പുതുജീവന്‍ മാനസികാരോഗ്യ കേന്ദ്രത്തിലെ ദുരൂഹത;2012 ന് ശേഷം നടന്നത് 30 ലധികം മരണങ്ങള്‍

കോട്ടയം : ചങ്ങനാശ്ശേരി കോട്ടമുറി പുതുജീവന്‍ മാനസികാരോഗ്യ കേന്ദ്രത്തെക്കുറിച്ചുള്ള ദുരൂഹത വര്‍ദ്ധിക്കുന്നു. 2012 ന് ശേഷം മുപ്പതിലധികം മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.ആത്മഹത്യകളുള്‍പ്പെടെയുള്ള കണക്കുകളാണ് പുറത്ത് വന്നിരിക്കുന്നത്. എന്നാല്‍ എല്ലാ മരണങ്ങളിലും അന്വേഷണം നടക്കുമെന്ന് എഡിഎം വ്യക്തമാക്കി. ഹൈക്കോടതിയിലെ കേസിന്റെ പിന്‍ബലത്തിലാണ് ഇപ്പോള്‍ ആശുപത്രി പ്രവര്‍ത്തിക്കുന്നത്. രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് കളക്ടര്‍ക്ക് സമര്‍പ്പിക്കുമെന്നും എഡിഎം പറഞ്ഞു.

അതേസമയം അന്തേവാസികളുടെ മരണത്തില്‍ ഉന്നതതല അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. മരണപ്പെട്ടവരുടെ ആന്തരികാവയവങ്ങള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. പരിശോധനാ ഫലം കാത്തിരിക്കുകയാണ് പൊലീസും ആരോഗ്യവകുപ്പും.പുതുജീവന്‍ മാനസികാരോഗ്യകേന്ദ്രത്തിലെ അന്തേവാസികളുടെ മരണത്തില്‍ ജില്ലാ കളക്ടറുടെ നിര്‍ദേശം അനുസരിച്ചാണ് എ.ഡി.എം. അന്വേഷണം ആരംഭിച്ചത്. സ്ഥലം സന്ദര്‍ശിച്ച ശേഷം അന്തേവാസികളില്‍നിന്നും ഉടമസ്ഥരില്‍നിന്നും പ്രദേശവാസികളില്‍നിന്നും പ്രാഥമിക തെളിവെടുപ്പു നടത്തി.

Loading...

സ്ഥാപനത്തില്‍ മുപ്പതിലധികം മരണങ്ങള്‍ ഉണ്ടായിട്ടുണ്ട്. എല്ലാ കേസുകളിലും അധികൃതര്‍ നിയമപരമായ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്നും എ.ഡി.എം. പറഞ്ഞു. കഴിഞ്ഞദിവസങ്ങളില്‍ മരിച്ച മൂന്നുപേരുടെ മരണകാരണം ന്യൂമോണിയ ആണെന്നാണ് പ്രാഥമിക നിഗമനം. കൂടുതല്‍ വ്യക്തത വരുന്നതിനായി ആന്തരിക അവയവങ്ങളുടെ രാസപരിശോധനാഫലം കാത്തിരിക്കുകയാണ് പോലീസും ആരോഗ്യവകുപ്പും. മരിച്ച രണ്ടുപേരുടെയും സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇവര്‍ക്ക് നല്‍കിയിരുന്ന മരുന്നുകളിലെ ഈയത്തിന്റെ അളവാണ് പ്രധാനമായും പരിശോധിക്കുന്നത്.

ഈയത്തിന്റെ അളവ് കൂടിയാലും മരണം സംഭവിക്കാം. അങ്ങനെ വന്നാല്‍ ചികിത്സാ പിഴവായി വിലയിരുത്താം. ഇതു കൂടാതെ, ചികിത്സയില്‍ കഴിയുന്ന ഏഴ് അന്തേവാസികളുടെ സാമ്പിളുകളും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പുതുജീവന്‍ ട്രസ്റ്റിന്റെ പ്രവര്‍ത്തനാനുമതി സംബന്ധിച്ച് കേസ് നടക്കുന്നുണ്ടെന്നും കോടതിവിധി അനുസരിച്ചു മാത്രമേ തുടര്‍നടപടി സ്വീകരിക്കാനാകൂവെന്നും എ.ഡി.എം. വ്യക്തമാക്കി.