പിന്നിലൂടെ ടാങ്കര്‍ ലോറി വരുന്നതറിഞ്ഞില്ല , ബധിരയും മൂകയുമായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

പോത്തന്‍കോട് ; മില്‍മയുടെ ടാങ്കര്‍ ലോറി തലയിലൂടെ കയറിയിറങ്ങി മൂകയും ബധിരയുമായ വീട്ടമ്മ മരിച്ചു. ഇന്നലെ രാവിലെ 11.15 ന് പാല്‍ നിറച്ചു വരികയായിരുന്ന ലോറി അണ്ടൂര്‍ക്കോണം റോഡില്‍ നിന്നു പോത്തന്‍കോട് ജംക്ഷനില്‍ വണ്‍വേയിലേക്കു പ്രവേശിക്കുന്നിടത്തായിരുന്നു അപകടം. കോലിയക്കോട് കെ.കെ പാറ ജംക്ഷന്‍ കൊക്കോട്ടുകോണം വീട്ടില്‍ രാധ (66) യാണ് മരിച്ചത്.

സമീപമുള്ള കടയില്‍ പ്ലൈവുഡിന്റെ വില തിരക്കിയ ശേഷം മടങ്ങി വരാമെന്നു പറഞ്ഞ് റോഡിലേക്കിറങ്ങിയതായിരുന്നു രാധ. ട്രാന്‍സ്‌ഫോമറിന്റെ കമ്പിവേലിക്കു മുന്നിലെത്തിയപ്പോള്‍ പിന്നില്‍ വരികയായിരുന്ന ലോറി തട്ടി റോഡിലേക്കു വീണ രാധയുടെ തലയുടെ ഒരു വശത്തുകൂടി മുന്‍ വശത്തെ ടയര്‍ കയറിയിറങ്ങുകയായിരുന്നു.

Loading...

ഇടുങ്ങിയ റോഡിലേക്ക് അല്‍പം തള്ളി നില്‍ക്കുന്ന ട്രാന്‍സ്‌ഫോമറിന്റെ സുരക്ഷാ കമ്പിവേലിയാണ് മൂകയും ബധിരയുമായ കോലിയക്കോട് സ്വദേശിനി രാധയുടെ അപകട മരണത്തിനു വഴിയൊരുക്കിയത്. കമ്പിവേലിയോട് ചേര്‍ന്നാണ് നടന്നതെങ്കിലും കേള്‍വി ശക്തി ഇല്ലാത്തതിനാല്‍ പിന്നില്‍ ടാങ്കര്‍ ലോറി വരുന്നത് രാധ അറിഞ്ഞതുമില്ല.വിവരമറിഞ്ഞ് പോത്തന്‍കോട് പൊലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. മൃതദേഹം മെഡിക്കല്‍കോളജ് മോര്‍ച്ചറിയിലേക്കു മാറ്റി. മക്കള്‍ സന്ധ്യ, സരിത.

മാതൃകാ സുരക്ഷാ ഇടനാഴിക്കായി കെ എസ്ടിപി വക നടപ്പാത വന്നതോടെ ഈ ഭാഗം കൂടുതല്‍ ഇടുങ്ങി. എപ്പോഴും തിരക്കേറിയ ജംക്ഷനില്‍ പാര്‍ക്കിങ് കൂടിയാകുമ്‌ബോള്‍ തൊട്ടു തൊട്ടില്ലെന്ന മട്ടിലാണ് വാഹനങ്ങള്‍ പോകുന്നത്. ട്രാന്‍സ്‌ഫോമര്‍ മാറ്റണമെന്ന നിര്‍ദേശങ്ങള്‍ ഉണ്ടായെങ്കിലും മറ്റൊരു സ്ഥലം ലഭിക്കാത്തതിനാല്‍ നടപടികളുണ്ടായില്ല.