വെള്ളം കുടിക്കാന്‍ മടി… വെളിച്ചം കാണുമ്പോള്‍ ഇരുട്ട് മുറിയിലേക്ക് ഓടിയൊളിക്കും… ബാധകയറിയെന്നു കരുതിയാണ് മന്ത്രവാദിയെക്കൊണ്ട് നൂല് ജപിച്ചു കെട്ടിച്ചത്… പേവിഷ ബാധയേറ്റ് എട്ടുവയസ്സുകാരന്‍ മരിച്ചതിങ്ങനെ

പേവിഷ ബാധയേറ്റത് അറിയാതെ ബന്ധുക്കള്‍ നൂല്‍ ജപിച്ചുകെട്ടിയ എട്ട് വയസ്സുകാരന് ദിവസങ്ങള്‍ക്കകം ദാരുണമായ മരണം. തിരുവനന്തപുരത്ത് വെഞ്ഞാറമ്മൂട്ടിലാണ് സംഭവം. വെമ്പായം സ്വദേശികളായ മണിക്കുട്ടന്‍-റീന ദമ്പതികളുടെ മകനായ അഭിഷേക് ആണ് മരിച്ചത്

ശരീരത്തില്‍ മുറിവുകളോ പാടുകളോ ഇല്ലാത്തതിനാല്‍ മരിക്കുന്നതിന് തൊട്ടുമുപ് മാത്രമാണ് കുട്ടിക്ക് പേവിഷ ബാധയേറ്റതായിരിക്കാമെന്ന സംശയമുണ്ടാണ്. ആദ്യമെത്തിച്ച ആശുപത്രിയില്‍ നിന്നും വിദഗ്ധ ചികിത്സ ലഭിക്കുന്നതിനായി മറ്റ് ആശുപത്രിയിലേക്ക് മാറ്റാന്‍ പറഞ്ഞെങ്കിലും വാഹന സൗകര്യം ലഭിക്കാത്തതിനാല്‍ ബന്ധുക്കള്‍ കുട്ടിയെ വീട്ടിലേക്ക് തിരികെ കൊണ്ടുപോയി.

Loading...

ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെയാണ് മാതാപിതാക്കളുടെ കണ്‍മുന്നില്‍ കുട്ടി അതി ദാരുണമായി മരണത്തിന് കീഴടങ്ങിയത്. വെമ്പായം തലയല്‍ എല്‍പി സ്‌കൂളിലെ നാലാം ക്ലാസ്സ്‌ വിദ്യാര്‍ത്ഥിയാണ് അഭിഷേക്.

ബുധനാഴ്ചയാണ് കുട്ടിയെ അവശനിലയില്‍ കണ്ടെത്തിയത്. മുറിവുകളോ മറ്റ് അടയാളങ്ങളോ ഒന്നും ശരീരത്തുണ്ടായിരുന്നില്ല. അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച കുട്ടിയുടെ രോഗ കാരണം മനസിലാകാത്തതിനാല്‍ കുട്ടിയ്ക്ക് സമീപത്തുള്ള ഒരാളില്‍ നിന്നും നൂല് ജപിച്ച് കെട്ടിയതായി ബന്ധുക്കള്‍ പറയുന്നു.

ഇതിനിടെ, രാത്രിയായതോടെ കുട്ടി പേവിഷബാധയുടെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങി. വെളിച്ചം കണ്ടാല്‍ ഭയക്കുകയും തുറിച്ച് നോക്കുകയും വിറയ്ക്കുകയും ചെയ്തു.

നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ച കുട്ടിയ്ക്ക് പനിക്കുള്ള മരുന്നാണ് ആദ്യം നല്‍കിയത്. വ്യാഴാഴ്ചയോടെ രോഗം മൂര്‍ച്ചപ്പോള്‍ കുട്ടിയെ കന്യാകുളങ്ങര സിഎച്ച്‌സിയില്‍ എത്തിച്ചു. അവിടെയുള്ള ഡോക്ടറാണ് പേവിഷ ബാധയുടെ സംശയം പ്രകടിച്ചത്.

എസ്എടി ആശുപത്രിയില്‍ എത്തിക്കാന്‍ നിര്‍ദ്ദേശിച്ചെങ്കിലും വാഹന സൗകര്യം ലഭ്യമാകാതിരുന്നതിനെ തുടര്‍ന്ന് വീട്ടിലേക്ക് തിരികെ കൊണ്ടുവന്നു.

പ്രദേശവാസികള്‍ പലരും നായ്ക്കളെ വളര്‍ത്തുന്നുണ്ട്. മരിച്ച കുട്ടിയുടെ വീട്ടിലെ നായ ഒരുമാസം മുമ്പ് കാരണങ്ങളൊന്നുമില്ലാതെ ചത്തിരുന്നു. കഴിഞ്ഞ ദിവസം പേവിഷ ബാധയേറ്റ അയല്‍വക്കത്തെ വീട്ടിലെ നായയെ നാട്ടുകാര്‍ തല്ലിക്കൊല്ലുകയും ചെയ്തു.

മരിച്ച കുട്ടിയ്ക്ക് രണ്ട് മാസം മുമ്പെങ്കിലും വിഷബാധയേറ്റുവെന്നാണ് കരുതുന്നത്. നായയുടെ ഉമിനീരില്‍ നിന്നാകാം ബാധയേറ്റതും അധികൃതര്‍ പറയുന്നു. സംഭവത്തെ തുടര്‍ന്ന് പ്രദേശത്തെ ആളുകള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നല്‍കി.