ദിവസവും രാവിലെ ബ്യൂട്ടി പാര്‍ലറില്‍ പോയി സമയം കളയുന്ന ആളുകളെയല്ല ഞാന്‍ പിന്തുടരുന്നത്‌: അന്‍വര്‍

കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാമിന് മറുപടിയുമായി നിലമ്ബൂര്‍ എംഎല്‍എ പിവി അന്‍വര്‍. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയിലൂടെയാണ്‌ അദ്ദേഹം മറുപടി നല്‍കിയിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

ഇനി പറയാതെ വയ്യ..

Loading...

കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളിലായി,നിലമ്ബൂരിലെ പ്രളയമുഖത്താണ്.ഇവിടെ നൂറുകണക്കിന് ആളുകള്‍ ഭവനരഹിതരായിട്ടുണ്ട്‌.ആയിരങ്ങള്‍ വിവിധ ക്യാമ്ബുകളില്‍ കഴിയുന്നു.ഇവരുടെ പുനരധിവാസം എന്ന കടമ്ബയും എനിക്ക്‌ മുന്‍പിലുണ്ട്‌.പ്രളയകാലത്ത്‌,എന്നെ വിശ്വസിച്ച്‌ തിരഞ്ഞെടുത്ത ജനതയ്ക്കൊപ്പം പരമാവധി അടുത്ത്‌ നിന്നിട്ടുണ്ട്‌.കഴിഞ്ഞ ദിവസങ്ങളില്‍ ജീവിച്ചത്‌ അവര്‍ക്ക്‌ വേണ്ടി മാത്രം എന്ന് തന്നെ പറയും.

സോഷ്യല്‍ മീഡിയയില്‍ എനിക്കെതിരെ ഇപ്പോള്‍ ഒരു ഹെയ്റ്റ്‌ ക്യാമ്ബയിന്‍ ആരംഭിച്ചിട്ടുണ്ട്‌.
പ്രളയകാലത്ത്‌ എന്റെ ഫേസ്‌ബുക്ക്‌ പേജ്‌ വഴി,എനിക്ക്‌ വേണ്ടി പി.ആര്‍ വര്‍ക്ക്‌ നടത്തി എന്നതാണ് പ്രചരണത്തിന്റെ കാതല്‍.ഒരു ഉന്നത ജനപ്രതിനിധിയുടെ നേതൃത്വത്തിലാണ് ക്യാമ്ബയിന്‍ കൊഴുപ്പിക്കുന്നത്‌.ആദ്യമേ തന്നെ പറയാമല്ലോ.പി.ആര്‍ വര്‍ക്ക്‌ നടത്താന്‍ ആരെയും ഏല്‍പ്പിച്ചിട്ടില്ല.ആ സമയത്ത്‌,ഏതെല്ലാം സാധ്യതകള്‍ ഉപയോഗപ്പെടുത്തി ജനങ്ങളെ സഹായിക്കാം എന്ന ചിന്തയേ ഉണ്ടായിരുന്നുള്ളൂ.നിലമ്ബൂര്‍ മണ്ഡലത്തില്‍,മിക്ക സ്ഥലങ്ങളിലും വൈദ്യുതി ബന്ധം തകര്‍ന്നിരുന്നു.മൊബൈല്‍ നെറ്റ്‌വര്‍ക്കുകളും പ്രവര്‍ത്തനരഹിതമായി.ബി.എസ്‌.എന്‍.എല്‍ സേവനം മാത്രമാണുണ്ടായിരുന്നത്‌.
പ്രവാസികള്‍ക്കും പുറത്തുള്ളവര്‍ക്കും വിവരങ്ങള്‍ കൈമാറാന്‍ കഴിയുന്ന തരത്തില്‍,ഫേസ്‌ ബുക്ക്‌ പേജിനെ എങ്ങനെ ഒരു മിനി-കണ്‍ട്രോള്‍ റൂമായി ഉപയോഗിക്കാം എന്ന സാധ്യത വിലയിരുത്തി.അതിന്റെ ഭാഗമായി ഓഫീസ്‌ കേന്ദ്രീകരിച്ച്‌ ഒരു ഹെല്‍പ്പ്‌ ഡെസ്ക്ക്‌ ആരംഭിച്ചു.സേവന സന്നദ്ധരായ അഞ്ച്‌ ചെറുപ്പക്കാരെ ഹെല്‍പ്പ്‌ ഡെസ്ക്കിന്റെ ചുമതല ഏല്‍പ്പിച്ചു.സ്റ്റാഫുകളും ഈ അഞ്ച്‌ പേരും ചേര്‍ന്നാണ് പേജ്‌ വഴിയുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്‌.പ്രാദേശികമായി വിവരങ്ങള്‍ ശേഖരിക്കാന്‍,ബന്ധപ്പെടാന്‍ കഴിയുന്ന പൊതുപ്രവര്‍ത്തകരുടെ നമ്ബരുകള്‍ ശേഖരിച്ച്‌,വന്ന എന്‍ക്വയറികള്‍ക്ക്‌ പത്ത്‌ മിനിറ്റിനകം മറുപടി നല്‍കാന്‍ കഴിയുന്ന തരത്തില്‍ ക്രമീകരിച്ചു.നൂറുകണക്കിനായ അന്വേഷണങ്ങള്‍ക്ക്‌ മറുപടി നല്‍കി.99% കൃത്യതയോടെ ആ അവസരത്തില്‍ ജനങ്ങളുടെ ആശങ്ക മാറ്റുവാനായി ഈ ഹെല്‍പ്പ്‌ ഡെസ്ക്ക്‌ പരിശ്രമിച്ചു.നല്‍കിയ വിവരങ്ങളില്‍ ഒരെണ്ണം മാത്രമാണ് കൃത്യമാകാതെ പോയത്‌.
ഈ അന്വേഷണങ്ങള്‍ എല്ലാം പി.ആര്‍ വര്‍ക്കിന്റെ ഭാഗമായിരുന്നു എന്ന പ്രചരണവും ഇപ്പോള്‍ ആരംഭിച്ചിട്ടുണ്ട്‌.ആ കമന്റുകളില്‍ ഒന്ന് പോലും വിടാതെ,എല്ലാം ഈ പേജിലെ പോസ്റ്റുകളില്‍ തന്നെയുണ്ട്‌.നിങ്ങള്‍ക്ക്‌ അവരെ ബന്ധപ്പെടാം.അന്വേഷിക്കാം.പിന്നീട്‌ ഇന്ന് വരെ സഹായങ്ങള്‍ അഭ്യര്‍ത്ഥിച്ചും നിര്‍ദ്ദേശങ്ങള്‍ കൈമാറിയും നിരവധി പോസ്റ്റുകള്‍ ഈ പേജ്‌ വഴി ജനങ്ങളില്‍ എത്തിച്ചിട്ടുണ്ട്‌.എം.എല്‍.എ ഓഫീസിലെ കളക്ഷന്‍ സെന്ററില്‍ എത്തിയ സഹായങ്ങളില്‍ ഭൂരിഭാഗവും,സേവനങ്ങള്‍ക്ക്‌ എത്തിയവരില്‍ ഭൂരിഭാഗവും,ഞങ്ങളെ ബന്ധപ്പെട്ടത്‌ ഈ പേജിലെ പോസ്റ്റുകള്‍ പിന്തുടര്‍ന്നാണ്.നിലവിലും ഇതൊക്കെ തുടര്‍ന്ന് കൊണ്ടിരിക്കുന്നു.

നവമാധ്യമം വഴിയുള്ള ഈ ഇടപെടലുകള്‍,ശ്രദ്ധിക്കപ്പെട്ടു.അതോടെ ഇരിക്കപൊറുതിയില്ലാതെ ആയത്‌ പ്രമുഖ ഫേസ്‌ ബുക്ക്‌ ഉപഭോക്താവിനാണ്.അദ്ദേഹം ഈ കഴിഞ്ഞ ദിവസങ്ങളില്‍ പലതവണ അസഹിഷ്ണുത ഈ വിഷയത്തില്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്‌.
‘ഞാന്‍ തന്നെയാണു പേജ്‌ കൈകാര്യം ചെയ്യുന്നത്‌..’എന്നാണ് രോധനത്തിലെ പ്രധാന പോയിന്റ്‌.അദ്ദേഹത്തെ ഇകഴ്ത്തി കാണിക്കാനല്ല,ഈ പേജ്‌ വഴി അടിയന്തര സാഹചര്യങ്ങളില്‍ ജനങ്ങള്‍ക്ക്‌ വേണ്ടി പ്രവര്‍ത്തിച്ചത്‌ എന്ന് വിനീതമായി അറിയിക്കുന്നു.മറ്റുള്ളവരെ അധിക്ഷേപിക്കാനും,കുറ്റം പറയാനും,കരിവാരി തേയ്ക്കാനും മാത്രമായി ഉപയോഗിക്കാനുള്ളതല്ല സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം.അദ്ദേഹത്തിന്റെ മണ്ഡലത്തിലെ ജനങ്ങള്‍ അത്‌ സൂചിപ്പിച്ചു എങ്കില്‍,ഞാന്‍ അതിനൊന്നും ഉത്തരവാദിയല്ല.സ്വന്തം പാര്‍ട്ടിക്കാരന്‍ വരെ ഈ വിഷയം അദ്ദേഹത്തിന്റെ ഒരു പോസ്റ്റിലെ കമന്റില്‍ സൂചിപ്പിച്ച്‌,ഒപ്പം തിരിഞ്ഞ്‌ നോക്കാത്ത അദ്ദേഹത്തിന്റെ മെസഞ്ചര്‍ സ്ക്രീന്‍ ഷോട്ടും പങ്ക്‌ വച്ചത്‌ അദ്ദേഹം വിദഗ്ദമായി മുക്കിയിട്ടുണ്ടെങ്കിലും,സ്ക്രീന്‍ഷോട്ട്‌ കൈവശമുണ്ട്‌.മറ്റുള്ളവരുടെ തോളില്‍ കയറി കയ്യടി വാങ്ങാനുള്ളതല്ല സോഷ്യല്‍ മീഡിയ.
അത്‌ ജനങ്ങള്‍ക്കും ഉപകാരപ്പെടുന്ന രീതിയില്‍ പ്രയോജനപ്പെടുത്തില്ല,അങ്ങനെ ചെയ്യാനും അനുവദിക്കില്ല-എന്ന് വാശിപിടിക്കാന്‍ ഇത്‌ അങ്ങയുടെ രാജ്യമല്ല.ഇനിയും ഇങ്ങനെ തന്നെ തുടരും.
ഈ വിഷയത്തില്‍,പല കംപാരിസണ്‍ പോസ്റ്റുകളും വൈറലായി.അതിന്റെ പേരില്‍ എനിക്കെതിരെ തിരിഞ്ഞിട്ട്‌ കാര്യമില്ല.ജനങ്ങള്‍ക്ക്‌ ഉപകാരപ്പെടുന്ന ഇടപെടലുകള്‍ ഇനിയും ഉണ്ടാകും.സോഷ്യല്‍ മീഡിയയില്‍ പരദൂഷണം പറയുന്നവര്‍ക്ക്‌ പാര്‍ട്ടിയില്‍ സ്ഥാനമുണ്ടാകില്ല എന്ന് മുല്ലപള്ളി പറഞ്ഞത്‌ വെറുതെയല്ല(അത്‌ ആരെ ലക്ഷ്യമാക്കി പറഞ്ഞതാണെന്ന് എല്ലാവര്‍ക്കും അറിയാം).

‘പെട്ടിതൂക്കി’എന്ന വാക്ക്‌ കണ്ട്‌,ഘോരഘോരം എഴുതി തള്ളി,അണികളെ കൊണ്ട്‌ ജയ്‌ വിളിപ്പിക്കുന്നത്‌ തെറ്റിദ്ധരിച്ച്‌ മാത്രമാണ്.ഞാന്‍ താങ്കളെ ഉദ്ദേശിച്ചല്ല അത്‌ പറഞ്ഞത്‌.അങ്ങനെ സ്വയം തോന്നിയെങ്കില്‍,ക്ഷമിക്കണം.ഉന്നയിച്ച ഓരോ ആരോപണങ്ങള്‍ക്കും കൃത്യമായ മറുപടി നല്‍കാന്‍ അറിയാം.അതിനുള്ള പ്രായമുണ്ട്‌.അത്‌ തരുകയും ചെയ്യും.ഇപ്പോള്‍ നിലമ്ബൂരില്‍,എന്നെ പ്രതീക്ഷിച്ച്‌ ജീവിതം മുന്‍പോട്ട്‌ കൊണ്ടുപോകുന്ന കുറച്ച്‌ ആളുകളുണ്ട്‌.ക്ലോക്കില്‍ രണ്ട്‌ തവണയേ ഒരു സമയം കാണിക്കൂ.അതില്‍ തന്നെ നോക്കി ഇരിക്കാന്‍ ഇപ്പോള്‍ സമയമില്ല.ജനങ്ങള്‍ക്കൊപ്പം,അവര്‍ക്ക്‌ വേണ്ടി നിരവധി കാര്യങ്ങള്‍ ചെയ്ത്‌ തീര്‍ക്കാനുണ്ട്‌.പിന്നെ,ദുരന്തമുഖത്ത്‌ നില്‍ക്കുമ്ബോള്‍ ക്ലീന്‍ ഷേവ്‌ ചെയ്യാന്‍ കഴിഞ്ഞെന്ന് വരില്ല.ദിവസവും രാവിലെ ബ്യൂട്ടി പാര്‍ലറില്‍ പോയി സമയം കളയുന്ന ആളുകളെയല്ല ഞാന്‍ പിന്തുടരുന്നത്‌…

അദ്ദേഹത്തിന്റെ അണികളോടും കൂടിയാണ്..