മലപ്പുറം: മുസ്ലിം ലീഗിന്‍െറ രാജ്യസഭാ സ്ഥാനാര്‍ഥിയായി വ്യവസായ പ്രമുഖനും മുന്‍ രാജ്യസഭാംഗവുയ പി.വി അബ്ദുല്‍ വഹാബിനെ തെരഞ്ഞെടുത്തു. ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയില്‍ നടന്ന പാര്‍ട്ടി ഉന്നതാധികാര സമിതി യോഗത്തിന് ശേഷമാണ് പ്രഖ്യാപനം നടത്തിയത്.

രാജ്യസഭാ സ്ഥാനാര്‍ഥി സംബന്ധിച്ച് ലീഗില്‍ അഭിപ്രായ വ്യത്യാസമില്ലെന്ന് മുതിര്‍ന്ന നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. എല്ലാ നടപടികളും പൂര്‍ത്തിയാക്കിയാണ് പാര്‍ട്ടി തീരുമാനമെടുത്തത്. ലീഗില്‍ ഭിന്നതയുണ്ട് എന്നുള്ള വാര്‍ത്ത മാധ്യമസൃഷ്ടിയാണെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

Loading...

പ്രവര്‍ത്തനങ്ങളില്‍ വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ തിരുത്തി മുന്നോട്ടു പോകുമെന്ന് പി.വി അബ്ദുല്‍ വഹാബ് പ്രതികരിച്ചു. പാര്‍ട്ടിയുടെ അടിത്തട്ടില്‍ പ്രവര്‍ത്തിച്ചാണ് താന്‍ വളര്‍ന്നു വന്നത്. തന്‍െറ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച അംഗീകാരം കൂടിയാണ് രണ്ടാം തവണയും രാജ്യസഭാ സ്ഥാനാര്‍ഥിയാക്കിയത്. പണമുണ്ടാകുന്നത് ഒരു ക്രിമിനല്‍ കുറ്റമല്ളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വെള്ളിയാഴ്ച കോഴിക്കോട് ലീഗ് ഹൗസില്‍ ചേര്‍ന്ന ലീഗ് പ്രവര്‍ത്തക സമിതിയില്‍ സ്ഥാനാര്‍ഥി സംബന്ധിച്ച് സമവായമുണ്ടായില്ല. ഇതേതുടര്‍ന്ന് അന്തിമ തീരുമാനമെടുക്കുന്നതിനും പ്രഖ്യാപിക്കുന്നതിനും ഹൈദരലി ശിഹാബ് തങ്ങളെ പ്രവര്‍ത്തക സമിതി യോഗം ചുമതലപ്പെടുത്തി.

ഹൈദരലി ശിഹാബ് തങ്ങളെ കൂടാതെ ദേശീയ അധ്യക്ഷന്‍ ഇ. അഹമ്മദ്, മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, ജനറല്‍ സെക്രട്ടറി കെ.പി.എ അബ്ദുല്‍ മജീദ്, ഇ.ടി മുഹമ്മദ് ബഷീര്‍, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍, പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍ അടക്കമുള്ള നേതാക്കള്‍ പ്രഖ്യാപന ചടങ്ങില്‍ പങ്കെടുത്തു.