ഖത്തര്‍ പ്രതിസന്ധി പരിഹാരത്തിന് ഉച്ചകോടി വിളിച്ചുചേര്‍ക്കാമെന്ന് ട്രമ്പ്

വാഷിംഗ്ടണ്‍: സൗദി അറേബ്യ ഉള്‍പ്പെടെ ഏഴുരാജ്യങ്ങള്‍ തീവ്രവാദ ബന്ധം ആരോപിച്ച് ഖത്തറിനെ ഒറ്റപ്പെടുത്തിയതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ ബന്ധപ്പെട്ട രാജ്യങ്ങളുടെ ഉന്നത തല സമ്മേളനം ചേരണമെന്നും സമ്മേളനത്തിന് അമേരിക്ക ആതിഥേയത്വം നല്‍കാമെന്നും യു.എസ് പ്രസിഡന്റ് ട്രമ്പ്. ബുധനാഴ്ച ഖത്തര്‍ അമീര്‍ തമീം ബിന്‍ ഹമദ് അല്‍ഥാനിയെ ടെലിഫോണില്‍ വിളിച്ചാണ് ട്രമ്പ്്പരിഹാര നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്.
പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹകരിക്കുന്ന പക്ഷം എല്ലാവരെയും വിളിച്ചു കൂട്ടി ഉച്ചകോടി സംഘടിപ്പിക്കാമെന്നും ഉച്ചകോടിക്ക് യു.എസ് ആതിഥേയത്വം വഹിക്കാമെന്നും വാഗ്ദാനം ചെയ്തു. വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ മാധ്്യമങ്ങള്‍ക്കു നല്‍കിയത്.
തീവ്രവാദികള്‍ക്കു പണം നല്‍കുന്നുവെന്ന ആരോപണമാണ് ഗള്‍ഫ് രാജ്യങ്ങള്‍ ഖത്തറിനെതിരെ ഉയര്‍ത്തിയത്. ഭീകരവാദത്തില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളെ രക്ഷിക്കാന്‍ ഇതിനെതിരെ രാജ്യങ്ങള്‍ നടത്തേണ്ട കൂട്ടായ പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യം ട്രമ്പ് ഖത്തര്‍ ഭരണാധികാരിയെ ബോധ്യപ്പെടുത്തിയെന്ന് വൈറ്റ് ഹൗസ് വെളിപ്പെടുത്തി.
അതേ സമയം ഉച്ചകോടിയില്‍ അറബ് രാഷ്ട്രങ്ങളുടെ സംഘടനയായ ഗള്‍ഫ് സഹകരണ കൗണ്‍സിലിലെ അംഗങ്ങളായ കുവൈത്ത്, ഖത്തര്‍,ഒമാന്‍, ബഹ്്‌റിന്‍,യു.എ.ഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങള്‍ മാത്രമേ പങ്കെടുക്കുകയുള്ളോ എന്നു വൈറ്റ്ഹൗസ് വ്യക്തമാക്കിയില്ല.
സൗദി അറേബ്യ,ബഹ്്റിന്‍, യു.എ.ഇ, ഈജിപ്ത്, ലിബിയ,യെമന്‍, മാല്‍ഡൈവ്,മൗറിത്താനിയ തുടങ്ങിയ രാജ്യങ്ങളാണ് ഖത്തറുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ ഉപേക്ഷിച്ചത്.
ഐ.എസ്. അല്‍ഖ്വയ്ദ തുടങ്ങിയ ഭീകര സംഘടനകള്‍ക്ക് ഖത്തര്‍ സാമ്പത്തികമായി സഹായംചെയ്യുന്നുവെന്നാണ് ഈ രാജ്യങ്ങള്‍ ആരോപിച്ചിരുന്നത്. എന്നാല്‍ സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഖത്തര്‍ ആരോപണം നിഷേധിക്കുകയാണ്.
നിലവില്‍ പ്രസിസന്ധി പരിഹരിക്കാന്‍ കുവൈത്ത് മധ്യസ്ഥ ശ്രമങ്ങള്‍ ശക്തമായി നടത്തുന്നുണ്ട്. നേരത്തെ കുവൈറ്റ് അമീര്‍ സൗദി അറേബ്യ, യു.എ.ഇ ഭരണാധികാരികളുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു.