വാഗ്ദാനവുമായി നിരവധിപേരാണ് ഗീതയെ സമീപിക്കാന്‍ തുടങ്ങിയത്