തേജസ് യുദ്ധവിമാനം പറത്തി പിവി സിന്ധു; സ്വന്തമാക്കിയത് ഈ നേട്ടങ്ങള്‍

ബെംഗളൂരു: തേജസ് യുദ്ധ വിമാനം പറത്തുന്ന ആദ്യ വനിതയെന്ന നേട്ടം സ്വന്തമാക്കി പിവി സിന്ധു.
ബെംഗളൂരുവില്‍ നടക്കുന്ന എയ്‌റോ ഇന്ത്യ വ്യോമ പ്രദര്‍ശനത്തിനിടെയാണ് ബാഡ്മിന്റണ്‍ താരം പിവി സിന്ധു കഴിഞ്ഞദിവസം കളത്തിന് പുറത്ത് രാജ്യത്തിന് തന്നെ അഭിമാനകരമായ നേട്ടങ്ങള്‍ സ്വന്തമാക്കിയത്‌ .

തേജസുമായി ആകാശത്തേക്ക് ഉയര്‍ന്നതോടെ പോര്‍വിമാനം പറത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന നേട്ടവും പിവി സിന്ധുവിന്റെ പേരിലായി. ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എഎല്‍) തദ്ദേശീയമായി നിര്‍മിച്ച ലൈറ്റ് കോംപാക്റ്റ് എയര്‍ക്രാഫ്റ്റാണ് തേജസ്. എയ്‌റോ ഇന്ത്യ വ്യോമ പ്രദര്‍ശനത്തിനിടെ തേജസിന്റെ സഹ പൈലറ്റായാണ് സിന്ധു പോര്‍ വിമാനവുമായി ആകാശത്തേക്ക് ഉയര്‍ന്നത്. ക്യാപ്റ്റര്‍ സിദ്ധാര്‍ഥ് സിങ്ങിനൊപ്പമാണ് സിന്ധു വിമാനം പറത്തി ചരിത്രത്തില്‍ ഇടംപിടിച്ചത്. 40 മിനിറ്റ് നേരമായിരുന്നു സിന്ധുവിന്റെ വിമാനം പറത്തല്‍.തദ്ദേശീയമായി നിര്‍മ്മിച്ച പോര്‍വിമാനം പറത്തുന്ന ആദ്യ വനിതയാകാന്‍ കഴിഞ്ഞതില്‍ അതീവ സന്തോഷമുണ്ടെന്ന് പ്രദര്‍ശനത്തിനു ശേഷം സന്ധു മാധ്യമങ്ങളോട് പ്രതികരിച്ചു. ‘നേട്ടം രാജ്യത്തെ സ്ത്രീകള്‍ക്ക് സമര്‍പ്പിക്കുന്നു. ഈ ദിവസം ഒരിക്കലും മറക്കാനാവില്ല’ അവര്‍ പറഞ്ഞു.