കൊവിഡ് വാക്‌സിന് പകരം പേവിഷ ബാധയ്ക്കുള്ള വാക്‌സിന്‍ നല്‍കി; തെറ്റായ വരിയില്‍ നിന്നെന്ന് വിശദീകരണം

ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന് പകരം പേവിഷ ബാധയ്ക്കുള്ള വാക്‌സിന്‍ കുത്തിവെച്ച് ഗുരുതര വീഴ്ച. ദില്ലി ശാമലി മേഖലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. പൊതുജനാരോഗ്യ കേന്ദ്രത്തില്‍ വാക്‌സിനെടുക്കാന്‍ എത്തിയ സ്ത്രീകള്‍ക്കാണ് ഈ ദുരവസ്ഥ ഉണ്ടായത്. അറുപത് വയസ്സിന് മുകളില്‍ പ്രായമുള്ള മൂന്ന് സ്ത്രീകള്‍ക്കാണ് ഈ അവസ്ഥ ഉണ്ടായത്. കുത്തിവെപ്പ് എടുത്ത മൂന്നു പേരില്‍ ഒരാള്‍ പാര്‍ശ്വഫലങ്ങള്‍ നേരിട്ടതോടെയാണ് ആശുപത്രിയില്‍ എത്തിയത്. ഇതോടെയായിരുന്നു സംഭവം പുറത്തായത്.ക്സിന്‍ സ്വീകരിച്ചതിന്റെ കുറിപ്പ് ഡോക്ടര്‍ പരിശോധിച്ചതോടെ കൊവിഡ് വാക്സിനു പകരം റാബിസ് വാക്സിന്‍ കുത്തിവയ്ച്ചതായി തിരിച്ചറിയുകയായിരുന്നു.

തെറ്റായ വരിയില്‍ നില്‍ക്കുകയും കുത്തിവയ്പ്പെടുക്കാന്‍ സ്വയം ആവശ്യപ്പെടുകയും ചെയ്തതാണ് പിഴവിന് കാരണമായതെന്നാണ് ആദ്യം പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് ഫാര്‍മസിസ്റ്റിന് വന്ന പിഴവായിരിക്കാമെന്നും തെറ്റായ വരിയില്‍ നിന്നെങ്കിലും റാബിസ് വാക്സിന്‍ നല്‍കാനുളള തീരുമാനത്തില്‍ അവര്‍ എങ്ങനെ എത്തിയെന്നും ജില്ലാ മജിസ്ട്രേറ്റ് ജസ്പ്രീത് കൗര്‍ ചോദിച്ചു.സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിനോടും അഡീഷണല്‍ ചീഫ് മെഡിക്കല്‍ ഓഫീസറോടും ജില്ലാ മജിസ്ട്രേറ്റ് ആവശ്യപ്പെട്ടു. കുറ്റം ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരായി നടപടിയുണ്ടാകുമെന്നും കൗര്‍ പറഞ്ഞു. റാബിസ് വാക്സിന്‍ സ്ത്രീകളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചിട്ടില്ലെന്നും ഇവരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും ചീഫ് മെഡിക്കല്‍ ഓഫീസര്‍ സജ്ഞയ് അഗര്‍വാള്‍ വ്യക്തമാക്കി.

Loading...