ട്രമ്പിന് പുടിന്റെ കത്ത്; വളരെ നല്ല കത്തെന്നും, ശരിയായ ചിന്തകളെന്നും ട്രമ്പിന്റെ പ്രശംസ

ന്യൂയോര്‍ക്ക്: റഷ്യന്‍ പ്രസിഡന്റ് പുടിന്‍ അയച്ചതെന്നു പറയപ്പെടുന്ന കത്ത് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പിന്റെ അധികാര കൈമാറ്റ സംഘം പുറത്തുവിട്ടു. വളരെ നല്ല കത്താണെന്നും, അദ്ദേഹത്തിന്റെ ചിന്തകള്‍ ശരിയാണെന്നുമുള്ള ട്രമ്പിന്റെ കുറിപ്പും ഇതോടൊപ്പമുണ്ട്. ഡിസംബര്‍ 15 എന്നാണ് ട്രമ്പിന്റെ കത്തില്‍ തീയതി രേഖപ്പെടുത്തിയിട്ടുള്ളത്.
വ്യാഴാഴ്ച ഇരു നേതാക്കളും തങ്ങളുടെ രാജ്യത്തിന്റെ ആണവായുധ ശേഖരം വര്‍ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി പ്രസ്താവന നടത്തിയിരുന്നു. അത് ഒരു ആയുധ മത്സരം ആയിക്കോട്ടെയെന്നും, നമ്മള്‍ അവരെ എല്ലാ തരത്തിലും കടത്തിവെട്ടുമെന്നും ട്രമ്പ് ഫോണില്‍ പറഞ്ഞതായി എം.എസ്.എന്‍.ബി.സി ലേഖിക മിക ബ്രെസ്‌നിസ്‌കി പറഞ്ഞു.തന്ത്രപ്രധാനമായ അണുവായുധ ശേഖരം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെപ്പറ്റി പുടിന്‍ പറഞ്ഞ് മണിക്കൂറുകള്‍ക്കകം അണുവായുധ മേഖല പരിപോഷിപ്പിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ട്രമ്പിന്റെ പ്രതികരണം വന്നു.
ക്രിയാത്മക രീതിയില്‍ ഉഭയകക്ഷി ബന്ധം പുന:സ്ഥാപിച്ച് അന്താരാഷ്ട്ര തലത്തില്‍ സഹകരണത്തിന്റെ പാതയൊരുക്കാന്‍ ശ്രമിക്കണമെന്ന സന്ദേശമാണ് പുടിന്റെ കത്തില്‍ പ്രതിഫലിക്കുന്നത്. ക്രീമിയ പിടിച്ചടക്കിയതിന്റെ പേരില്‍ അമേരിക്കന്‍ ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റ് ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധം പുതിയ പ്രസിഡന്റ് പിന്‍വലിച്ചേക്കുമെന്ന് പ്രതീക്ഷയാണ് പുടിനുള്ളതെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. പുടിനുമായും റഷ്യന്‍ സര്‍ക്കാരുമായും ട്രമ്പ് അടുപ്പം പുലര്‍ത്തുന്നുവെന്ന് റിപ്പബ്ലിക്കന്‍ – ഡെമോക്രാറ്റിക് പാര്‍ട്ടി അംഗങ്ങള്‍ ഒന്നുപോലെ കുറ്റപ്പെടുത്തുന്നുണ്ട്. വിദേശകാര്യ സെക്രട്ടറിയായി എക്‌സണ്‍ മൊബീല്‍ സി.ഇ.ഒ യും റഷ്യയുമായി അടുപ്പം പുലര്‍ത്തുന്നയാളുമായ റെക്‌സ് ടില്ലേര്‍സനെ നിയമിച്ചത് ഇതിന്റെ പ്രതിഫലനമായി വിലയിരുത്തപ്പെടുന്നു.