പെണ്‍വാണിഭ സംഘത്തില്‍ അകപ്പെട്ട  21കാരിയായ വിദേശ വനിതയെ പോലിസ് ഹോട്ടലില്‍ നിന്ന് രക്ഷപ്പെടുത്തി; യുവതിയെ ഹോട്ടലില്‍ എത്തിച്ച ആള്‍ പിടിയില്‍

 

ഹോട്ടല്‍ കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പോലീസ് നടത്തിയ റെയ്ഡില്‍ വിദേശിയായ യുവതിയെ രക്ഷപ്പെടുത്തി. ഹൈദരാബാദിലെ ബഞ്ചാര ഹില്‍സ് പോലീസാണ് ശനിയാഴ്ച രാത്രി നടത്തിയ റെയ്ഡില്‍ യുവതിയെ പെണ്‍വാണിഭ സംഘത്തില്‍ നിന്നും രക്ഷപ്പെടുത്തിയത്. ഉസ്ബക്കിസ്ഥാന്‍ സ്വദേശിയായ 21വയസുകാരിയെയാണ് പോലീസ് പെണ്‍വാണിഭ സംഘത്തിന്റെ കൈയ്യില്‍ നിന്നും രക്ഷപ്പെടുത്തിയത്.

പെണ്‍വാണിഭത്തിന്റെ ഭാഗമായി സംഘം പെണ്‍കുട്ടിയെ ഹോട്ടലിലുള്ള മറ്റൊരാളുടെ അരികിലേക്ക് പറഞ്ഞ് വിടുകയായിരുന്നു. ഈ സമയം ഹോട്ടലില്‍ റെയ്ഡ് നടത്തി പെണ്‍കുട്ടിയെ പോലീസ് രക്ഷപ്പെടുത്തി. യുവതിയെ ഹോട്ടലില്‍ എത്തിച്ച രാജേഷ് കുമാര്‍ എന്നയാളെയും പോലീസ് അറസ്റ്റ് ചെയ്തു.

അതേസമയം പെണ്‍വാണിഭ സംഘത്തിന്റെ നടത്തിപ്പുകാരനായിരുന്ന സായ് എന്ന ശര്‍മ ഒളിവിലാണ്. സംഭവത്തില്‍ ഇയാള്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. രക്ഷപ്പെടുത്തിയ യുവതിയെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റി. നടത്തിപ്പുകാരനായുള്ള തെരച്ചിലിലാണ് ഇപ്പോള്‍ പോലീസ് സംഘം.