കുവൈത്തില്‍ നടന്നുവരുന്ന അന്താരാഷ്ട്ര ഖുര്‍ആന്‍ മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് രണ്ട് മലയാളി വിദ്യാര്‍ഥികള്‍. കോഴിക്കോട് ഓമന്ധശ്ശേരിയില്‍ നിന്നുള്ള അബ്ദുല്‍ ബാസിതും എളേറ്റില്‍ സ്വദേശി അബൂബക്കര്‍ മാളിയേക്കലും ആണ് മത്സരത്തില്‍ പങ്കെടുക്കാനായി കുവൈത്തില്‍ എത്തിയത്.
40 രാജ്യങ്ങളില്‍ നിന്നുള്ള 100 ലേറെ പാരായണ വിദഗ്ധരും ഹാഫിളുമാരും പങ്കെടുക്കുന്ന മത്സരത്തില്‍ അബൂബക്കര്‍ മനപാഠം വിഭാഗത്തിലും അബ്ദുല്‍ ബാസിത് പാരായണ വിഭാഗത്തിലും ആണ് പങ്കെടുത്തത്. കാരന്തൂര്‍ മര്‍ക്കസിലെ വിദ്യാര്‍ത്ഥികളാണ് ഇരുവരും. നേരത്തെ താന്‍സാനിയയില്‍ ഖുര്‍ആന്‍ മനപ്പാഠമത്സരത്തില്‍ പങ്കെടുത്തതിന്റെ പരിചയ സമ്പത്തുമായാണ് അബൂബക്കര്‍ കുവൈത്തിലെത്തിയത് .
അബ്ദുല്‍ ബാസിതിനു ഇത് കന്നിയൂഴം. കുവൈത്ത് അമീറിന്റെ അതിഥികള്‍ ആയി എത്തിയ ഇവര്‍ക്ക് സഹായങ്ങളുമായി ഔകാഫ് പ്രതിനിധി അബ്ദുല്ലയും മലയാളിയായ മുഹമ്മദ് സലീമും കൂടെയുണ്ട് . ഇരുവരുടെയും മത്സരങ്ങള്‍ ഇന്നലെ കഴിഞ്ഞു. പ്രാര്‍ഥനകളുമായി ഫല പ്രഖ്യാപനത്തിനായുള്ള കാത്തിരിപ്പിലാണിവര്‍.
ബുധനാഴ്ച അമീര്‍ ശൈഖ് സബാഹ് അല്‍ അഹമദ് അല്‍ സബാഹിന്റെ സാന്നിധ്യത്തിലാണ് ആറാമത് അന്താരാഷ്ട്ര ഖുര്‍ആന്‍ മത്സര ജേതാക്കളെ പ്രഖ്യാപിക്കുക. കുവൈത്ത് അമീറിന്റെ രക്ഷാ കര്‍തൃത്വത്തില്‍ നടക്കുന്ന അന്താരാഷ്ട്ര ഖുര്‍ആന്‍ മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുക്കാന്‍ കഴിഞ്ഞതിന്റെ അഭിമാനത്തില്‍ ആണ് ഈ കോഴിക്കോട് സ്വദേശികള്‍.