പൊതുബജറ്റ് പ്രഖ്യാപനത്തെ തുടര്‍ന്നാണ് പുതിയ നിയമനഉത്തരവുകള്‍ വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ ശ്രമം തുടങ്ങിയത്. ബജറ്റ് പ്രഖ്യാപനം വരുന്നതു വരെ പുതിയ നിയമനങ്ങളും തൊഴില്‍ ഒഴിവുകള്‍ നികത്തുന്നതും മന്ത്രാലയങ്ങളും സര്‍ക്കാര്‍ വകുപ്പുകളും നീട്ടിവെക്കുകയായിരുന്നു. ഭരണ വികസന കാര്യ മന്ത്രാലയത്തിന് ലഭിക്കുന്ന ലിസ്റ്റുകള്ക്കനുസരിച്ചായിരിക്കും സ്വദേശികളുടെ നിയമനവും പ്രവാസി തൊഴിലാളികളുടെ പിരിച്ചു വിടലും നടക്കുക.
ഉമറുബ്നുല്‍ ഖത്താബ് ഹെല്‍ത്ത് സെന്ററിലെ മലയാളികള്‍ ഉള്‍പെടെ 12 പേര്‍ക്ക് ഇന്നലെ പിരിച്ചു വിടല്‍ നോട്ടീസ് ലഭിച്ചിട്ടുണ്ട്. വിവിധ പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലെ താഴ്ന്ന തസ്തികകളില്‍ ജോലി ചെയ്യുന്ന 450 ഓളം തൊഴിലാളികളെയും ഉടന്‍ പിരിച്ചു വിടുമെന്നാണ് അനൌദ്യോഗിക വിവരം.
രാജ്യത്തെ പ്രമുഖ എണ്ണക്കമ്പനികളില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് തൊഴിലാളികളെ ഈയിടെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടിരുന്നു. ഇതിനു പിറകെ സര്‍ക്കാരിന് കീഴിലുള്ള മറ്റ് വകുപ്പുകളിലും മന്ത്രാലയങ്ങളിലും കൂടി പിരിച്ചു വിടല്‍ വ്യാപകമാവുന്നതോടെ നിരവധി മലയാളികള്‍ സമീപ ഭാവിയില്‍ നാട്ടിലേക്ക് മടങ്ങേണ്ടി വരുമെന്നാണ് സൂചന.