വാക്‌സിനെടുത്തിട്ടും പേവിഷ മരണം; വൈറസിന് വകഭേദം സംഭവിച്ചോയെന്ന് പരിശോധിക്കും

തിരുവനന്തപുരം. നായകടിയേറ്റ് വാക്‌സിന്‍ എടുത്ത ആറ് പേര്‍ മരിച്ച സംഭത്തില്‍ വൈറസ് വാക്‌സിനെ അതിജീവിക്കുന്ന വിധം വകഭേദം സംഭവിച്ചോയെന്ന് പരിശോധിക്കുന്നു. മരണപ്പെട്ടവരില്‍ നിന്നും ശേഖരിച്ച സാമ്പിളുകള്‍ ജനിതക പരിശോധനയ്ക്ക് പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലയക്കുവാന്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ചു. എന്നാല്‍ റാബിസ് വൈറസിന് ജനിതകമാറ്റം ഉണ്ടാകുവാനുള്ള സാധ്യതയില്ലെന്ന് വിദഗ്ധര്‍ പറയുന്നു.

വാക്‌സിനുകളുടെ ഫലപ്രാപ്തി നഷ്ടപ്പെടുത്തുന്ന തരത്തിലുള്ള ജനിതക വ്യതിയാനം റാബിസില്‍ അത്യപൂര്‍വമാണ്. അതേസമയം ചൈനയില്‍ ഇത്തരത്തില്‍ വാക്‌സിനുകളെ അതിജീവിക്കുന്ന തരത്തിലുള്ള വൈറസുകളെ കണ്ടെത്തിയിരുന്നു. ഇവയുടെ സാന്നിദ്ധ്യം കേരളത്തിലുണ്ടോയെന്നാണ് പരിശോധിക്കുന്നത്. വൈറസുകള്‍ക്ക് വകഭേദം സംഭവിച്ചിട്ടുണ്ടെങ്കില്‍ പുതിയ വൈറസുകള്‍ മാത്രമാണ് പരിഹാരം.

Loading...

അതേസമയം കേരളത്തില്‍ വിതരണം ചെയ്യുന്ന വാക്‌സിനുകള്‍ ഫലപ്രദമാണോയെന്ന ആശങ്കയും നിലവിലുണ്ട്. വാങ്ങുന്നത് നിലവാരമുള്ള വാക്‌സിനാണെന്ന് കേരള മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍ പറയുന്നു. എന്നാല്‍ ഇത് കൃത്യമായ ശീതീകരണ സംവിധാനത്തിലാണോ സൂക്ഷിക്കുന്നത് എന്ന ചോദ്യത്തിന് ഉത്തരമില്ല. ആന്റിറാബിസ് വാക്‌സിനും ഇമ്മ്യൂണോഗ്ലോബിനും കുത്തിവയ്ക്കുന്ന സമയത്ത് മാത്രമെ ശീതീകരണ സംവിധാനത്തില്‍ നിന്നും പുറത്തെടുക്കാവൂ. എന്നാല്‍ പലയിടങ്ങളിലും ഇങ്ങനെയല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.