‘മുസ്​ലിമാണോ? ഫ്ലാറ്റ് കിട്ടാന്‍ ബുദ്ധിമുട്ടാകും’ കൊച്ചിയിലെ ദുരനുഭവം പങ്കുവെച്ച്‌​ മമ്മൂട്ടി സിനിമയുടെ സംവിധായിക റത്തീന

കൊച്ചി: കൊച്ചിയില്‍ വാടകയ്ക്കു ഫ്ലാറ്റ് അന്വേഷിച്ചപ്പോഴുള്ള ദുരനുഭവം പങ്കു​വെച്ച്‌​ മമ്മൂട്ടി സിനിമ ‘പുഴു’വിന്‍റെ സംവിധായിക റത്തീന.

ത​ന്‍റെ പേര്​ കേട്ടപ്പോള്‍ മുസ്​ലിം അല്ലല്ലോ എന്ന്​ ചോദിച്ചു. മുസ്​ലിമാണെന്ന്​ പറഞ്ഞപ്പോള്‍ ” ഓ, അപ്പൊ ബുദ്ധിമുട്ടായിരിക്കും മാഡം!” എന്ന്​ മറുപടി പറഞ്ഞതായാണ്​ അവര്‍ സോഷ്യല്‍ മീഡിയയില്‍ എഴുതിയ കുറിപ്പില്‍ പറയുന്നത്​. മുന്‍പും ഇതനുഭവിച്ചിരുന്നുവെന്നും എന്നാല്‍, ഇത്തവണ പുതുമ തോന്നിയത് ഏഴു വയസ്സിനു താഴെ പ്രായമുള്ള കുഞ്ഞുങ്ങള്‍ പാടില്ല എന്ന് പറഞ്ഞപ്പോഴാണെന്നും റത്തീന പറയുന്നു.

Loading...

റത്തീനയുടെ കുറിപ്പ്​ വായിക്കാം:

ഏഴു വയസ്സിനു താഴെ പ്രായമുള്ള കുഞ്ഞുങ്ങള്‍ പാടില്ല

“റത്തീന ന്ന് പറയുമ്ബോ??”

“പറയുമ്ബോ? ”

മുസ്ലിം അല്ലല്ലോ ല്ലേ?? ”

“യെസ് ആണ്…’

” ഓ, അപ്പൊ ബുദ്ധിമുട്ടായിരിക്കും മാഡം!”

കൊച്ചിയില്‍ വാടകയ്ക്കു ഫ്ലാറ്റ് അന്വേഷിച്ചു നടപ്പാണ്. മുന്‍പും ഇത് അനുഭവിച്ചിട്ടുള്ളതാണ്.. ഒട്ടും പുതുമ തോന്നിയില്ല. ഇത്തവണ പുതുമ തോന്നിയത് ഏഴു വയസ്സിനു താഴെ പ്രായമുള്ള കുഞ്ഞുങ്ങള്‍ പാടില്ല എന്ന് പറഞ്ഞപ്പോഴാ.. അവര് വീടിന്റെ കഴുക്കോല്‍ ഇളക്കുമാരിക്കും!

പിന്നെ സ്ഥിരം ഫ്രഷ് ഐറ്റംസ്

ഭര്‍ത്താവ് കൂടെ ഇല്ലേല്‍ നഹി നഹി

സിനിമായോ, നോ നെവര്‍

അപ്പോപിന്നെ മേല്‍ പറഞ്ഞ

എല്ലാം കൃത്യമായി തികഞ്ഞ എനിക്കോ?! ..

“ബാ.. പോവാം ….”

Not All Men ന്ന് പറയുന്ന പോലെ Not all landlords എന്ന് പറഞ്ഞു നമ്മക്ക് ആശ്വസിക്കാം…