പുനീത് രാജ്കുമാറിന്റെ മരണം; ഇതുവരെ ആത്മഹത്യ ചെയ്തത് ഏഴ് ആരാധകർ

കന്നഡ സിനിമാ ലോകം ഇപ്പോഴും നടൻ പുനീത് രാജ്കുമാറിന്റെ മരണത്തിന്റെ ഞെട്ടലിൽ നിന്നും വിട്ടു മാറിയിട്ടില്ല. ഒക്ടോബർ 29 ന് കർണാടകയെ കണ്ണീരിലാഴ്ത്തി മറഞ്ഞ മഹാനടനോടുള്ള ആരാധനയിൽ ഇതുവരെ പൊലിഞ്ഞത് 7 ജീവനുകളാണ്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു 46കാരനായ പുനീതിൻറെ മരണം. അദ്ദേഹത്തിന്റെ വിയോ​ഗം താങ്ങാനാകാതെ ഇതുവരെ പത്ത് പേർ മരിച്ചുവെന്നാണ് റിപ്പോർട്ട്. മരിച്ചവരിൽ ഏഴു പേർ ആത്മഹത്യ ചെയ്തതാണ്. മൂന്ന് പേർ താരത്തിന്റെ മരണ വാർത്ത അറിഞ്ഞുള്ള ഞെട്ടലിൽ ഹൃദയസ്തംഭനം മൂലമാണ് മരിച്ചതെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. പുനീതിന്റെ മരണത്തിന് പിന്നാലെ കർണാടകയിലെ വിവിധ ഭാഗങ്ങളിലായി നിരവധി ആത്മഹത്യാ ശ്രമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.മരണശേഷം പുനീത് കുമാറിന്റെ കണ്ണുകൾ ദാനം ചെയ്തിരുന്നു. അത്തരത്തിൽ ആത്മഹത്യ ചെയ്ത മൂന്ന് ആരാധകർ തങ്ങളുടെ കണ്ണ് ദാനം ചെയ്യണമെന്ന് കത്ത് എഴുതിവെച്ചിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.

കന്നഡ സിനിമയിലെ ഇതിഹാസ നടൻ രാജ്‍കുമാറിൻറെ മകനാണ് പുനീത്. രാജ്‍കുമാറ്‍ നായകനായെത്തിയ ചില ചിത്രങ്ങളിലൂടെ ബാലതാരമായിട്ടായിരുന്നു സിനിമാപ്രവേശം. ‘ബെട്ടാഡ ഹൂവു’വിലെ അപ്പു എന്ന കഥാപാത്രം പുനീതിന് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡ് നേടിക്കൊടുത്തു. മുതിർന്നശേഷം അപ്പുവെന്ന മറ്റൊരു ചിത്രത്തിലും അഭിനയിച്ച പുനീത് രാജ്‍കുമാർ അതേ വിളിപ്പേരിലാണ് ആരാധകർക്ക് ഇടയിൽ അറിയപ്പെട്ടിരുന്നതും. അഭിനേതാവിന് പുറമെ ജീവകാരുണ്യപ്രവർത്തനങ്ങളിലും താരം പങ്കാളിയായിരുന്നു. കൊവിഡ് ആദ്യതരംഗത്തിൻറെ സമയത്ത് കർണ്ണാമടക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപയാണ് അദ്ദേഹം സംഭാവന ചെയ്‍തത്. വടക്കൻ കർണ്ണാടകയിലെ പ്രളയത്തിൻറെ സമയത്ത് ഇതേ നിധിയിലേക്ക് 5 ലക്ഷവും നൽകി. നടൻ എന്നതിനൊപ്പം അനുഗ്രഹീതനായ ഗായകനുമായിരുന്നു അദ്ദേഹം. ഗായകൻ എന്ന നിലയിൽ തനിക്കു ലഭിക്കുന്ന പ്രതിഫലം കാരുണ്യപ്രവർത്തനങ്ങൾക്കായി നീക്കിവെക്കുമെന്ന് വർഷങ്ങൾക്കു മുൻപ് അദ്ദേഹം തീരുമാനം എടുത്തിരുന്നു. ഈ പ്രതിഫലം ഉപയോഗിച്ച് അദ്ദേഹം സ്ഥിരമായി സാമ്പത്തിക സഹായം നൽകുന്ന നിരവധി കന്നഡ മീഡിയം സ്‍കൂളുകൾ ഉണ്ടായിരുന്നു.

Loading...