ഖത്തറിന് ഒറ്റപ്പെടല്‍ ഉണ്ടായത് തന്റെ ഗള്‍ഫ് സന്ദര്‍ശനത്തിന്റെ പ്രതിഫലനമെന്ന് ട്രമ്പ്; ഭീകരതയ്ക്ക് അന്ത്യം കുറിക്കാനുള്ള തുടക്കമെന്നും അവകാശവാദം

വാഷിംഗ്ടണ്‍: ഭീകര സംഘടനകളെ പിന്തുണയ്ക്കുന്നുവെന്ന് ആരോപിച്ച് ഖത്തറിനെ അയല്‍ രാജ്യങ്ങള്‍ ഒറ്റപ്പെടുത്തിയത് തന്റെ ഗള്‍ഫ് സന്ദര്‍ശനത്തിന്റെ പ്രതിഫലനമാണെന്ന അവകാശവാദവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പ് രംഗത്ത്. സൗദി അറേബ്യയിലേക്കു നടത്തിയ സന്ദര്‍ശനം ഫലം തന്നു തുടങ്ങിയെന്നും, ഭീകരതയ്ക്ക് അന്ത്യം കുറിക്കാനുള്ള തുടക്കമായി ഇതിനെ കാണാമെന്നും ട്രമ്പ് ട്വീറ്റ് ചെയ്തു.
”ഭീകരരെ പിന്തുണയ്ക്കുന്ന നടപടി ആരുടെ ഭാഗത്തു നിന്നും ഉണ്ടാകാന്‍ പാടില്ല എന്ന ഗള്‍ഫ് സന്ദര്‍ശന വേളയില്‍ ആഹ്വാനം ചെയ്തപ്പോള്‍ നേതാക്കള്‍ ഖത്തറിനു നേരെ വിരല്‍ ചൂണ്ടുകയായിരുന്നു. മറ്റു രാജ്യങ്ങളൊക്കെ ഇക്കാര്യത്തില്‍ വേണ്ട നടപടികള്‍ സ്വീകരിക്കാമെന്ന് ഉറപ്പു നല്‍കി.” – ട്രമ്പ് ട്വിറ്ററില്‍ പറഞ്ഞു. ആരോപണങ്ങള്‍ ഖത്തര്‍ നിഷേധിച്ചിട്ടുണ്ട്. മിഡില്‍ ഈസ്റ്റില്‍ ഏറ്റവുമധികം അമേരിക്കന്‍ സൈനിക സാന്നിധ്യമുള്ള രാജ്യങ്ങളിലൊന്നാണ് ഖത്തര്‍. എണ്ണായിരിത്തോളം അമേരിക്കന്‍ സൈനികരാണ് ഇവിടെയുള്ളത്. അമേരിക്കയുടെ അന്‍പത്തിയൊന്നാമത്തെ സംസ്ഥാനമാണ് ഖത്തര്‍ എന്നു വരെ തമാശയായി വിലിയിരുത്തല്‍ ഉണ്ടായിട്ടുള്ളതാണ്. അത്തരമൊരു രാജ്യത്തിനാണ് ഇപ്പോള്‍ ഒറ്റപ്പെടല്‍ നേരിടേണ്ടി വന്നിരിക്കുന്നത്.
ഈ വിഷയം ആളിക്കത്താതെ രമ്യമായി പരിഹരിക്കപ്പെടണമെന്നു തന്നെയാണ് അമേരിക്ക ആഗ്രഹിക്കുന്നതെന്നും, ബന്ധപ്പെട്ട എല്ലാ കക്ഷികളുമായും ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും വൈറ്റ്ഹൗസ് വക്താവ് സീന്‍ സ്‌പൈസര്‍ പറഞ്ഞു. റിയാദില്‍ ഭീകരതയ്‌ക്കെതിരേ ട്രമ്പ് നടത്തിയ പ്രസംഗത്തിന്റെ തുടര്‍ച്ചയായി അല്‍ ജസീറ ഉള്‍പ്പെടെയുള്ള ഖത്തറിന്റെ വാര്‍ത്താ ചാനലുകള്‍ക്ക് സൗദി, ഈജിപ്ത്, ബഹറിന്‍, യു.എ.ഇ എന്നിവ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഖത്തര്‍ പൗരന്മാരോട് രണ്ടാഴ്ചക്കകം നാടുവിടാന്‍ തിങ്കളാഴ്ച സൗദി, ബഹറിന്‍, യു.എ.ഇ എന്നീ രാജ്യങ്ങള്‍ ആവശ്യപ്പെട്ടു. ഖത്തര്‍ സന്ദര്‍ശനം ഒഴിവാക്കണമെന്ന് സ്വന്തം പൗരന്മാരോട് ഈ രാജ്യങ്ങള്‍ നിര്‍ദേശിച്ചു.