തിരുവനന്തപുരം: ടി പി വധക്കേസ് പ്രതി കൊടി സുനിയുടെ വെളിപ്പെടുത്തലാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. വിയ്യൂർ സെൻട്രൽ ജയിലിൽ തന്നെ കൊലപ്പെടുത്താൻ ശ്രമം നടന്നിരുന്നുവെന്നാണ് കൊടി സുനി വ്യക്തമാക്കിയിരിക്കുന്നത്. അതിനായി 2 സഹ തടവുകാർക്ക് 5 കോടി രൂപയുടെ ക്വട്ടേഷൻ കൊടുത്തെന്നാണ് കൊടി സുനിയുടെ വെളിപ്പെടുത്തൽ.
ഉന്നത ജയിൽ ഉദ്യോഗസ്ഥന്റെ ഒത്താശയോടെ കൊടുവള്ളിയിലെ സ്വർണക്കടത്ത് സംഘമാണു ക്വട്ടേഷൻ ഏൽപിച്ചതെന്നും താൻ ഇത് അറിഞ്ഞതിനാൽ പ്ലാൻ നടപ്പായില്ലെന്നും വിയ്യൂർ ജയിലിലെ വിവാദ ഫോൺ വിളികളെക്കുറിച്ച് അന്വേഷിക്കാനെത്തിയ ഉത്തര മേഖലാ ജയിൽ ഡിഐജിക്കു കൊടി സുനി മൊഴി നൽകി.ജയിൽ സൂപ്രണ്ടിന്റെ ഓഫിസ് സഹായിയായി പ്രവർത്തിച്ചിരുന്ന ഫ്ലാറ്റ് കൊലക്കേസ് പ്രതി റഷീദ്, മറ്റൊരു കൊലക്കേസ് പ്രതി അനൂപ് എന്നിവരെയാണു കൊടുവള്ളി സംഘം ക്വട്ടേഷൻ ഏൽപിച്ചതെന്നാണു സുനിയുടെ മൊഴി. തന്നെ വകവരുത്താനുള്ള നീക്കത്തെക്കുറിച്ചു സുനിക്കു വിവരം ലഭിച്ചതും ഫോൺ വഴിയാണ്.