ഖത്തറിന്റെ ലോക കപ്പ് സ്വപ്നം; പ്രാവാസി ഇന്ത്യാക്കാരെ പീഡിപ്പിക്കുന്നു; ഇതിനോടകം ആയിരക്കണക്കിന് പ്രവാസികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു

ത്തറിന്റെ ലോകകപ്പ് സ്വപ്‌നത്തില്‍ പൊലിഞ്ഞുകൊണ്ടിരിക്കുന്നത് ആയിരത്തിലേറെ ഇന്ത്യക്കാരുടെ ജീവനാണെന്നും തൊഴിലാളികളെ പീഡിപ്പിച്ച് സ്റ്റേഡിയം നിര്‍മ്മാണം നടക്കുന്നതെന്നും ഒരു ഇന്റെര്‍നെറ്റ് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടാതെ ഇതെല്ലാം കണ്ടിട്ടും ഒന്നുമറിയാത്ത മട്ടില്‍ നിസംഗതയോടെ ഇന്ത്യന്‍ എംബസി പെരുമാറുന്നതായും അറിയുന്നു.

2022 ലോകകപ്പ് ഫുട്‌ബോളിന് ആതിഥേയത്വം വഹിക്കാനുള്ള ഒരുക്കത്തിലാണ് ഖത്തര്‍. സ്‌റ്റേഡിയനിര്‍മ്മാണ പ്രവര്‍ത്തനങ്ങളും മറ്റു ജോലികളും തകൃതിയായി നടക്കുന്നു.’സ്‌റ്റേഡിയം നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോഴേക്കും ഒട്ടേറെ ഇന്ത്യക്കാരുടെ മരണത്തിന് സാക്ഷിയാകേണ്ടി വരും. ഖത്തറിലെ തൊഴിലിടങ്ങളിലെ മനുഷ്യാവാകാശ ലംഘനങ്ങള്‍ വാര്‍ത്തയായതിന് പിന്നാലെ കഴിഞ്ഞ വര്‍ഷം രാജ്യാന്തര ട്രേഡ് യൂണിയന്‍ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ശരണ്‍ ബറൗ നടത്തിയ പരാമര്‍ശമാണിത്. സ്‌റ്റേഡിയം നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരുന്ന ആയിരത്തോളം ഇന്ത്യയ്ക്കാര്‍ ഇതിനകം മരിച്ചു. ഗള്‍ഫ് രാജ്യങ്ങളില്‍ ബോംബാക്രമണങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രമാണ് ഇന്ത്യന്‍ പ്രവാസികളെ രക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്താറുള്ളത്. ഇതേയിടങ്ങളില്‍ ഇന്ത്യന്‍ പ്രവാസികള്‍ നേരിടുന്ന യാതനകളെക്കുറിച്ച് ബന്ധപ്പെട്ട അധികാരികള്‍ വിസ്മരിക്കുന്നു.

Loading...

50 ഡിഗ്രി ചൂടില്‍ പ്രതിദിനം 12 മണിക്കൂര്‍ ജോലി, ഭക്ഷണം ചോദിക്കരുത്. 2013ല്‍ കെട്ടിടങ്ങളില്‍ നിന്നും വീണ് ഗുരുതരമായി പരുക്കേറ്റ ആയിരത്തോളം തൊഴിലാളികളെ തങ്ങളുടെ ട്രോമ യൂണിറ്റില്‍ പ്രവേശിച്ചിരുന്നതായി ദോഹ ആശുപത്രി അധികൃതര്‍ പറയുന്നു. ഇവരില്‍ ഭൂരിഭാഗം പേരും മരിച്ചു. പൊള്ളുന്ന ചൂടില്‍ പ്രതിദിനം 12 മണിക്കൂര്‍ ജോലി. ആവശ്യത്തിന് ഭക്ഷണമോ കുടിവെള്ളമോ നല്‍കില്ല. തൊഴിലിടങ്ങളില്‍ എത്തുമുമ്പേ അവരുടെ നരകയാതനകള്‍ ആരംഭിക്കുന്നു. തുച്ഛമായ ശമ്പളത്തിനാണ് ജോലി.(പലപ്പോഴും പറഞ്ഞ ശമ്പളം ലഭിക്കാറില്ല). ആഴ്ച്ചയില്‍ ഏഴ് ദിവസവും ജോലി ചെയ്യണം. പാസ്‌പോര്‍ട്ട് പിടിച്ചുവെയ്ക്കും. സ്റ്റേഡിയം നിര്‍മ്മാണം പൂര്‍ത്തിയാകേണ്ട ഡെഡ്‌ലൈന്‍ അടുക്കും തോറും തൊഴിലാളികളുടെ നരകയാതന ഇതിലും വര്‍ധിക്കും.

മൃഗങ്ങളെ പോലെ ജീവിക്കേണ്ട അവസ്ഥയാണ് തൊഴിലാളികള്‍ക്ക്. എയര്‍ കണ്ടീഷനിംഗ് ചെയ്ത റൂമുകള്‍ താമസത്തിന് നല്‍കാമെന്നായിരിക്കും ജോലിക്ക് കയറുമ്പോഴുള്ള വാഗ്ദാനം. എന്നാല്‍ അത് വാക്കുകളില്‍ മാത്രം ഒതുങ്ങും. വാഗ്ദാനം ചെയ്ത യാതൊരു സൗകര്യങ്ങളും താമസ സ്ഥലങ്ങളില്‍ ലഭിക്കില്ല. ഓടകളിലും സെപ്റ്റിക് ടാങ്കുകള്‍ക്ക് മുകളിലുമാണ് പലരും കിടന്നുറങ്ങുന്നത്. തൊഴിലാളികളുടെ ദുരിത ജീവിതത്തെക്കുറിച്ച് രാജ്യാന്തര ട്രേഡ് യൂണിയന്‍ കോണ്‍ഫഡറേഷന്‍ നടത്തിയ കേസ് സ്റ്റഡിയില്‍ ചില തൊഴിലാളികളുടെ വെളിപ്പെടുത്തലുകള്‍ ഇങ്ങനെ – ‘മൂന്ന് മാസക്കാലം എനിക്കും എന്നോടപ്പമുള്ള മറ്റ് 15 പേര്‍ക്കും തറയില്‍ ചെറിയ പായ വിരിച്ച് കിടക്കേണ്ടി വന്നു. ഇതേകുറിച്ച് ഖത്തര്‍ മനുഷ്യാവകാശ കമ്മിറ്റിയില്‍ പരാതി നല്‍കിയപ്പോള്‍ അവര്‍ ഞങ്ങളെ പുതിയ താമസ സ്ഥലത്തേക്ക് മാറ്റി താമസിപ്പിച്ചു. അവിടേയും ദുരിതസ്ഥിതി തുടര്‍ന്നു. എട്ട് പേര്‍ക്ക് ഒരു മുറി, 16 പേര്‍ക്ക് ഒരു ബാത്ത്‌റൂം, 35 പേര്‍ക്ക് ഒരു അടുക്കള…എന്നതായിരുന്നു അവിടത്തെ സ്ഥിതി.

അടുക്കള വൃത്തിഹീനമായിരുന്നു. താമസിക്കുന്ന കെട്ടിടത്തില്‍ സുരക്ഷാമുന്‍കരുതലുകളോ എമര്‍ജന്‍സി എക്‌സിറ്റുകളോ ഉണ്ടായിരുന്നില്ല. ഒരുദിവസം അവധിയെടുത്താല്‍ രണ്ട് ദിവസത്തെ ശമ്പളം കുറയ്ക്കും. രോഗം കാരണം ലീവെടുത്താലും ഇതുതന്നെയാണ് അവസ്ഥ. തൊഴിലിടങ്ങളിലും വേണ്ടത്ര സുരക്ഷാ മുന്‍കരുതലുകളില്ല. ഇതാണ് വലിയ ആശങ്ക. സുരക്ഷാ ഉപകരണങ്ങളോ ബൂട്ടൂകളോ യൂണിഫോമോ നല്‍കാന്‍ എന്റെ തൊഴിലുടമ തയ്യാറാകുന്നില്ല.’ 2012ല്‍ 237 ഇന്ത്യക്കാര്‍ ഖത്തറില്‍ മരിച്ചതായി ഇന്ത്യന്‍ എംബസി പറയുന്നു. 2013ല്‍ ഇത് 191 ആയി. ഭൂരിഭാഗം പേരും അസ്വാഭാവികമായ ഹൃദയാഘാതം മൂലമാണ് മരിച്ചതെന്നാണ് എംബസി നല്‍കുന്ന വിശദീകരണം. ഒരു വര്‍ഷം മുമ്പ് 169 നേപ്പാളികളും ഇവിടെ മരിച്ചു. ഇവരില്‍ പലരും ആത്മഹത്യയുടെ വക്കിലെത്തിയവരുമായിരുന്നു. കടം മൂലം നാട്ടിലേക്ക് തിരിച്ച് പോകാനും കഴിയാതെ അസ്വസ്ഥരായിരുന്ന ഇവര്‍ മരിച്ചില്ലായിരുന്നെങ്കില്‍ സ്വയം ജീവനൊടുക്കുമായിരുന്നു. വന്നിറങ്ങുമ്പോള്‍ തന്നെ പാസ്‌പോര്‍ട്ടും മറ്റ് വിസ ഡോക്യുമെന്റുകളും തൊഴിലുടമ കൈക്കലാക്കും. ജോലി വ്യവസ്ഥകള്‍ സംബന്ധിച്ച യാതൊരു രേഖകളും ഇവരുടെ കൈവശം ഉണ്ടാകില്ല. എന്ത് ആവശ്യത്തിനും സ്‌പോണ്‍സര്‍മാരെ ആശ്രയിക്കണം. തൊഴിലാളികള്‍ക്ക് രക്ഷപ്പെടാന്‍ സാധ്യമായ എല്ലാ വഴികളും മേല്‍പ്പറഞ്ഞ സ്‌പോണ്‍സര്‍മാര്‍ അടച്ചിരിക്കും.

തൊഴിലാളികള്‍ക്ക് ആവശ്യമായ ഭക്ഷണം നല്‍കാറില്ലെന്നും പരാതിയുണ്ട്. ശമ്പളം ലഭിക്കാത്തത്ത് കൊണ്ട് പുറത്തുപോയി ഭക്ഷണം കഴിക്കുകയെന്നത് തൊഴിലാളികള്‍ക്ക് അപ്രാപ്യമാണ്. തൊഴിലുടമകളുടെ ക്രൂരമായ പീഡനങ്ങള്‍ക്കും തൊഴിലാളികള്‍ വിധേയരാകുന്നുണ്ട്. ഇന്ത്യന്‍ പ്രവാസികളുടെ മരണം ആയിരം കവിഞ്ഞിട്ടും ഇന്ത്യന്‍ എംബസി ഇതൊന്നും അറിയാത്ത മട്ടിലാണ്. തൊഴിലാളികളുടെ മരണം സാധാരണമാണെന്ന നിലപാടാണ് ഇന്ത്യന്‍ എംബസിക്കുള്ളതെന്ന് ആംനെസ്റ്റി ഇന്റര്‍നാഷണല്‍ പറയുന്നു. പ്രവാസികളുടെ കാര്യത്തില്‍ ഇടപെടാന്‍ ഒന്നും ചെയ്യാത്ത എംബസിയെക്കുറിച്ച് ആംനെസ്റ്റി ഇന്റര്‍നാഷണല്‍ വക്താവ് നിഖില്‍ ഈപ്പന്‍ പറയുന്നത് ഇങ്ങനെ – ‘മരണം സാധാരണമാണെന്ന് പറയുന്നതിലുപരി നിര്‍മാണ സ്ഥലത്താണോ, അപകടത്തിലാണോ, ലേബര്‍ ക്യാമ്പുകളിലാണോ, സ്വഭാവികമായാണോ തുടങ്ങി തൊഴിലാളികളുടെ മരണവുമായി ബന്ധപ്പെട്ട വ്യക്തമായ വിവരങ്ങള്‍ നല്‍കാന്‍ എംബസിക്ക് സാധിക്കുന്നില്ല’. കഴിഞ്ഞ ഡിസംബറില്‍ ഖത്തര്‍ രാജകുമാരന്‍ ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ അല്‍ താനി ഇന്ത്യയിലെ സ്മാര്‍ട്ട് സിറ്റികള്‍ക്കായി ഒരു ലക്ഷം കോടി രൂപ നിക്ഷേപിക്കുമെന്ന് മോഡി സര്‍ക്കാരിന് വാഗ്ദാനം നല്‍കിയിരുന്നു. ഈ നിക്ഷേപത്തിന് വേണ്ടിയാകാം ജീവിതം കെട്ടിപ്പടുക്കാന്‍ കടല്‍ കടന്ന് ദുരിതജീവിതം നയിക്കുന്ന ഇന്ത്യക്കാരുടെ ജീവന് സര്‍ക്കാര്‍ വേണ്ടത്ര പ്രധാന്യം നല്‍കാത്തതെന്ന് ചിലര്‍ വിമര്‍ശിക്കുന്നു.