‘വഴുതനയുടെ ടീസര്‍ കണ്ട് മോഹന്‍ലാല്‍ വിളിച്ച് അങ്ങനെ പറഞ്ഞു’; രചന നാരായണന്‍കുട്ടി പറയുന്നു

രചന നാരായണന്‍കുട്ടി പ്രധാന വേഷത്തില്‍ എത്തിയ വഴുതന എന്ന ഹ്രസ്വചിത്രം വൈറലായി കഴിഞ്ഞു. അലക്‌സ് സംവിധാനം ചെയ്ത വഴുതനയുടെ ടീസറും വലിയ ചര്‍ച്ചയായിരുന്നു. പിന്നാലെ പുറത്തെത്തിയ 12 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രവും പ്രേക്ഷകര്‍ ഏറ്റെടുത്തു. ചിത്രത്തെക്കുറിച്ച് ലഭിച്ച പ്രതികരണങ്ങളില്‍ സന്തുഷ്ടയാണെന്ന് വ്യക്തമാക്കി രചന നാരായണന്‍കുട്ടി രംഗത്തെത്തിയിരിക്കുകയാണ്.

ശ്യാം വര്‍ക്കലയാണ് ഇതിന്റെ സ്‌ക്രിപ്റ്റ്. ചിത്രത്തിന്റെ സ്‌ക്രിപ്റ്റാണ് തന്നെ വഴുതനയിലേക്ക് ആകര്‍ഷിച്ചത് എന്നാണ് രചന പറയുന്നത്. ചിത്രം ഒരു ഐ ഓപ്പണറായിരിക്കുമെന്നും താരം കൂട്ടിച്ചേര്‍ത്തു. ‘നമ്മുടെ എല്ലാവരുടെയും ഉള്ളിലും ഒരു രണ്ടാം മുഖമുണ്ട്. ദ്വയാര്‍ഥപരമായ രീതിയിലുള്ള ചിന്തകളുണ്ട്. എന്തു സംഭവം കണ്ടാലും അതിന്റെ നെഗറ്റീവ് വശങ്ങളെക്കുറിച്ചാണ് ആദ്യം ചിന്തിക്കുക. ആരുടെയെങ്കിലും മുഖത്തടിച്ച പോലെ ഒരു അനുഭവം ഈ ചിത്രം കാണുമ്പോള്‍ തോന്നും. ഒരു ദിവസം കൊണ്ടാണ് ചിത്രീകരിച്ചത്. ‘ രചന പറഞ്ഞു.

ടീസര്‍ കണ്ട് മോഹന്‍ലാല്‍ വിളിച്ചെന്നും ചിത്രം കാണുമെന്ന് ഉറപ്പു പറഞ്ഞെന്നും രചന കൂട്ടിച്ചേര്‍ത്തു. ‘ടിനിച്ചേട്ടനാണ് ആദ്യം വിളിച്ചത്. എന്നിട്ട് ഫോണ്‍ ലാലേട്ടനു കൊടുക്കുകയാണുണ്ടായത്. ചിത്രം എന്തായാലും കാണുന്നുണ്ട് എന്നു പറഞ്ഞു.’